വീണ്ടും പേര് മാറ്റൽ; ഷാജഹാൻ ഗാർഡന് അഹല്യഭായ് ഹോൾക്കറുടെ പേര് നൽകണമെന്ന് ബിജെപി മന്ത്രി

photo credit: X
ലഖ്‌നൗ: ആഗ്രയിലെ ഷാജഹാൻ ഗാർഡന്റെ പേര് മാറ്റണമെന്ന് ഉത്തർപ്രദേശ് മന്ത്രി ബേബി റാണി മൗര്യ. ഷാജഹാൻ ഗാർഡന് മാൾവ രാജ്യ രാജ്ഞി അഹല്യഭായ് ഹോൾക്കറുടെ പേര് നൽകണമെന്നാണ് മന്ത്രിയുടെ ആവശ്യം. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് അയച്ച കത്തിലാണ് വനിതാക്ഷേമ മന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. ആഗ്ര ദേഹത്ത് നിന്നുള്ള എംഎൽഎയാണ് ബേബി റാണി മൗര്യ. ഷാജഹാൻ ഗാർഡന്റെ പുനർനാമകരണം പരിശോധിക്കാൻ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്നും ബേബി റാണി മൗര്യ പറഞ്ഞു.
മാർച്ച് 29 ന്, മുസാഫർനഗറിന്റെ പേര് 'ലക്ഷ്മിനഗർ' എന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് പടിഞ്ഞാറൻ യുപി ജില്ലയിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. അലിഗഢിനെ ഹരിഗഢ് എന്നും മെയിൻപുരിയെ മയൻപുരി എന്നും സംഭാലിനെ പൃഥ്വിരാജ് നഗർ അല്ലെങ്കിൽ കൽക്കി നഗർ എന്നും സുൽത്താൻപൂരിനെ കുഷ്ഭവൻപൂർ എന്നും ഗാസിപൂരിനെ ഗാധിപുരി എന്നും പുനർനാമകരണം ചെയ്യാനുള്ള ആഹ്വാനങ്ങൾ ഉയർന്നിട്ടുണ്ട്. യുപി സർക്കാർ ഇതിനകം അലഹബാദിനെ പ്രയാഗ്‌രാജ് എന്നും ഫൈസാബാദിനെ അയോധ്യ എന്നും പുനർനാമകരണം ചെയ്തിട്ടുണ്ട്.
ബിജെപി നേതാക്കൾക്കിടയിൽ ഇത്തരം ആവശ്യങ്ങൾ ഉന്നയിക്കുന്നത് ഒരു ഫാഷനായി മാറിയിരിക്കുന്നുവെന്ന് സമാജ്‌വാദി പാർടി വക്താവ് ശർവേന്ദ്ര ബികരം സിംഗ് പറഞ്ഞു.
"ബിജെപി പരാജയപ്പെട്ടതിനാലാണ് അവരുടെ നേതാക്കൾ ഇത്തരം ആവശ്യങ്ങൾ ഉന്നയിക്കുന്നത്. പകരം സാധാരണക്കാർക്ക് പ്രയോജനപ്പെടുന്ന യഥാർത്ഥ വികസന വിഷയങ്ങളിൽ സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കണം" എന്നും ശർവേന്ദ്ര ബികരം സിംഗ് പറഞ്ഞു.









0 comments