60 അടി ഉയരത്തിൽ മൺകൂന
ഉറ്റവരെത്തേടി ധരാലിയില്‍ പരക്കംപാച്ചില്‍ ; കാണാതായവരുടെ കണക്കില്ല

ഉത്തരകാശിയിലെ ധരാലിയിൽ മിന്നൽ പ്രളയത്തിൽ കെട്ടിടങ്ങള്‍ക്കുമേൽ മണ്ണ് വന്നടിഞ്ഞപ്പോള്‍
ന്യൂഡൽഹി
മിന്നൽപ്രളയത്തിൽ മൺകൂനയായി ധരാലി. അറുപതോളം വീടുകള്‍ കാണാനില്ല. അതിലുമേറെപേര്‍ മണ്ണിനടിയിലുണ്ടെന്നാണ് പ്രാഥമിക നിഗമനം. 60 അടി ഉയരത്തിലാണ് മണ്‍കൂന. പലയിടത്തും ചെളിയും പാറക്കഷണങ്ങളും അടിഞ്ഞുകൂടി. കൂടുതൽ സന്നാഹങ്ങൾ എത്തിയാലേ മണ്ണിനടിയിൽ നിന്നും കുടുങ്ങി കിടക്കുന്നവരുടെ ശരീരം പുറത്തെത്തിക്കാനാകു. മൂന്നുദിവസത്തെ തിരച്ചിലില്‍ അഞ്ച് മൃതദേഹങ്ങൾ മാത്രമാണ് കിട്ടിയത്. റഡാർ സംവിധാനമുപയോഗിച്ചും കഡാവർ നായകളെ എത്തിച്ചും തിരഞ്ഞങ്കിലും ഫലമില്ല. ഉറ്റവരെ കാണാതായവരുടെ വിലാപം ധരാലിയിലെങ്ങും മുഴങ്ങുന്നു.
പ്രദേശത്ത് ഉണ്ടായിരുന്നവരുടെയും കാണാതായവരുടെയും കൃത്യമായ കണക്ക് ഉത്തരാഖണ്ഡ് സർക്കാരിനില്ല. മേഖലയില്‍25ലേറെ ഹോട്ടലും ഹോംസ്റ്റേകളും ഒലിച്ചുപോയി. ധരാലിയിൽ മാത്രം എട്ട് സൈനിക ഉദ്യോഗസ്ഥരെയും 50 ഗ്രാമവാസികളെയും കാണാതായെന്ന് ദേശീയ ദുരന്തനിവാരണ സേന സ്ഥിരീകരിച്ചു. ഗംഗോത്രി മേഖലയിൽ ബിഹാറിൽനിന്നും നേപ്പാളിൽനിന്നുമെത്തിയ നാൽപ്പതോളം പേരെ കണ്ടെത്താനായിട്ടില്ല. ഇവിടെ കുടുങ്ങിയ 200 വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി.
ധരാലിയിലും ഹർസിലിനടുത്തുള്ള ബർട്വാരി, ലിഞ്ചിഗഡ്, ഗംഗ്രാനി എന്നിവിടങ്ങളിലും റോഡുകൾ തകർന്നത് രക്ഷാപ്രവർത്തനം ദുഷ്കരമാക്കി. ഹർസിലിൽനിന്ന് രക്ഷപ്പെടുത്തിയവരെ ആകാശമാര്‍ഗമാണ് ഉത്തരകാശിയിലും മാത്‌ലിയിലും എത്തിച്ചത്.
കാലാവസ്ഥാ മുന്നറിയിപ്പുകൾ പാളിയതും പ്രദേശത്തെ പാരിസ്ഥിതിക സാഹചര്യവുമാണ് ദുരന്തത്തിന്റെ കാഠിന്യം വർധിപ്പിച്ചത്.
കാണാതായവരുടെ കണക്കില്ല
ഉത്തരകാശി ജില്ലയിൽ മിന്നൽപ്രളയമുണ്ടായി നാലുദിവസത്തിനുശേഷവും കാണാതായവരുടെ കൃത്യമായ കണക്കുകളില്ലാതെ ഉത്തരാഖണ്ഡിലെ ബിജെപി സർക്കാർ. മണ്ണിനടിയിൽ ജീവനോടെയോ അല്ലാതെയൊ എത്രപേർ ഉണ്ടെന്നറിയാതെ പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നിലവിൽ രക്ഷാപ്രവർത്തനം തുടരുന്നത്.
ധരാലിയിൽ അപകടത്തിൽപ്പെട്ടവരിൽ എത്ര കുടുംബങ്ങൾ, സ്ത്രീകൾ, കുട്ടികൾ എന്നൊന്നും വ്യക്തമാക്കിയിട്ടില്ല. കാണാതായ സൈനികരുടെ എണ്ണത്തിലും അവ്യക്തതയുണ്ട്.
എത്ര ഹോട്ടലും ഹോംസ്റ്റേയും ഒലിച്ചുപോലി. ഇവിടെ എത്രപേർ താമസിച്ചിരുന്നു എന്നതിലൊന്നും ഔദ്യോഗിക സ്ഥിരീകരണമില്ല. 40 മുറിയുള്ള ഹോട്ടൽ പ്രളയത്തിൽ ഒഴുകിപ്പോയതായി ഹോട്ടലുടമ സ്ഥിരീകരിച്ചു. ഇവിടെയും എത്രപേർ താമസിച്ചിരുന്നെന്നറിയില്ല.
പന്ത്രണ്ട് ഗ്രാമങ്ങളാണ് ഉത്തരകാശിയിൽ പ്രളയത്തിൽപ്പെട്ടത്. ധരാലിയിൽനിന്ന് 20 കിലോമീറ്റർ അകലെയുള്ള ഗംഗോത്രി മേഖലയിലും വ്യാപക മണ്ണിടിച്ചിലുണ്ടായി. ചാർ ധാം തീർഥാടനത്തിനെത്തിയ, പുണെക്കാരായ 24 അംഗ സംഘത്തെ ഗംഗോത്രിയിൽ കാണാതായതായി ബന്ധുക്കൾ പറഞ്ഞു. ബിഹാറിൽനിന്നും നേപ്പാളിൽ നിന്നുമുള്ള നാൽപ്പതോളം പേരെയും കാണാനില്ല.
തക്ലയിൽ മണ്ണിനടിയിൽ കുടുങ്ങിക്കിക്കുന്നവരെ കണ്ടെത്താൻ റഡാർ പരിശോധന നടത്തി. 2013ന് ശേഷം സംസ്ഥാനം കണ്ട ഏറ്റവും വലിയ ദുരന്തത്തിൽ കാണാതായവരുടെ ഏകദേശ കണക്കുപോലുമില്ലാതെ സ്തംഭിച്ച് നിൽക്കുകയാണ് സർക്കാർ.









0 comments