ധരാലി ദുരന്തം മേഘവിസ്‌ഫോടനമല്ല ; ഹിമാനികളിലെ ജലാശയം പൊട്ടി’
മിന്നൽപ്രളയം ; മണ്ണടിഞ്ഞ് ധരാലി , നൂറിലേറെപ്പേർ മണ്ണിനടിയിലെന്ന് ആശങ്ക

ഉത്തരാഖണ്ഡിലെ ധരാലിയിൽ രക്ഷാപ്രവർത്തനം നടത്തുന്ന ദേശീയ ദുരന്തനിവാരണ സേന
ന്യൂഡൽഹി
ഉത്തരാഖണ്ഡിലെ മിന്നൽപ്രളയത്തിൽ രക്ഷാപ്രവര്‍ത്തനം ദുഷ്‍കരം. റോഡും പാലങ്ങളും ഒന്നാകെ തകർന്നതിനാൽ ധരാലി ഗ്രാമത്തിൽ രക്ഷാപ്രവർത്തനം പൂർണതോതിൽ തുടങ്ങാനായില്ല. രണ്ടു മൃതദേഹമാണ് പുറത്തെടുക്കാൻ കഴിഞ്ഞത്. മണ്ണിനടിയിലായ ഗ്രാമത്തിലേക്ക് വലിയ ക്രെയ്‌നും മറ്റ് ഉപകരണങ്ങളും എത്തിക്കാനായില്ല. നൂറിലേറെപേർ മണ്ണിനടിയിലാണെന്നും ദുരന്തത്തിന്റെ വ്യാപ്‌തി ഭീകരമാണെന്നും പ്രദേശവാസികൾ പറഞ്ഞു.
ഇതുവരെ 190പേരെ രക്ഷപ്പെടുത്തിയെന്ന് പ്രദേശം സന്ദര്‍ശിച്ച മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി പ്രതികരിച്ചു. അഞ്ച് മരണം സ്ഥിരീകരിച്ചു. ബുധൻ പകൽ പെയ്‌ത കനത്തമഴ രക്ഷാപ്രവർത്തനത്തെ ബാധിച്ചു. ഹരിദ്വാറിൽ ഗംഗ അപകടനിലയിലെത്തി. പ്രദേശവാസികൾക്കു പുറമേ മറ്റ് സംസ്ഥാനക്കാരും അപകടത്തിൽപ്പെട്ടതായാണ് വിവരം. ധരാലിയിൽ കുടുങ്ങിയ 13 സൈനികരെ രക്ഷിച്ച് ഐടിബിപി ക്യാമ്പിൽ എത്തിച്ചു.
‘ധരാലി ദുരന്തം മേഘവിസ്‌ഫോടനമല്ല ; ഹിമാനികളിലെ ജലാശയം പൊട്ടി’
ഉത്തരാഖണ്ഡിലെ ധരാലിയിലെ മിന്നൽ പ്രളയത്തിന് ഇടയാക്കിയത് മേഘവിസ്‍ഫോടനമല്ലെന്ന് വിദഗ്‌ധർ. ധരാലിക്ക് വടക്കായി ഹിമാലയ പർവതനിരകളിലെ ഹിമാനികൾക്കിടയിൽ രൂപപ്പെടുന്ന ജലാശയങ്ങൾ പൊട്ടിയൊലിച്ചതിനെ തുടർന്നാണ് ദുരന്തമെന്ന് ഡൂൺ സർവകലാശാലയിലെ ഭൂമിശാസ്ത്ര അധ്യാപകനായ ഡോ. ഡി ഡി ചൗനിയൽ മാധ്യമങ്ങളോട് പറഞ്ഞു.
ഹിമാലയ പർവതങ്ങളിൽ നിലവിൽ മഞ്ഞുരുകുന്ന ഘട്ടമാണ്. ഇതോടൊപ്പം കനത്ത മഴയും കൂടിയായതോടെ ഹിമാനി ജലാശയങ്ങൾ പലതും നിറഞ്ഞ നിലയിലാണ്. ഇതിൽ ഏതെങ്കിലുമൊരു ജലാശയം വെള്ളം നിറഞ്ഞ് പൊട്ടി മറ്റ് ജലാശയങ്ങളെ കൂടി തകർത്ത് വലിയ ജലപ്രവാഹത്തിന് വഴിയൊരുക്കിയതാകാം. ഹിമാനികളിൽ നിന്ന് ഒഴുകിയെത്തുന്ന ഖീർഗംഗ നദി ഭാഗീരഥി നദിയുമായി ചേരുന്നയിടത്താണ് ധരാലി ഗ്രാമം. ഖീർഗംഗ നദിയിലൂടെയാണ് മിന്നൽ ജലപ്രവാഹമുണ്ടായത്. വലിയ അളവിൽ വെള്ളവും മണ്ണും അവശിഷ്ടങ്ങളും വേഗത്തിൽ കുത്തിയൊലിച്ചെത്തി. ഹോട്ടലുകളും വീടുകളും മറ്റ് നിർമാണങ്ങളും കടകളുമെല്ലാം സെക്കൻഡുകൾക്കുള്ളിൽ ജലപ്രവാഹത്തിൽ തകർന്നടിഞ്ഞു.
