ബജറ്റ്‌ വളർച്ച ‘പൂജ്യം’

nirmala
avatar
എം പ്രശാന്ത്‌

Published on Feb 03, 2025, 03:14 AM | 3 min read

ന്യൂഡൽഹി: അഞ്ച്‌ ശതമാനം പണപ്പെരുപ്പംകൂടി കണക്കിലെടുക്കുമ്പോൾ ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ചത്‌ അഞ്ച്‌ പൈസയുടെ പോലും വർധനയില്ലാത്ത ബജറ്റ്‌. മുൻവർഷത്തെ ബജറ്റ്‌ 48.20 ലക്ഷം കോടി രൂപയുടേതായിരുന്നു. ഇപ്പോഴത്തേത്‌ 50.65 ലക്ഷം കോടിയുടേതും. 2.45 ലക്ഷം കോടി രൂപയാണ്‌ വർധന. മുൻവർഷത്തേക്കാൾ അഞ്ച്‌ ശതമാനം മാത്രം അധികം. എന്നാൽ ധനമന്ത്രി അവതരിപ്പിച്ച സാമ്പത്തികസർവേ പ്രകാരം നിലവിൽ രാജ്യത്തെ പണപ്പെരുപ്പം അഞ്ച്‌ ശതമാനമാണ്‌. ഇത് കണക്കിലെടുത്താൽ ഈ വർഷം ‘പൂജ്യ’മാണ്‌ ബജറ്റ്‌ വർധന. അതുകൊണ്ടുതന്നെയാണ്‌ കൃഷിക്കും മറ്റുമുള്ള വിഹിതത്തിൽ ഗണ്യമായ വെട്ടിക്കുറവുണ്ടായത്.


ഭക്ഷ്യ–വളം സബ്‌സിഡികളും കുറച്ചു. റെയിൽവെ വിഹിതത്തിലും വർധനയില്ല. തൊഴിലുറപ്പ്‌ പദ്ധതിയുടെ വിഹിതവും മാറ്റമില്ലാതെ തുടരുന്നു. പൊതുചെലവുകളിൽ വരുത്തിയ വെട്ടിക്കുറവും പിശുക്കും സാമ്പത്തികഭദ്രതയുടെ താളംതെറ്റിക്കും. പൊതുമുതൽമുടക്ക്‌ കുറയുന്നത്‌ സാമ്പത്തികവികാസത്തെയും തൊഴിലവസരങ്ങളുടെ സൃഷ്ടിയെയും ബാധിക്കും. വരുമാനനികുതി പരിധി വർധിപ്പിച്ച് മധ്യവർഗത്തിന്റെ കൈയടി വാങ്ങാൻ ശ്രമിച്ച ധനമന്ത്രി എന്നാൽ രാജ്യത്തെ 46 ശതമാനം ജനങ്ങൾ ആശ്രയിക്കുന്ന കാർഷികമേഖലയെ ദ്രോഹിച്ചു. പണപ്പെരുപ്പം കണക്കിലെടുക്കുമ്പോൾ കാർഷിക മേഖലയ്‌ക്കുള്ള വിഹിതത്തിൽ ആറു ശതമാനമാണ്‌ വെട്ടിക്കുറച്ചത്‌.


തൊഴിലുറപ്പ്‌ പദ്ധതിയുടെ വിഹിതം മുൻവർഷത്തെ 86000 കോടിയിൽനിന്ന്‌ ഒരുരൂപ പോലും കൂട്ടിയില്ല. ഇതിൽ 11000 കോടി വേതനത്തിനും വായ്‌പയ്‌ക്കും മറ്റുമായി പോകും. പണപ്പെരുപ്പംകൂടി പരിഗണിച്ചാൽ 17 ശതമാനത്തിന്റെ വെട്ടിക്കുറവാണ്‌ ഫലത്തിൽ. കർഷകർക്കുള്ള വിള ഇൻഷുറൻസ്‌ പദ്ധതിയിൽ യഥാര്‍ഥത്തിൽ 26 ശതമാനം വെട്ടിക്കുറവാണുണ്ടായത്. വളം സബ്‌സിഡി 1.71 ലക്ഷം കോടി രൂപയായിരുന്നത്‌ 1.67 ലക്ഷം കോടിയാക്കി. ഭക്ഷ്യസബ്‌സിഡിയിലും വർധനയില്ല. കോർപറേറ്റുകളെയും അതിസമ്പന്നരെയും തലോടുന്ന ബജറ്റ്‌ യഥാർഥത്തിൽ രാജ്യത്തെ സാധാരണ ജനവിഭാഗങ്ങളെ പലവിധത്തിൽ ദ്രോഹിക്കുകയാണ്‌.


