യുഎസ് തീരുവ ; കയറ്റുമതി മേഖലയ്‌ക്കായി പാക്കേജ് പരിഗണനയില്‍

ന്യൂഡൽഹി
ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് ട്രംപ് ചുമത്തിയ അമ്പത് ശതമാനം അധികതീരുവ സമ്പദ്‌വ്യവസ്ഥയെ കാര്യമായി ബാധിക്കുമെന്നുറപ്പായതോടെ കയറ്റുമതി മേഖലയെ സഹായിക്കാൻ പ്രത്യേക പദ്ധതിക്ക് കേന്ദ്രസർക്കാർ രൂപം നൽകുമെന്ന് റിപ്പോർട്ടുകൾ. അടുത്ത ആറുവർഷ കാലയളവിലേക്ക് 25,000 കോടിയുടെ പദ്ധതിയ്‌ക്കാണ് കേന്ദ്ര വാണിജ്യമന്ത്രാലയം രൂപം നൽകിയത്. പദ്ധതി നിലവിൽ ധനമന്ത്രാലയത്തിന്റെ പരിഗണനയിലാണ്. ധനമന്ത്രാലയവും തുടർന്ന് കേന്ദ്ര മന്ത്രിസഭയും അംഗീകരിച്ചതിന് ശേഷം നടപ്പാക്കി തുടങ്ങുമെന്ന് വാണിജ്യമന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.
ഇൗടില്ലാതെയുള്ള വായ്‌പാസൗകര്യങ്ങൾ, നഷ്ടസാധ്യത കൂടുതലുള്ള വിപണികളിലേക്ക് കയറ്റുമതി ചെയ്യുന്നവർക്ക് പ്രത്യേക സഹായം, വിപണി ലഭ്യത എളുപ്പമാക്കുന്നതിനുള്ള നടപടികൾ തുടങ്ങിയവ ഉൾപ്പെടും. അമേരിക്ക അധികതീരുവ പ്രഖ്യാപിച്ചതോടെ കയറ്റുമതി മേഖലയാകെ ആശങ്കയിലാണ്. കയറ്റുമതി മേഖലയെ സഹായിക്കാൻ സംസ്ഥാനങ്ങൾ കൂടി തയ്യാറാകണമെന്ന് നിർദേശം കേന്ദ്രം നേരത്തെ മുന്നോട്ടുവച്ചിരുന്നു.
പ്രത്യേക സഹായം വേണമെന്ന് റബർ വ്യവസായികൾ
യുഎസ് തീരുവ പ്രതിസന്ധി സൃഷ്ടിക്കുമെന്നതിനാൽ റബർ മേഖലയ്‌ക്ക് പ്രത്യേക സഹായം അനുവദിക്കണമെന്ന് അഖിലേന്ത്യാ റബർ വ്യവസാ ഫെഡറേഷൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. യുകെയുമായി അടുത്തയിടെ ഒപ്പുവെച്ചത് പോലുള്ള കൂടുതൽ കരാറുകളിൽ ഏർപ്പെടണമെന്നും ഫെഡറേഷൻ നിർദേശിച്ചു. യുഎസിലേക്ക് പ്രതിവർഷം 7500 കോടി രൂപയുടെ റബർ ഉൽപ്പന്നങ്ങളാണ് ഇന്ത്യ കയറ്റുമതി ചെയ്യുന്നത്.









0 comments