ഉത്തരാഖണ്ഡിൽ കുടുങ്ങിയ 
മലയാളി സംഘത്തെ 
രക്ഷപ്പെടുത്തി

തകര്‍ന്നടിഞ്ഞ് ധരാലി ; മണ്ണിനടിയിൽ മനുഷ്യരുണ്ട് , ഉപഗ്രഹ ചിത്രങ്ങൾ 
പുറത്തുവിട്ട്‌ ഐഎസ്‌ആർഒ

Uttarakhand Cloud Burst and flash flooding

ദുരന്തം നടക്കുന്നതിന്‌ മുമ്പുള്ള ചിത്രം 
/ ദുരന്തത്തിന്‌ ശേഷമുള്ള ദൃശ്യം

വെബ് ഡെസ്ക്

Published on Aug 09, 2025, 02:23 AM | 2 min read


ന്യൂഡൽഹി

ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ മിന്നൽ പ്രളയമുണ്ടായി അഞ്ചാം ദിവസവും കാണാതായ മനുഷ്യരുടെ കൃത്യമായ കണക്കില്ല . ധരാലി ഗ്രാമത്തിൽ മാത്രം 200 പേരെങ്കിലും മരിച്ചിട്ടുണ്ടാകുമെന്നാണ്‌ പ്രദേശവാസികൾ പറയുന്നത്‌. എന്നാൽ, ആറുപേർ മാത്രമാണ്‌ മരിച്ചതെന്നും 50 ഓളം പേരെ കണ്ടെത്താനുണ്ടെന്നുമാണ്‌ ഉത്തരാഖണ്ഡിലെ ബിജെപി സർക്കാരിന്റെ വാദം. കണക്കുകളില്ലാത്തതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമാണെന്ന്‌ ഉത്തരാഖണ്ഡ്‌ എസ്‌പി പറഞ്ഞിരുന്നു. രണ്ടു ദിവസത്തിനിടയിൽ രണ്ട്‌ മൃതദേഹം മാത്രമാണ്‌ മണ്ണിനടിയിൽനിന്ന് പുറത്തെടുത്തത്‌.


400 പേരാണ്‌ ധരാലി ഗ്രാമത്തിൽ താമസിച്ചിരുന്നത്‌. സ്ഥിര താമസക്കാരല്ലാതെ ഹോട്ടലുകളിലും ഹോം സ്റ്റേകളിലും താമസിച്ചവർ വേറെയും. ഗ്രാമത്തിന്റെ പകുതിയും പ്രളയത്തിൽ ഒലിച്ചുപോയി. താഴ്‌വാരത്തും മാർക്കറ്റിനടുത്തും താമസിച്ചവരാണ്‌ രക്ഷപ്പെട്ടത്‌. ദുരന്തബാധിത പ്രദേശത്തുണ്ടായ ആരും ജീവനോടെ അവശേഷിക്കാൻ സാധ്യതയില്ലെന്നും പ്രദേശത്തുള്ളവർ പറയുന്നു. ധരാലിയിൽ നിന്നും 247 പേരെ രക്ഷിച്ചെന്നാണ്‌ പ്രളയമേഖല സന്ദർശിച്ച ഉത്തരാഖണ്ഡ്‌ മുഖ്യമന്ത്രി പുഷ്‌കർ സിങ്‌ ധാമി പറഞ്ഞത്‌. സ്ഥലത്ത്‌ താമസിച്ചിരുന്നവരുടെയും രക്ഷപ്പെടുത്തിയവരുടെയും വിവരം ശേഖരിച്ച്‌ കാണാതായവരുടെ ഏകദേശ പട്ടിക പോലും തയ്യാറാക്കാൻ ബിജെപി സർക്കാരിനായില്ല. ധാരാലിയെ കൂടാതെ 12 ഓളം ഗ്രാമങ്ങളെയും പ്രളയ ദുരിതം ബാധിച്ചു. ഇവിടങ്ങളിലും വ്യക്തമായ കണക്ക് സര്‍ക്കാരിനില്ല.


