പാവപ്പെട്ടവരുടെ ഉപജീവനമാർഗങ്ങൾക്ക് നേരേയുള്ള കടന്നാക്രമണം; ജനദ്രോഹബജറ്റിന്റെ കോപ്പികൾ കത്തിച്ച് പ്രതിഷേധിക്കുമെന്ന് കർഷക സംഘടനകൾ

ന്യൂഡൽഹി: കേന്ദ്രബജറ്റിൽ പ്രതിഷേധിച്ച് കർഷക സംഘടനകൾ. ഫെബ്രുവരി 5 ന് എസ്‌കെഎം–-ജെപിസിടിയും രാജ്യത്തുടനീളം പ്രതിഷേധം സംഘടിപ്പിക്കും. ബ്ജറ്റിൽ വിളകൾക്ക് മിനിമം താങ്ങുവില നിയമപരമായി ഉറപ്പാക്കൽ (എംഎസ്‌പി), കാർഷിക കടം എഴുതിത്തള്ളൽ എന്നിങ്ങനയുള്ള തങ്ങളുടെ ദീർഘകാല ആവശ്യങ്ങൾ "ക്രൂരമായി" അവഗണിച്ചതിന് കർഷക സംഘടനകൾ അപലപിച്ചു. കർഷക തൊഴിലാളി വിരുദ്ധ ബജറ്റാണ് കേന്ദ്രം അവതരിപ്പിച്ചതെന്നും ഇതൊരു കോർപ്പറേറ്റ് അനുകൂല ബജറ്റാണെന്നും കർഷക സംഘടനകൾ പറഞ്ഞു.
ഇൻഷ്വറൻസ് മേഖലയിൽ 100 ശതമാനം വിദേശനിക്ഷേപം അനുവദിക്കുകയും ഊർജമേഖല സ്വകാര്യവൽക്കരിക്കുകയും ചെയ്യുന്നതുൾപ്പടെയുള്ള നിർദ്ദേശങ്ങൾ അപകടകരമാണെന്ന് സംയുക്ത കിസാൻ മോർച്ച (എസ്‌കെഎം) പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ബജറ്റ് കൃഷി, ഉൽപ്പാദനം, സേവനങ്ങൾ തുടങ്ങി എല്ലാ മേഖലകളിലും കോർപ്പറേറ്റ് മേധാവിത്വം ശക്തമാക്കുന്നു.
"എല്ലാ വിളകൾക്കും C2+50 ശതമാനത്തിൽ നിയമപരമായി ഉറപ്പുനൽകുന്ന എംഎസ്‌പി എന്ന ദീർഘകാല ആവശ്യം ബജറ്റ് ക്രൂരമായി അവഗണിച്ചു. പാർലമെന്ററി സമിതി ശുപാർശ ചെയ്തിട്ടും കർഷകരുടെ വായ്പ എഴുതിത്തള്ളൽ പ്രഖ്യാപിച്ചിട്ടില്ലെന്നും കർഷക സംഘടനകൾ പറഞ്ഞു.
രാജ്യത്തെ ജനസംഖ്യയിൽ 50 ശതമാനത്തിലേറെ കർഷകരാണ്, എന്നാൽ മൊത്തം ബജറ്റിൽ (50,65,345 കോടി രൂപ) 1,71,437 കോടി രൂപയാണ് കാർഷിക മേഖലയ്ക്ക് നൽകിയിട്ടുള്ളത്. ഇത് 3.38 ശതമാനം മാത്രമാണ്. സമരം നടന്നിട്ടും ബജറ്റിൽ എംഎസ്പി പരാമർശിക്കാത്തത് വലിയ തിരിച്ചടിയാണെന്നും കർഷകർ പറഞ്ഞു.
അഖിലേന്ത്യാ കിസാൻ സഭ (എഐകെഎസ്) ബജറ്റിനെ കോർപ്പറേറ്റ് കൊള്ളക്കാർക്കും സമ്പന്നർക്കും വേണ്ടി തയ്യാറാക്കിയ ദരിദ്രവിരുദ്ധ ബജറ്റെന്ന് വിശേഷിപ്പിച്ചു. കർഷകരുടെയും തൊഴിലാളികളുടെയും അവശ ജനവിഭാഗങ്ങളുടെയും ഉപജീവനമാർഗങ്ങൾക്ക് നേരേയുള്ള കടന്നാക്രമണമാണ് കേന്ദ്രബജറ്റെന്ന് അഖിലേന്ത്യാ കിസാൻസഭ വിമർശിച്ചു. രാജ്യത്തുടീളം ജനദ്രോഹബജറ്റിന്റെ കോപ്പികൾ കത്തിച്ച് പ്രതിഷേധിക്കാനും അഖിലേന്ത്യാ കിസാൻസഭ ആഹ്വാനം ചെയ്‌തു.









0 comments