ഉത്തരാഖണ്ഡ് മഞ്ഞിടിച്ചിൽ: 4 മരണം, 5 പേര്‍ക്കായി തിരച്ചില്‍, 50 പേരെ രക്ഷപ്പെടുത്തി

ഡെറാഡൂൺ : ഉത്തരാഖണ്ഡിലെ ചമോലിയിൽ മഞ്ഞിനടിയില്‍ കുടുങ്ങിയ തൊഴിലാളികളില്‍ നാലുപേരുടെ മരണം സ്ഥിരീകരിച്ചു. അഞ്ചു പേരെ കൂടി ഇനിയും കണ്ടെത്താനുണ്ട്. മഞ്ഞിനടിയില്‍പെട്ട 55 തൊഴിലാളികളിൽ 50 പേരെ രക്ഷിക്കാനായെന്നും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന സൈന്യം അറിയിച്ചു. ടിബറ്റൻ അതിർത്തിയിലെ ഇന്ത്യൻ ഗ്രാമമായ മനയ്‌ക്കും മന ചുരത്തിനുമിടയിലെ യാത്ര സുഗമമാക്കാൻ റോഡിലെ മഞ്ഞുനീക്കുന്നതിനായി ബിആർഒ നിയമിച്ച തൊഴിലാളികളാണ് മഞ്ഞിടിച്ചിലിൽപ്പെട്ടത്.
വെള്ളിയാഴ്‌ച പുലർച്ചെ ഏഴേകാലിന് ബദരീനാഥ് ക്ഷേത്രത്തിൽനിന്ന് മൂന്നുകിലോമീറ്റർ അകലെയുളള തൊഴിലാളികൾ താമസിച്ചിരുന്ന ബങ്കറുകളിൽ മഞ്ഞിടിഞ്ഞുവീഴുകയായിരുന്നു. രക്ഷപ്പെടുത്തിയ തൊഴിലാളികളെ ചികിത്സയ്ക്കായി മാറ്റി. ബിഹാർ, യുപി, ഉത്തരാഖണ്ഡ്, ഹിമാചൽപ്രദേശ്, ജമ്മുകശ്‌മീർ എന്നിവിടങ്ങളിൽനിന്നുള്ളവരാണ് തൊഴിലാളികൾ.
സൈന്യത്തിനൊപ്പം ഇൻഡോ ടിബറ്റൻ അതിർത്തി പൊലീസും ബിആർഒയും ദേശീയ ദുരന്തനിവാരണസേനയും രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നുണ്ട്. കാലാവസ്ഥ തെളിഞ്ഞതോടെ പ്രദേശത്തേക്ക് കൂടുതൽ സഹായമെത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് സൈനിക വക്താവ് അറിയിച്ചു. അതേസമയം അപകടം നടന്നതിന്റെ 20 കിലോമീറ്റർ ചുറ്റളവിൽ റോഡിൽ മഞ്ഞടിഞ്ഞിരിക്കുന്നത് വെല്ലുവിളിയായി.
ഹിമാചലിൽ ഉരുൾപൊട്ടൽ കനത്തമഴയും മഞ്ഞുവീഴ്‌ചയും കാരണം ഹിമാചൽപ്രദേശിൽപലയിടത്തും ഉരുൾപൊട്ടൽ. കുളുവിലും റോക്കാറുവിലും വാഹനങ്ങൾ ഒലിച്ചുപോയി.വീടുകൾ തകർന്നു. കുളുവിൽ റോഡുകളിൽ വ്യാപകമായി മണ്ണ് അടിഞ്ഞുകൂടി യാത്രാമാർഗം പൂർണമായും തടസപ്പെട്ടിട്ടുണ്ട്. ദുരിതബാധിതപ്രദേശങ്ങളിലുള്ളവരെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റി.









0 comments