രാജ്യവ്യാപക തൊഴിലാളി പ്രതിഷേധം 5ന്


ന്യൂഡൽഹി തൊഴിലാളിവിരുദ്ധ ജനദ്രോഹ കേന്ദ്രബജറ്റിനെതിരെ ഫെബ്രുവരി അഞ്ചിന് സിഐടിയു നേത-ൃത്വത്തിൽ രാജ്യത്ത് വന്‍പ്രതിഷേധം ഉയരും. തൊഴിലാളിവർഗത്തിന്റെ ദുരിതങ്ങളും ആശങ്കകളും അഭിസംബോധന ചെയ്യാതെ കൂടുതൽ കൊള്ളയടിക്കാനുള്ള വഞ്ചനാപരമായ മാർഗമായി ബജറ്റ് മാറിയെന്ന് സിഐടിയു വ്യക്തമാക്കി. നവലിബറൽ ശക്തികളുടെ താൽപ്പര്യം സംരക്ഷിക്കുന്ന ദേശവിരുദ്ധ ബജറ്റാണ് അവതരിപ്പിച്ചതെന്നും സിഐടിയു പ്രസ്‌താവനയിൽ പറഞ്ഞു. രാജ്യത്തുടനീളം ജനദ്രോഹബജറ്റിന്റെ പകർപ്പുകൾ കത്തിച്ച്‌ പ്രതിഷേധിക്കാൻ അഖിലേന്ത്യ കിസാന്‍സഭയും ആഹ്വാനംചെയ്‌തിട്ടുണ്ട്. സിഐടിയു അടക്കമുള്ള കേന്ദ്ര ട്രേഡ്‌ യൂണിയനുകളുടെ സംയുക്ത സമരവേദിയും കർഷക സംഘടനകളും ഒന്നിച്ചുള്ള പ്രതിഷേധം രാജ്യത്ത്‌ അലയടിക്കും.


വിദ്യാഭ്യാസ മേഖലയ്ക്ക് 
കടുത്ത അവ​ഗണന: എസ്എഫ്ഐ


ജിഡിപിയുടെ 0.5 ശതമാനവും ബജറ്റിന്റെ രണ്ട്‌ ശതമാനവും മാത്രം വരുന്ന തുച്ഛമായ തുകയാണ് കേന്ദ്രബജറ്റിൽ വിദ്യാഭ്യാസ മേഖലയ്ക്ക് വകയിരുത്തിയതെന്ന് എസ്എഫ്ഐ പ്രസ്താവനയിൽ പറഞ്ഞു. "100 ശതമാനം നല്ല നിലവാരമുള്ള സ്കൂൾ വിദ്യാഭ്യാസം',"എല്ലാവരെയും ഉൾക്കൊള്ളുന്ന വളർച്ച' എന്നീ വാഗ്ദാനം നടപ്പാക്കുന്നതിൽ കേന്ദ്രം പരാജയപ്പെട്ടു. പിഎം പോഷൺ പ​ദ്ധതിക്ക് 0.2 ശതമാനം മാത്രമാണ് വര്‍ധന. രാജ്യത്തെ 2.7 കോടി കുട്ടികള്‍ക്ക് ഭാരക്കുറവും 36 ശതമാനം കുട്ടികള്‍ക്കും വളര്‍ച്ച മുരടിപ്പുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുമ്പോഴാണ് ഒരു കുട്ടിക്ക് 5 പൈസയുടെ വര്‍ധനമാത്രം വരുത്തിയത്. ഉന്നത വിദ്യാഭ്യാസത്തിന് അഞ്ച്‌ ശതമാനം മാത്രമാണ് തുക വര്‍ധന. ദേശീയ വിദ്യാഭ്യാസനയത്തിലൂടെ വിദ്യാഭ്യാസത്തെ കൂടുതൽ വാണിജ്യവൽകരിച്ച് സമ്പന്നര്‍ക്ക് മാത്രം പ്രാപ്യമാക്കുകയും പാര്‍ശ്വവൽകരിക്കപ്പെട്ട സാഹചര്യങ്ങളിൽനിന്ന് വരുന്ന വിദ്യാര്‍ഥികളെ പുറന്തള്ളുകയും ചെയ്യുന്ന അന്തരീക്ഷമാണ് കേന്ദ്രം സൃഷ്ടിക്കുന്നതെന്നും ജനറൽ സെക്രട്ടറി മയൂഖ് ബിശ്വാസും പ്രസിഡന്റ് വി പി സാനുവും പ്രസ്താവനയി പറഞ്ഞു.


