വർഗീയ ശക്തികൾക്കെതിരെ യോജിച്ച പോരാട്ടം നടത്തും: സിപിഐ പാർടി കോൺ​ഗ്രസിന് ചണ്ഡിഗഡിൽ തുടക്കം

cpi party congrss

സിപിഐ 25–ാം പാർടി കോൺഗ്രസിന്റെ ഭാ​ഗമായി മൊഹാലിയിലെ അജിത് സിങ് നഗറിൽ നടന്ന പൊതുസമ്മേളനത്തിൽ ജനറൽ സെക്രട്ടറി ഡി രാജ അഭിവാദ്യം ചെയ്യുന്നു. ഫോട്ടോ: പി വി സുജിത്

വെബ് ഡെസ്ക്

Published on Sep 21, 2025, 03:47 PM | 2 min read

ചണ്ഡിഗഡ്: സിപിഐ 25–ാം പാർടി കോൺഗ്രസിന് ചണ്ഡിഗഡിൽ തുടക്കമായി. രാവിലെ മൊഹാലിയിലെ അജിത് സിങ് നഗറിൽ നടന്ന സമ്മേളനം സിപിഐ ജനറൽ സെക്രട്ടറി ഡി രാജ ഉദ്ഘാടനം ചെയ്തു. ബിജെപിയെ അധികാരത്തിൽ നിന്ന് താഴെ ഇറക്കുകയാണ് ലക്ഷ്യമെന്നും വർ​ഗീയ ശക്തികൾക്കെതിരെ എല്ലാ പാർടികളെയും ചേർത്ത് യോജിച്ച പോരാട്ടം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.


1925ലാണ് കമ്യൂണിസ്റ്റ് പാർടിയും ആർഎസ്എസും രാജ്യത്ത് പ്രവർത്തനം ആരംഭിച്ചത്. നൂറ് വർഷത്തെ രാഷ്ട്രീയ ചരിത്രത്തിൽ സ്വാതന്ത്രസമരത്തിലടക്കം നിരവധി പോരാട്ടങ്ങളിൽ കമ്യൂണിസ്റ്റ് പാർടി പങ്കാളിയായി. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിൽ ആർഎസ്എസിന് ഒരു പങ്കുമില്ല. ആർഎസ്എസ് ഒരു ഫാസിസ്റ്റ് സംഘടന മാത്രമാണ്. നരേന്ദ്രമോദിയുടെ ഭരണത്തിൽ ആർഎസ്എസ് കൂടുതൽ ആക്രമകാരികളാവുകയാണ്. വിദ്വേഷ പ്രചാരണങ്ങൾക്ക് ആക്കം കൂട്ടിയത് ഈ ഭരണകാലത്താണ്.


മോദി പ്രധാനമന്ത്രി ആയപ്പോൾ ജനങ്ങളോട് പറഞ്ഞത് എല്ലാവരെയും സഹായിക്കുന്ന നയങ്ങൾ ഉണ്ടാകും എന്നതാണ്. സബ്ക സാത് ശബ്ക വികാസ് എന്നായിരുന്നു മുദ്രാവാക്യം. എന്നാൽ സാധാരണക്കാരുടെ സർക്കാർ അല്ല, തൊഴിലാളികളുടെ സർക്കാർ അല്ല, കർഷകരുടെ സർക്കാർ അല്ല, കോർപ്പറേറ്റുകളുടെ സർക്കാർ ആണെന്നത് ഇപ്പോൾ ജനങ്ങൾക്ക് മനസിലായി. രാജ്യത്തെ കൊള്ളയടിക്കാൻ അദാനിയെയും അംബാനിയെയും സഹായിക്കുന്ന സർക്കാർ. അതുകൊണ്ട് തന്നെയാണ് മോദി സർക്കാരിനെതിരെ കമ്യൂണിസ്റ്റ് പാർടി പോരാടുന്നത്. രാജ്യത്തെ രക്ഷിക്കാൻ ബിജെപി സർക്കാരിനെ താഴെ ഇറക്കണം. അതിനു ഇടത് ശക്തികൾ എല്ലാം ഒരുമിക്കണം. അത് പാർടി കോൺഗ്രസിൽ ചർച്ച ചെയ്യുമെന്നും ഡി രാജ പറഞ്ഞു.


