'പാമ്പിനെ ചുംബിച്ച് റീൽസ് ചിത്രീകരണം'; നാവിൽ കടിയേറ്റ യുപി സ്വദേശി ഗുരുതരാവസ്ഥയിൽ
ലഖ്നൗ: റീൽസ് ചിത്രീകരിക്കുന്നതിനിടെ പാമ്പ് നാവിൽ കടിച്ച് യുപി സ്വദേശി ഗുരുതരാവസ്ഥയിൽ. അമ്രോഹ ജില്ലയിലെ ഹൈബത്പൂർ സ്വദേശി ജിതേന്ദ്ര കുമാറിന് (50) ആണ് നാവിൽ പാമ്പ് കടിയേറ്റത്. റീൽസ് ചിത്രീകരിക്കുമ്പോൾ പാമ്പിനെ ചുംബിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു.
ഹൈബത്പൂരിലെ ഒരു കർഷകനാണ് ജിതേന്ദ്ര കുമാർ. വെള്ളിയാഴ്ച വൈകിട്ടാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. പ്രദേശത്തെ ഒരു മതിലിലിലൂടെ പാമ്പ് ഇഴഞ്ഞ് പോകുന്നത് കണ്ട് നാട്ടുകാർ പരിഭ്രാന്തരായി. സ്ഥലത്തെത്തിയ ജിതേന്ദ്രനാണ് പാമ്പിനെ പിടികൂടിയത്. പിന്നെ പാമ്പിനെ തോളത്തിട്ട് വീഡിയോ ചിത്രീകരണം തുടങ്ങി. സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഒരു വീഡിയോയിൽ പാമ്പിനെ കഴുത്തിൽ ചുറ്റി ജിതേന്ദ്ര കുമാർ ക്യാമറയ്ക്ക് പോസ് ചെയ്യുന്നത് കാണാം.
പാമ്പ് മുഖത്തിന് നേരെ വരുന്നതും ഇയാൾ നാവ് നീട്ടുന്നതും വീഡിയോയിൽ കാണാം. പാമ്പിനെ ചുംബിക്കാൻ ശ്രമിച്ചപ്പോൾ ജിതേന്ദ്രന്റെ നാവിൽ കടിയേറ്റു. സ്ഥിതി വളരെ പെട്ടെന്ന് വഷളായെന്നും ജിതേന്ദ്രനെ സമീപത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നും പ്രദേശവാസികൾ പറഞ്ഞു. പിന്നീട് മൊറാദാബാദിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഐസിയുവിൽ ചികിത്സയിലുള്ള ജിതേന്ദ്രന്റെ നില ഗുരുതരമായി തുടരുന്നു.










0 comments