റെയിൽവേക്ക്‌ നയാപെെസയുടെ വർധനയില്ല


റെയിൽവേ വികസനത്തിനുള്ള മുതൽമുടക്ക്‌ ഓരോ വർഷവും വർധിപ്പിച്ചുകൊണ്ടിരുന്ന കീഴ്‌വഴക്കത്തിനും മോദി സർക്കാർ അന്ത്യം കുറിച്ചു. റെയിൽവേക്ക്‌ മൂലധന ചെലവിനായി അനുവദിച്ച വിഹിതത്തിൽ നയാപൈസയുടെ വർധനവില്ല. 2.65 ലക്ഷം കോടി രൂപയാണ്‌ കഴിഞ്ഞ ബജറ്റിൽ റെയിൽവേയുടെ വികസനപ്രവർത്തനങ്ങൾക്കായി അനുവദിച്ചത്‌. അതേ വിഹിതം തന്നെയാണ്‌ ഈ വർഷവും. അഞ്ചുശതമാനം പണപ്പെരുപ്പ നിരക്ക്‌ കണക്കിലെടുക്കുമ്പോൾ റെയിൽവെയുടെ വിഹിതത്തില്‍ അത്രയും തന്നെ ഇടിവുണ്ടായിട്ടുണ്ട്‌. റെയിൽവെ വികസനത്തിനായി 2025–-26 ബജറ്റിൽ മൂന്നു ലക്ഷം കോടിയെങ്കിലും അനുവദിക്കുമെന്നാണ്‌ പ്രതീക്ഷിക്കപ്പെട്ടത്‌. റെയിൽവെ വികസനപ്രവർത്തനങ്ങളെയുംസുരക്ഷിതയാത്ര ഉറപ്പാക്കാനുള്ള ശ്രമങ്ങളെയും ബജറ്റിലെ അവഗണന ബാധിക്കുമെന്ന്‌ തീർച്ചയാണ്‌. 2025 ഓടെ 400 വന്ദേഭാരത്‌ ട്രെയിനുകൾ, റെയിൽസുരക്ഷ ഉറപ്പാക്കുന്ന കവച്‌ സംവിധാനം രണ്ടായിരം കിലോമീറ്റർ ദൂരം റെയിൽപാളത്തിൽ ഉറപ്പുവരുത്തുക, തുറമുഖം, കൽക്കരി, സിമന്റ്‌, ഭക്ഷ്യധാന്യം, ഉരുക്ക്‌ തുടങ്ങിയ നിർണായക ചരക്കുകളുടെ നീക്കത്തിനായി പ്രത്യേക പശ്‌ചാത്തല സൗകര്യ പദ്ധതികൾ, നാലായിരം സാധാരണ ട്രെയിൻ ബോഗികളെ വന്ദേഭാരത്‌ നിലവാരത്തിലേക്ക്‌ ഉയർത്തൽ തുടങ്ങിയ പ്രഖ്യാപനങ്ങൾ നേരത്തെ നടത്തിയി
രുന്നു. എന്നാൽ 75 വന്ദേഭാരത്‌ ട്രെയിനുകളാണ്‌ യാഥാർഥ്യമായത്‌. കവച്‌ സംവിധാനം 1400 കി.മീ ദൂരം പിന്നിട്ടപ്പോൾ നിലച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home