അധിക തീരുവയില്‍ ആശ്വാസം

Trade Tariff
avatar
സ്വന്തം ലേഖകൻ

Published on Aug 17, 2025, 02:48 AM | 1 min read

ന്യൂഡൽഹി : ഇന്ത്യക്കുമേൽ കൂടുതൽ അധികതീരുവകൾ ഇപ്പോൾ ഉദ്ദേശിക്കുന്നില്ലെന്ന് റഷ്യന്‍ പ്രസിഡന്റ് പുടിനുമായുള്ള ചര്‍ച്ചയ്ക്കു ശേഷം യുഎസ് പ്രസിഡന്റ് ട്രംപ് സൂചന നല്‍കിയത് കേന്ദ്രസര്‍ക്കാരിന് ആശ്വാസം. എന്നാൽ റഷ്യൻ ക്രൂഡോയിൽ ഇന്ത്യ വാങ്ങുന്നത്‌ പൂർണമായി നിർത്തിയെന്ന വിശ്വാസത്തിലാണ്‌ ട്രംപി‍ന്റെ പ്രതികരണം. അതേസമയം ആഗസ്‌തിൽ റഷ്യയിൽനിന്ന്‌ ഇന്ത്യ കൂടുതൽ ക്രൂഡോയിൽ ഇറക്കുമതി ചെയ്യുമെന്നാണ്‌ റിപ്പോർട്ടുകൾ. ട്രംപ്‌ ഇ‍ൗ വാർത്തകളോട്‌ ഏതുവിധമാകും പ്രതികരിക്കുകയെന്നത്‌ നിർണായകമാണ്‌. ട്രംപ്‌– പുടിൻ കൂടിക്കാഴ്‌ച അലസിപ്പിരിഞ്ഞില്ലെന്നത്‌ ഇന്ത്യക്ക്‌ ആശ്വാസകരമാണ്‌. പുടിനുമായുള്ള സംഭാഷണം പരാജയപ്പെട്ടാൽ ഇന്ത്യക്കുമേൽ കൂടുതൽ നടപടികളുണ്ടാകുമെന്ന്‌ യുഎസ്‌ പ്രസിഡന്റ്‌ ഭീഷണിപ്പെടുത്തിയിരുന്നു. ചർച്ച തുടരുമെന്ന്‌ ഇരുനേതാക്കളും വ്യക്തമാക്കിയ സ്ഥിതിക്ക്‌ നിലവിലെ 50 ശതമാനത്തിന്‌ അപ്പുറം തീരുവയെന്ന ഭീതി മോദി സർക്കാരിന്‌ ഒഴിവായി. 25 ശതമാനം തീരുവ ആഗസ്‌ത്‌ ഏഴ്‌ മുതൽ നിലവിൽ വന്നു. അധികമായി പ്രഖ്യാപിച്ച 25 ശതമാനംകൂടി ആഗസ്‌ത്‌ 27 മുതൽ പ്രാബല്യത്തില്‍ വരില്ലെന്നാണ് ട്രംപിന്റെ പ്രതികരണം നല്‍കുന്ന സൂചന. യുഎസുമായുള്ള ഇന്ത്യയുടെ വ്യാപാര ചർച്ച എപ്പോൾ പുനരാരംഭിക്കാനാകുമെന്നതിൽ അനിശ്‌ചിതത്വം തുടരുകയാണ്‌. മുൻതീരുമാന പ്രകാരം ഇ‍ൗ മാസം അവസാനത്തോടെ യുഎസ്‌ പ്രതിനിധി സംഘം ആറാംഘട്ട ചർച്ചയ്‌ക്കായി ഇന്ത്യയിൽ എത്തേണ്ടതാണ്.



deshabhimani section

Related News

View More
0 comments
Sort by

Home