print edition ലഡാക്കിന് സംസ്ഥാന പദവി: ആഭ്യന്തര മന്ത്രാലയവുമായി ചർച്ച 22ന്

ഗുൽസാർ നഖാസി
Published on Oct 20, 2025, 12:22 AM | 1 min read
ശ്രീനഗർ: ലഡാക്കിന് സംസ്ഥാനപദവിയും ഭരണഘടനാ സംരക്ഷണവും ആവശ്യപ്പെട്ട് പ്രതിഷേധിക്കുന്ന ലേ അപ്പെക്‌സ് ബോഡി(ലാബ്), കാർഗിൽ ഡെമോക്രാറ്റിക് അലയൻസ്(കെഡിഎ) സംഘടനകളുടെ പ്രതിനിധികളെ ചർച്ചയ്‌ക്ക് വിളിച്ച് ആഭ്യന്തര മന്ത്രാലയം. 22ന് ഡൽഹിയിലാണ് ചർച്ച. സെപ്‌തംബർ 24ന് ലേയിലുണ്ടായ പൊലീസ് വെടിവയ്‌പ്പിൽ നാലുപേർ കൊല്ലപ്പെട്ട സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചതോടെയാണ് ചർച്ചയ്‌ക്ക് സംഘടനകൾ തയ്യാറായത്.
ക്ഷണം ലഭിച്ചതായും ചർച്ചയിൽ പങ്കെടുക്കുമെന്നും ലാബ് കോ ചെയർമാൻ ചെറിങ് ഡോർജയ് പറഞ്ഞു-. കേന്ദ്ര സഹമന്ത്രി അധ്യക്ഷനായ ഉന്നതാധികാര സമിതിയുമായല്ല ചർച്ച. ആഭ്യന്തര മന്ത്രാലയത്തിന്റെ സബ് കമ്മിറ്റിയുമായാണ്. ഹോം സെക്രട്ടറിയാണ് അധ്യക്ഷൻ– ഡോർജയ് പറഞ്ഞു-. നേരത്തെ ചർച്ചകൾക്കായി ഉന്നതാധികാര സമിതിയെയായിരുന്നു ചുമതലപ്പെടുത്തിയത്. ലഡാക്ക് എംപി ഹനീഫ ജാനും യോഗത്തിൽ പങ്കെടുക്കും. പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയതിന് ദേശീയ സുരക്ഷാ നിയമപ്രകാരം അറസ്റ്റിലായ സാമൂഹ്യപ്രവർത്തകൻ സോനം വാങ്ചുക് ജയ്‌പുർ ജയിലിലാണ്.









0 comments