സ്വകാര്യവത്കരണത്തിന് ഊന്നൽ നൽകുന്ന ബജറ്റ്; അടിസ്ഥാനപ്രശ്നങ്ങൾക്ക് പരിഹാരമില്ല

ബജറ്റ് അവതരിപ്പിക്കുന്നതിന് മുൻപായി ധനമന്ത്രി നിർമല സീതാരാമൻ. ഫോട്ടോ: എക്സ്
ന്യൂഡൽഹി: ആണവമേഖലയിൽ ഉൾപ്പെടെ സ്വകാര്യവത്കരണത്തിന് ഊന്നൽനൽകുന്ന ബജറ്റാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ചത്. തെരഞ്ഞെടുപ്പ് അടുത്ത ബിഹാറിനായി വാരിക്കോരി പദ്ധതികളും പ്രഖ്യാപിച്ചു. ആദായനികുതി പരിധി 12 ലക്ഷമാക്കി ഉയര്‍ത്തിയെങ്കിലും ദാരിദ്ര്യനിർമാർജനത്തിനോ തൊഴിലില്ലായ്മ കുറയ്ക്കുന്നതിനോ ഉൾപ്പെടെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനൊന്നും നിർദേശങ്ങളില്ല.
2025–30 കാലയളവിൽ 10 ലക്ഷം കോടി രൂപയുടെ ആസ്‌തി വിൽപനയാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നതെന്ന് ബജറ്റിൽ ധനമന്ത്രി അറിയിച്ചു. ആണവമേഖലയോടൈാപ്പം ഇൻഷുറൻസ് മേഖലയിലും റോഡ് നിർമാണത്തിലും സ്വകാര്യ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുന്ന ബജറ്റാണ് മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ രണ്ടാം ബജറ്റ്. തെരഞ്ഞെടുപ്പ് അടുത്ത ബിഹാറിലേക്ക് നിരവധി പദ്ധതികൾ കേന്ദ്ര സർക്കാർ എത്തിക്കാൻ ഒരുങ്ങുമ്പോൾ കേരളമുൾപ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളെ പൂർണമായും തഴയുകയാണ് ചെയ്തത്.
Related News
കേരളം ഉറ്റുനോക്കിയ 24,000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജും എയിംസോ ഒന്നും ഇത്തവണത്തെ ബജറ്റിലുമുണ്ടായില്ല. വയനാട് ദുരിതാശ്വാസത്തിനായി 2000 കോടിയുടെയും വന്യജീവി പ്രശ്‌നം പരിഹരിക്കാൻ 1000 കോടിയുടെയും പാക്കേജും രാജ്യത്തെ ഏറ്റവും പ്രധാന തുറമുഖമായി മാറുന്ന വിഴിഞ്ഞത്തിനായി 5000 കോടിയുടെ പ്രത്യേക പാക്കേജും ആവശ്യപ്പെട്ടിരുന്നു. ഇത് നൽകാനും കേന്ദ്രം തയ്യാറായില്ല.
കേന്ദ്ര ബജറ്റില്‍ ആണമേഖലയില്‍ സ്വകാര്യ പങ്കാളിത്തവും അറ്റോമിക് ആക്ടില്‍ ഭേദഗതി വരുത്തുമെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കി. 100 ഗിഗാ വാട്ടിന്റെ ആണവ നിലയങ്ങളും പ്രഖ്യാപനത്തിലുണ്ട്.
ഇന്‍ഷുറന്‍സ് മേഖലയിലെ നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) 74 ശതമാനം എന്നത് 100 ശതമാനമാക്കി ഉയർത്തി എന്നുള്ളതാണ് മറ്റൊരു പ്രഖ്യാപനം. ഈ തീരുമാനത്തോടെ ഇൻഷുറൻസ് മേഖല പൂർണമായും സർക്കാരിൽ നിന്ന് നഷ്‌ടപ്പെടുകയും സ്വകാര്യ വ്യക്തികളുടെ കയ്യിലാവുകയും ചെയ്യും. ഇതോടെ സ്വാഭാവികമായും ജനങ്ങൾക്ക് കിട്ടേണ്ട പല അവകാശങ്ങളും നഷ്‌ടമാവും.
ഇന്‍ഷുറന്‍സ് മേഖലയിലെ എഫ്ഡിഐ ഉയർത്തുന്നതിനോടൊപ്പം പണമടച്ച മൂലധനം കുറയ്ക്കുക, കോമ്പോസിറ്റ് ലൈസന്‍സിനുള്ള വ്യവസ്ഥകള്‍ എന്നിവ ഉള്‍പ്പെടുന്ന 1938 ലെ ഇന്‍ഷുറന്‍സ് നിയമത്തിലെ വിവിധ വ്യവസ്ഥകള്‍ ഭേദഗതി ചെയ്യാന്‍ ധനമന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്.









0 comments