കൊല്ലപ്പെട്ടത് 82 പേര്‍
മരണക്കണക്കിലും കള്ളവുമായി യുപി സർക്കാർ; കുംഭമേളയിൽ മരിച്ചവരുടെ ഔദ്യോഗിക കണക്ക് തെറ്റെന്ന് ബിബിസി

ന്യൂഡൽഹി: കുംഭമേളയിലെ തിക്കിലും തിരക്കിലും മരിച്ചവരുടെ യഥാർഥ കണക്ക് ഉത്തർപ്രദേശ് സർക്കാർ മറച്ചുവച്ചതായി ബിബിസി. ജനുവരി 29-ന് പ്രയാഗ്‌രാജിലെ കുംഭമേളയിൽ 37 പേർ തിക്കിലും തിരക്കിലും മരിച്ചെന്നാണ് യുപി സർക്കാർ ഔദ്യോഗികമായി പുറത്തുവിട്ട കണക്ക്. എന്നാൽ ഇത് തെറ്റാണെന്നും യഥാർഥത്തിൽ 82 പേർക്ക് ജീവൻ നഷ്ടമായതായും ബിബിസി ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി അമ്പതിലധികം ജില്ലകളിൽ നടത്ത അന്വേഷണത്തിന് ശേഷമാണ് ബിബിസി കണക്ക് പുറത്തുവിട്ടത്. ധന സഹായ വിതരണത്തിലും സർക്കാർ ക്രമക്കേട് നടത്തിയതായി കണ്ടെത്തിയെന്നാണ് ബിബിസി റിപ്പോർട്ട്.
100 ലധികം കുടുംബങ്ങളുമായി നടത്തിയ കൂടിക്കാഴ്ചകളുടെ കണ്ടെത്തലുകളാണ് ബിബിസി റിപ്പോർട്ടിലുള്ളത്. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഹരിയാന, രാജസ്ഥാൻ, ഗുജറാത്ത്, മധ്യപ്രദേശ്, കർണാടക, ബിഹാർ, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ, ആസാം സംസ്ഥാനങ്ങളിൽ കുംഭമേളയിൽ പങ്കെടുത്തവരുടെ ബന്ധുക്കളെ സന്ദർശിച്ച് നടത്തിയ അന്വേഷണത്തിൽ കണക്കിലെ കള്ളക്കളി വെളിപ്പെടുകയായിരുന്നു. സർക്കാർ ഔദ്യോഗികമായി അംഗീകരിച്ചതിനേക്കാൾ വളരെ കൂടുതലായിരുന്നു മരണസംഖ്യയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
മരിച്ചവരുടെ കുടുംബങ്ങൾക്ക് 25 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകിയിരുന്നു. സർക്കാർ കണക്ക് പ്രകാരം മരിച്ച 37 പേരിൽ 36 പേരുടെ കുടുംബങ്ങൾക്ക് മാത്രമാണ് ഈ തുക ലഭിച്ചത്. 26 കുടുംബങ്ങൾക്ക് ഉത്തർപ്രദേശ് സർക്കാർ 5 ലക്ഷം വീതം പണമായി നൽകിയതായി ബിബിസി അന്വേഷണത്തിൽ കണ്ടെത്തി. ഈ 26 കുടുംബങ്ങളെ ഔദ്യോഗിക മരണസംഖ്യയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് ആരോപണം. ഇത്തരത്തിൽ വിതരണം ചെയ്ത പണം രേഖകളിലില്ല. യുപി പൊലീസ് സംഘം ഈ കുടുംബങ്ങൾക്ക് 500ന്റെ നോട്ട് കെട്ടുകൾ കൈമാറുന്ന വീഡിയോകളും ഫോട്ടോകളും കൈവശമുണ്ടെന്ന് ബിബിസി അവകാശപ്പെട്ടു.
തിക്കിലും തിരക്കിലും പെട്ടല്ല, മറിച്ച് പെട്ടെന്നുള്ള അസുഖം മൂലമാണ് മരണങ്ങൾ സംഭവിച്ചതെന്ന് വ്യക്തമാക്കുന്ന രേഖകളിൽ ഒപ്പിടാൻ നിരവധി കുടുംബങ്ങളെ ഉദ്യോഗസ്ഥർ നിർബന്ധിച്ചതായും റിപ്പോർട്ടുണ്ട്. മരണസംഖ്യയിലും നഷ്ട പരിഹാര വിതരണത്തിലും ക്രമക്കേട് കാണിച്ച ബിജെപി സർക്കാർ മറുപടി പറയണമെന്ന് സമാജ്‌വാദി നേതാവ് അഖിലേഷ് യാദവ് എംപി പറഞ്ഞു.









0 comments