119 പേരെ കൂടി നടതള്ളാൻ യുഎസ്; ഇന്ത്യക്കാരുമായി വിമാനം ഇന്ന് അമൃത്സറിൽ എത്തും

ന്യൂഡൽഹി: കൂടുതൽ ഇന്ത്യക്കാരെ നാടുകടത്താനുള്ള അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നീക്കത്തെ തുടർന്ന് 119 ഇന്ത്യക്കാരുമായി രണ്ടാമത്തെ ‘പ്രത്യേക’ വിമാനം ഇന്ന് അമൃത്സറിൽ എത്തും. രാത്രി 10ഓടെ അമൃത്‍സർ ഇന്റർനാഷണൽ എയർപോർട്ടിൽ ഇന്ത്യക്കാരുമായുള്ള യുഎസ് സൈനിക വിമാനങ്ങൾ എത്തുമെന്നാണ് റിപ്പോർട്ടുകൾ. അമേരിക്ക നടതള്ളുന്ന ഇന്ത്യൻ കുടിയേറ്റക്കാരുടെ രണ്ടാം സംഘമാണ് ഇന്ന് എത്തുന്നത്. മൂന്നാമത്തെ വിമാനം നാളെ എത്തുമെന്നാണ് വിവരം.
അമേരിക്കൻ സൈനിക വിമാനമായ സി-17ലാണ് ഇവരെ എത്തിക്കുന്നത് . ഇന്ന് എത്തിക്കുന്ന 119 പേരിൽ 67 പേർ പഞ്ചാബിൽ നിന്നുള്ളവരാണ് എന്നാണ് വിവരം. ഹരിയാനയിൽ നിന്ന് 33 പേരും ഗുജറാത്തിൽ നിന്ന് 8 പേരും ഉത്തർ പ്രദേശിൽ നിന്ന് 3 പേരും മഹാരാഷ്ട്ര, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് 2 വീതവും ഗോവ, ഹിമാചൽ പ്രദേശ്, ജമ്മു കശ്മീരിൽ നിന്ന് ഓരോ ആളുകളുമാണ് ഇന്ന് ഇന്ത്യയിലെത്തുക.
കഴിഞ്ഞ തവണ ഇന്ത്യക്കാരെ കൂച്ചുവിലങ്ങിട്ട് സൈനികവിമാനത്തിൽ നാടുകടത്തിയ അമേരിക്കൻ നടപടിക്കെതിരെ രാജ്യത്ത് വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ട്രംപുമായുള്ള കൂടിക്കാഴ്ചയിൽ രേഖകളില്ലാത്ത കുടിയേറ്റക്കാരെ ഒഴിപ്പിക്കുന്നതിനെ അനുകൂലിച്ച നരേന്ദ്ര മോദി, ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരുന്നതിൽ എല്ലാ സഹായവും വാഗ്‌ദാനം ചെയ്തു. ആകെ 487 പേരെ അമേരിക്ക നാട് കടത്തുമെന്നാണ് അറിയിച്ചിരുന്നത്. നേരത്തെ 104 പേരെ ഇന്ത്യയിലെത്തിച്ചിരുന്നു. ഈ മാസം 6ന് സി-17 സൈനിക വിമാനത്തിൽ തന്നെയാണ് ഇവരെ ഇന്ത്യയിലേക്ക് എത്തിച്ചത്.
Related News

0 comments