ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്: നേട്ടമുണ്ടാക്കി പ്രതിപക്ഷം

ന്യൂഡൽഹി
: ആർഎസ്‌എസിന്റെയും ബിജെപിയുടെയും ഉരുക്കുമുഷ്ടികളിൽനിന്നും ജനാധിപത്യത്തെയും ഭരണഘടനയെയും മോചിപ്പിക്കാനുള്ള ആശയപോരാട്ടമായി ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനെ മാറ്റിയതിലൂടെ തോൽവിയിലും നേട്ടമുണ്ടാക്കി പ്രതിപക്ഷം. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ സ്ഥാനാർഥിനിർണയം, പ്രചാരണം, വോട്ടെടുപ്പ് ഉൾപ്പടെയുള്ള നടപടികളിൽ പ്രതിപക്ഷത്തെ എല്ലാ കക്ഷികളും ഒറ്റക്കെട്ടായി നിന്നു. ഭൂരിപക്ഷം ഭരണപക്ഷത്തിനായതിനാൽ എൻഡിഎ സ്ഥാനാർഥി ജയിക്കുമെന്ന് ഉറപ്പുണ്ടായിട്ടും ‘ഇൗസി വാക്കോവർ’ അനുവദിക്കില്ലെന്ന് പ്രതിപക്ഷം തീരുമാനിച്ചു.
എൻഡിഎ സ്ഥാനാർഥി സി പി രാധാകൃഷ്‌ണനെതിരെ ഭരണഘടനയുടെ കാവലാളായിരുന്ന സുപ്രീംകോടതി മുൻ ജഡ്‌ജി ബി സുദർശൻ റെഡ്ഡിയെന്ന കരുത്തനായ സ്ഥാനാർഥിയെ മത്സരിപ്പിച്ചു.
സുദർശൻ റെഡ്ഡി ഇന്ത്യ കൂട്ടായ്‌മയുടെ മാത്രം ഉപരാഷ്ട്രപതി സ്ഥാനാർഥിയല്ലെന്നും മുഴുവൻ പ്രതിപക്ഷത്തിന്റെയുമാണെന്നും പ്രഖ്യാപിച്ചു. ഇന്ത്യയെന്ന ആശയത്തെ സംരക്ഷിക്കാനാണ് തങ്ങളുടെ പോരാട്ടമെന്നും പ്രതിപക്ഷം രാജ്യത്തെ ബോധ്യപ്പെടുത്തി. എൻഡിഎ ഘടകകക്ഷികളുടെ വോട്ടുകൾ ഉറപ്പാക്കാൻ ബിജെപി കടുത്ത സമ്മർദതന്ത്രം പ്രയോഗിച്ചു. എൻഡിഎ ഘടകകക്ഷിയായ ടിഡിപിയിൽ പോലും സുദർശൻ റെഡ്ഡിക്ക് അനുകൂലമായ വികാരമുണ്ടായി.
എന്നാൽ, ബിജെപിയെ പേടിച്ചും സമ്മർദങ്ങൾക്ക് വഴങ്ങിയും അവർ രാധാകൃഷ്‌ണനെ പിന്തുണച്ചു.
രാഷ്ട്രീയനേട്ടങ്ങൾക്കായാണ് വൈഎസ്‌ആർസിപി എൻഡിഎ സ്ഥാനാർഥിക്ക് വോട്ടുചെയ്‌തത്. പല കേസുകളിൽ കുടുങ്ങിയ വൈഎസ്‌ആർസിപി നേതാവ് ജഗൻമോഹൻ റെഡ്ഡിക്ക് വേറെ വഴിയില്ലായിരുന്നു.
പലകാരണങ്ങൾ പറഞ്ഞ് വോട്ടെടുപ്പിൽനിന്ന് വിട്ടുനിൽക്കാനുള്ള ബിജെഡി, ബിആർഎസ്, ശിരോമണി അകാലിദൾ പാർടികളുടെ തീരുമാനത്തിൽ പ്രതിഫലിച്ചതും ബിജെപിയോടും കേന്ദ്രസർക്കാരിനോടുമുള്ള ഭയമാണ്.









0 comments