cpi party congrssസിപിഐ 25–ാം പാർടി കോൺഗ്രസിന്റെ ഭാ​ഗമായി മൊഹാലിയിലെ അജിത് സിങ് നഗറിൽ നടന്ന പൊതുസമ്മേളനം. ഫോട്ടോ: പി വി സുജിത്


ചെങ്കൊടിയുമായി ആയിരങ്ങളാണ് പൊതുസമ്മേളനത്തിൽ സമ്മേളനത്തിൽ പങ്കെടുത്തത്. കേന്ദ്ര സെക്രട്ടേറിയറ്റ് അംഗങ്ങളായ അമർജിത് കൗർ, ബിനോയ് വിശ്വം, പല്ലബ്‌സെൻ ഗുപ്ത, ഡോ. ബാലകൃഷ്ണ കോംഗോ, കെ നാരായണ, രാമകൃഷ്ണ പാണ്ഡ, ആനി രാജ തുടങ്ങിയവർ പൊതുസമ്മേളനത്തിൽ പങ്കെടുത്തു. പഞ്ചാബ് സംസ്ഥാന സെക്രട്ടറി ബന്ത് സിങ് ബ്രാർ അധ്യക്ഷനായി.


തിങ്കൾ രാവിലെ സമ്മേളന നഗരിയായ ചണ്ഡിഗഡിലെ എസ്‌ സുധാകർ റെഡ്ഡി നഗറിൽ ഭഗത്‌ സിങ്ങിന്റെ അനന്തരവൻ പ്രൊഫ. ജഗ്‌മോഹൻ സിങ്‌ ദേശീയ പതാക ഉയർത്തും. സിപിഐ മുതിർന്ന നേതാവ്‌ ഭൂപീന്ദർ സാന്പർ പാർടി പതാക ഉയർത്തും. സമ്മേളനം ജനറൽ സെക്രട്ടറി ഡി രാജ ഉദ്ഘാടനം ചെയ്യും. സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി സമ്മേളനത്തെ അഭിവാദ്യംചെയ്യും. സിപിഐ (എംഎൽ) ലിബറേഷൻ, ഫോർവേർഡ് ബ്ലോക്, ആർഎസ്‌പി തുടങ്ങിയ പാർടികളുടെ നേതാക്കളും പങ്കെടുക്കും.


എസ്‌ സുധാകർ റെഡ്ഡി നഗറിലെ അതുൽ കുമാർ അഞ്ജാൻ നഗറിൽ പ്രതിനിധി സമ്മേളനത്തിൽ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള 800ൽ അധികം പ്രതിനിധികളാണ് പങ്കെടുക്കുന്നത്. കരട്‌ രാഷ്‌ട്രീയ പ്രമേയം, സംഘടനാ റിപ്പോർട്ട്‌, അവലോകന റിപ്പോർട്ട്‌ എന്നിവ അവതരിപ്പിക്കും. വൈകിട്ട്‌ പലസ്‌തീനും ക്യൂബയ്‌ക്കും ഐക്യദാർഢ്യമറിയിച്ച്‌ പ്രത്യേക യോഗം സംഘടിപ്പിക്കും. പലസ്‌തീൻ, ക്യൂബ രാജ്യങ്ങളിലെ സ്ഥാനപതിമാർ പങ്കെടുക്കും. ചൊവ്വ, ബുധൻ ദിവസങ്ങളിൽ ചർച്ച തുടരും. പ്രമേയങ്ങങ്ങൾ അവതരിപ്പിക്കും. സമാപന ദിവസമായ വ്യാഴാഴ്‌ച ദേശീയ ക‍ൗൺസിൽ, എക്‌സിക്യൂട്ടീവ്‌, സെക്രട്ടറിയറ്റ്‌ എന്നിവ രൂപീകരിക്കും. എല്ലാ ദിവസവും സാംസ്‌കാരിക പരിപാടികളും ഉണ്ടാകും.



deshabhimani section

Related News

View More
0 comments
Sort by

Home