കാണാതായവർ എവിടെ ; പ്രളയദുരന്തം നടന്നിട്ട് ഒരാഴ്‌ച , അനങ്ങാപ്പാറ നയവുമായി ഉത്തരാഖണ്ഡിലെ 
 ബിജെപി സർക്കാർ

Uttarakhand Cloudburst
വെബ് ഡെസ്ക്

Published on Aug 11, 2025, 02:35 AM | 1 min read


ന്യൂഡൽഹി

ഒരു ഗ്രാമവും നിരവധി ജീവനുകളും തകർത്തെറിഞ്ഞ പ്രളയദുരന്തത്തിന് ഒരാഴ്‌ച പിന്നിടുമ്പോഴും അനങ്ങാപ്പാറ നയവുമായി ഉത്തരാഖണ്ഡിലെ ബിജെപി സർക്കാർ. ധരാലിയിൽ മണ്ണടിഞ്ഞ് നഷ്ടമായ മനുഷ്യരെ കണ്ടെത്താനോ അതിജീവിച്ചവർക്ക്‌ സഹായമെത്തിക്കാനോ സർക്കാർ കാര്യമായി ഇടപെടുന്നില്ലെന്ന വിമർശം ശക്തമായി. എത്രപേരെ ഇനി കണ്ടെത്താനുണ്ടെന്ന്‌ സർക്കാരിന്‌ അറിയില്ല. ആറുപേർ മരിച്ചെന്നും 50 പേരെ കണ്ടെത്താനുണ്ടെന്നുമാണ്‌ ആദ്യ ഘട്ടത്തിൽ സൈന്യം പറഞ്ഞത്‌. ഇതിൽ ഒമ്പതുപേർ സൈനികരാണ്‌. എന്നാൽ, ഇരട്ടിയലധികംപേരെ കാണാതായെന്നാണ്‌ പ്രദേശവാസികൾ പറയുന്നത്‌. രക്ഷാപ്രവർത്തനത്തിനിടെ 11 പ്രദേശവാസികളെ കാണാതായതായും അവരെ കണ്ടെത്തണമെന്നും പ്രദേശവാസിയായ ലാൽ ബാബു ശർമ മാധ്യമങ്ങളോട്‌ പറഞ്ഞു.


കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ മണ്ണിനടിയിൽനിന്ന്‌ ഒരാളെയും കണ്ടെത്താൻ രക്ഷാപ്രവർത്തകർക്കായില്ല. 20 അടിയോളം ഉയരത്തിൽ മണ്ണ്‌ മൂടിയെന്നും രക്ഷാപ്രവർത്തനത്തിന്‌ കൂടുതൽ ഉപകരണങ്ങൾ വേണമെന്നും സൈന്യം ആവശ്യപ്പെട്ടിട്ട്‌ ദിവസങ്ങളായി. നിലവിൽ കഡാവർ നായകളും ഡ്രോണുകളും ഉപയോഗിച്ചുള്ള തിരച്ചിൽ മാത്രമാണ്‌ നടക്കുന്നത്‌. വിനോദ സഞ്ചാര മേഖലകളിൽ കുടുങ്ങി കിടന്നവരെ സുരക്ഷിത സ്ഥാനങ്ങളിൽ എത്തിക്കുന്നതിലാണ്‌ സർക്കാർ ശ്രദ്ധചെലുത്തിയിട്ടുള്ളത്‌.


​ രക്ഷാപ്രവർത്തനത്തിലും ദുരിതാശ്വാസത്തിലും സർക്കാർ കാട്ടുന്ന അനാസ്ഥയിൽ പ്രതിഷേധിച്ച്‌ 5000 രൂപയുടെ ധനസഹായം ധരാലിയിൽ അപകടത്തെ അതിജീവിച്ചവർ നിരസിച്ചു. സർവതും നഷ്ടപ്പെട്ട ജനതയെ പരിഹസിക്കുന്നതാണ്‌ സർക്കാർ നിലപാടെന്ന്‌ പ്രദേശവാസികൾ പറഞ്ഞു. മണ്ണിനടിയിലുള്ള തങ്ങളുടെ ഉറ്റവരെ കണ്ടെത്താൻ സർക്കാർ ശ്രമിക്കുന്നില്ലെന്നും അവർ രൂക്ഷവിമർശമുയർത്തി.


​10 വർഷം, മരണം 705

കഴിഞ്ഞ 10 വർഷത്തിനിടയിൽ പ്രളയത്തിലും ഉരുൾപൊട്ടൽ ദുരന്തത്തിലും ഉത്തരാഖണ്ഡിൽ 705 പേർ മരിച്ചെന്ന്‌ റിപ്പോർട്ട്‌. മിന്നൽപ്രളയത്തിൽ 389 പേരും ഉരുൾപൊട്ടലിൽ 316 പേരുമാണ്‌ മരിച്ചത്‌. തീവ്രമഴ, ഹിമാനികളുടെ സ്ഥാനചലനം അല്ലെങ്കിൽ മേഘവിസ്ഫോടനം തുടങ്ങിയവയാണ്‌ ഉത്തരാഖണ്ഡിൽ പ്രധാനമായും മിന്നൽപ്രളയത്തിന്‌ കാരണം. പലപ്പോഴും കാലാവസ്ഥ പ്രവചനത്തിലെ പാളിച്ചകൾ ദുരന്തത്തിന്റെ വ്യാപ്‌തി വർധിപ്പിക്കും.



deshabhimani section

Related News

View More
0 comments
Sort by

Home