ഉപഗ്രഹ ചിത്രങ്ങൾ 
പുറത്തുവിട്ട്‌ ഐഎസ്‌ആർഒ

ഉത്തരകാശിയിലെ ദുരന്തവ്യാപ്‌തിയും തീവ്രതയും വ്യക്തമാക്കുന്ന ഉപഗ്രഹചിത്രങ്ങൾ പുറത്തുവിട്ട്‌ ഐഎസ്‌ആർഒ. കാർട്ടോസാറ്റ്‌ 2 ശ്രേണിയിലുള്ള ഉപഗ്രഹങ്ങൾ ദുരന്തത്തിനുമുമ്പ്‌ ജൂൺ 13നും ദുരന്തത്തിനുശേഷം ആഗസ്‌ത്‌ ഏഴിനും എടുത്ത ചിത്രങ്ങളാണിവ.


അതിതീവ്ര മിന്നൽപ്രളയത്തിൽ ധരാലി, ഹർസിൽ ഗ്രാമങ്ങൾ തുടച്ചുനീക്കപ്പെട്ടതായി ഉപഗ്രഹചിത്രങ്ങളിൽ വ്യക്തം. മലനിരതന്നെ തകർന്നു. വീടുകളും മറ്റു കെട്ടിടങ്ങളും കാണാതായി. നിരവധി പാലങ്ങളും റോഡുകളും ഒഴുകിപ്പോയി. ഖീർ ഗഡ്, ഭാഗീരഥി നദികൾ ഗതിമാറിയൊഴുകി. ഇരുനദികളുടേയും സംഗമസ്ഥാനത്ത്‌ 20 ഹെക്ടറിലധികം സ്‌ഥലത്ത്‌ മണ്ണും ചെളിയും കുന്നുകൂടി. ഹിമാലയൻ മേഖലയിലെ ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാനുള്ള സാധ്യതകൾ ചിത്രങ്ങളിൽ വ്യക്തമാണ്‌.


ഉത്തരാഖണ്ഡിൽ കുടുങ്ങിയ 
മലയാളി സംഘത്തെ 
രക്ഷപ്പെടുത്തി

ഉത്തരാഖണ്ഡിലെ മിന്നൽപ്രളയത്തിൽ ഗംഗോത്രിയില്‍ കുടുങ്ങിയ മലയാളി വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി. 28 അംഗ സംഘത്തെ ആകാശമാർഗം ഉത്തരകാശിയിലെത്തിച്ചു. ഇതിൽ 20 പേർ മുംബൈയിൽനിന്നും എട്ട്‌ പേർ കൊച്ചിയിൽനിന്നും ഉള്ളവരാണ്‌. ആകെ 335 പേരെയാണ്‌ ഗംഗോത്രിയിൽനിന്ന് ആകാശമാർഗം പുറത്തെത്തിച്ചത്‌. ഇതിൽ 199 പേരെ ഡെറാഡൂണിൽ എത്തിച്ചു.

ഭയനകമായ കാഴ്‌ചയാണ്‌ ധരാലിയിലേതെന്ന്‌ രക്ഷപ്പെട്ട മലയാളി സംഘത്തിലുള്ളവർ മാധ്യമങ്ങളോട്‌ പറഞ്ഞു. 30 അടിയോളം ഉയരത്തിൽ മണ്ണ്‌ മൂടിയിട്ടുണ്ട്‌. അതിനടിയിൽ എത്രപേരുണ്ടെന്ന്‌ അറിയില്ല. ആ മൺകൂന കടന്നാണ്‌ ഞങ്ങൾ പുറത്തുവന്നത്‌. ജീവിതത്തിലെ ഏറ്റവും പേടിച്ച ദിവസമാണ്‌ കടന്നുപോയതെന്നും സംഘത്തിലുള്ളവർ പറഞ്ഞു.







deshabhimani section

Related News

View More
0 comments
Sort by

Home