ഖീർഗംഗ നദിയുടെ ഇരുകരകളിലും നിർമാണങ്ങളുണ്ട്. തീർത്തും അശാസ്‌ത്രീയമായി പുതിയതായി നിർമിച്ച ഹോട്ടലുകളും മറ്റും സ്ഥിതിചെയ്യുന്ന വലതുഭാഗത്താണ് നാശനഷ്‍ടമുണ്ടായത്. ഇടതുഭാഗത്താണ് പഴയ ധരാലി ഗ്രാമം. പ്രകൃതിക്ഷോഭ സാധ്യതകൾ കണക്കിലെടുക്കാതെയുള്ള നിർമാണങ്ങൾ തന്നെയാണ് വലിയ ദുരന്തത്തിന് കാരണമായത് –ഡോ. ചൗനിയൽ പറഞ്ഞു.
വലിയ മഴ പെയ്‍തിട്ടില്ല
ധരാലി ദുരന്തത്തോടെ ഉത്തരാഖണ്ഡ്, ഹിമാചൽ തുടങ്ങിയ ഹിമാലയൻ സംസ്ഥാനങ്ങളിലെ അശാസ്ത്രീയ നിർമാണങ്ങൾ വീണ്ടും ചർച്ചയാവുകയാണ്. ടൂറിസവും തീർത്ഥാടന ടൂറിസവുമെല്ലാം ഇരുസംസ്ഥാനങ്ങളിലും വലിയ തോതിലുള്ള നിർമാണപ്രവർത്തനങ്ങൾക്ക് കാരണമായി. ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ പർവതനിരകളിലൊന്നായ ഹിമാലയം തീർത്തും പരിസ്ഥിതി ദുർബലവുമാണ്.
ധരാലിയിൽ ദുരന്തത്തിന് മുമ്പ് വലിയ മഴ പെയ്‌തിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. ചെറിയൊരു പ്രദേശത്ത് മണിക്കൂറിൽ 100 എംഎം മഴ പെയ്‌താലാണ് മേഘവിസ്‌ഫോടന സാധ്യത. എന്നാൽ ധരാലിയിലും സമീപ പ്രദേശങ്ങളിലും ദുരന്തത്തിന് മുമ്പുള്ള 24 മണിക്കൂർ കാലയളവിൽ ഒമ്പത് എംഎം മുതൽ പതിനൊന്ന് എംഎം വരെ മഴ മാത്രമാണ് ലഭിച്ചത്. ഈ കണക്കുകളും മേഘവിസ്‌ഫോടന സാധ്യതകളെ തള്ളുന്നതാണ്. 2013 ലെ കേദാർനാഥ് ദുരന്തത്തിന് കാരണമായതും ഹിമാനികളിലെ ജലാശയങ്ങളുടെ തകർച്ചയായിരുന്നു.
മലയാളികൾ സുരക്ഷിതർ
മുംബൈയിൽ നിന്നുള്ള 20 പേരടക്കം ദുരന്തത്തിൽപ്പെട്ട 28 മലയാളികളും സുരക്ഷിതർ. ഹരിദ്വാറിൽനിന്ന് പുറപ്പെട്ട ഇവരെ ബുധനാഴ്ച ഗംഗോത്രിക്ക് സമീപം കണ്ടെത്തി. സ്ത്രീകൾ ഉൾപ്പെടെയുള്ള സംഘത്തെ ഐടിബിപി ക്യാമ്പിലേക്ക് മാറ്റി.
ചൊവ്വാഴ്ച മുതൽ ഇവരെ ബന്ധപ്പെടാൻ കഴിയാത്തത് ആശങ്കയായിരുന്നു. 51 മഹാരാഷ്ട്രക്കാരും സുരക്ഷിതരാണ്. കൂടുതൽ മലയാളികളുണ്ടെന്ന് നിലവിൽ വിവരമില്ലെന്ന് സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസ് പറഞ്ഞു.
ടോൾഫ്രീ നമ്പർ: 01374222126, 01374222722, 9456556431









0 comments