ബിജെപി ഭരണത്തിൽ ദളിതർക്കെതിരായ അതിക്രമങ്ങളിൽ യുപി ഒന്നാംസ്ഥാനത്തെത്തി: അഖിലേഷ് യാദവ്

ലഖ്നൗ : ബിജെപി ഭരണത്തിനു കീഴിൽ ഉത്തർപ്രദേശ് ദളിതർക്കെതിരായ ആക്രമണങ്ങളിൽ ഒന്നാം സ്ഥാനത്തെത്തിയെന്ന് സമാജ്‌വാദി പാർടി അധ്യക്ഷനും എംപിയുമായ അഖിലേഷ് യാദവ്. രാജസ്ഥാൻ, മധ്യപ്രദേശ്, ബീഹാർ, ഒഡീഷ, മഹാരാഷ്ട്ര തുടങ്ങി ബിജെപി സർക്കാർ ഭരിക്കുന്ന സംസ്ഥാനങ്ങളാണ് ദളിതർക്കെതിരെ വിശിഷ്യാ ദളിത് സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളിൽ മുന്നിട്ടു നിൽക്കുന്നതെന്നും അഖിലേഷ് യാദവ് പറഞ്ഞു. ബിജെപി സർക്കാരിന്റെ കാലത്ത് ദലിതർക്കെതിരായ അതിക്രമങ്ങളിൽ യുപി ഒന്നാം സ്ഥാനത്താണ്. ബിജെപി ഭരിക്കുന്ന യുപി, രാജസ്ഥാൻ, എംപി, ബീഹാർ, ഒഡീഷ, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ മാത്രം എന്തുകൊണ്ടാണ് ദലിതർക്കെതിരായ ആക്രമണങ്ങൾ കൂടുന്നത്- അഖിലേഷ് യാദവ് എക്‌സ് പോസ്റ്റിൽ ചോദിച്ചു.
ദലിതർക്കെതിരായ അതിക്രമങ്ങളെക്കുറിച്ചുള്ള നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ (എൻസിആർബി) ഡാറ്റ പങ്കുവച്ചുകൊണ്ടായിരുന്നു അഖിലേഷ് യാദവിന്റെ കുറിപ്പ്. 15,000 ത്തിലധികം കേസുകൾ രജിസ്റ്റർ ചെയ്ത ഉത്തർപ്രദേശാണ് പട്ടികയിൽ ഒന്നാമത്. രാജസ്ഥാൻ, മധ്യപ്രദേശ്, ബീഹാർ, ഒഡീഷ, മഹാരാഷ്ട്ര എന്നിവയാണ് പട്ടികയിലുള്ള മറ്റ് സംസ്ഥാനങ്ങൾ.
സ്വേച്ഛാധിപത്യ പാർടിയാണ് ബിജെപി. ബിജെപി അംഗങ്ങളുടെ മാനസികാവസ്ഥയും ഫ്യൂഡലാണ്. ദരിദ്രർ, പാർശ്വവൽക്കരിക്കപ്പെട്ടവർ, ദലിതർ, പിന്നോക്ക വിഭാഗങ്ങൾ, ന്യൂനപക്ഷങ്ങൾ, സ്ത്രീകൾ, ആദിവാസികൾ എന്നിവർക്ക് നേരെ അപമാനവും അടിച്ചമർത്തലും മാത്രമാണ് ബിജെപിയിൽ ഉണ്ടാകുന്നത്. യാദവ് പറഞ്ഞു. ബിജെപിയിൽ ദലിതർക്കും മറ്റ് പിന്നോക്ക ജാതികളിൽ നിന്നുള്ളവർക്കും പ്രതീകാത്മക സ്ഥാനങ്ങൾ നൽകുന്നുണ്ടെങ്കിലും അവർക്ക് ഒരിക്കലും യഥാർത്ഥ അധികാരം നൽകുന്നില്ല. അത് തിരഞ്ഞെടുക്കപ്പെട്ട ചിലരുടെ മാത്രം കൈകളിലാണെന്നുംന്ന് യാദവ് പറഞ്ഞു.









0 comments