രാഹുലിന്റെ വോട്ട് ചോരി ക്യാമ്പയിനെതിരെ കോൺഗ്രസിനുള്ളിൽ മുറുമുറുപ്പ്

ന്യൂഡൽഹി : തെരഞ്ഞെടുപ്പ് കമീഷനെതിരെ ആരോപണങ്ങൾ ഉന്നയിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വോട്ട് ചോരി ക്യാമ്പയിൻ നടത്തുമ്പോൾ കോൺഗ്രസിനുള്ളിൽ തന്നെ മുറുമുറുപ്പ് ഉയരുന്നതായി റിപ്പോർട്ട്. ക്യാമ്പയിന്റെ ഭാവി സാധ്യതയെക്കുറിച്ചാണ് പാർടിയിൽ ഭിന്നതയുണ്ടായതെന്നാണ് വിവരം. രാഹുൽ ഇലക്ഷൻ കമീഷനിലും ബിഹാറിലെ വോട്ട് കൊള്ളയിലും മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നും അതിനേക്കാൾ പ്രാധാന്യമുള്ള മറ്റ് പല പ്രശ്നങ്ങളിലും ശ്രദ്ധിക്കുന്നില്ലെന്നും ഒരു വിഭാഗം കോൺഗ്രസ് നേതാക്കാൾ പരാതി ഉന്നയിക്കുന്നതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
രാഹുൽ ശരിയായ പാതയിലാണെന്നാണ് ഒരു വിഭാഗം ശക്തമായി വിശ്വസിക്കുന്നതെന്നും ബിഹാറിൽ നടത്തിയ 'വോട്ടർ അധികാർ യാത്ര'യുടെ വിജയം ഉദാഹരണമായി ചൂണ്ടിക്കാണിക്കുകയും ചെയ്യുമ്പോൾ, സാമൂഹിക നീതി, തൊഴിലില്ലായ്മ തടയുന്നതിൽ നിതീഷ് കുമാർ ഭരണകൂടത്തിന്റെ പരാജയം, ചോദ്യപേപ്പർ ചോർച്ച തുടങ്ങിയ വിശാലമായ വിഷയങ്ങളെക്കാൾ ബിഹാറിലെ വോട്ട് മോഷണത്തിനെതിരായ പ്രചാരണത്തിന് കോൺഗ്രസ് പ്രാധാന്യം നൽകുന്നതിൽ ആശങ്ക പ്രകടിപ്പിച്ച മറ്റൊരു വിഭാഗം നേതാക്കളുണ്ടെന്നാണ് ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട്.
രാഹുലിന്റെ നിലവിലെ നടപടി ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും ഇന്ത്യൻ ജനാധിപത്യത്തെ നിയമവിരുദ്ധമാക്കും എന്നുമാണ് ഒരു വിഭാഗത്തിന്റെ വാദം. ഹൈജ്രജൻ ബോംബ് പുറത്തുവിടുമെന്ന് പറഞ്ഞ് വാർത്താ സമ്മേളനം വിളിച്ച ശേഷം ചുരുക്കം ചില ആരോപണങ്ങൾ ഉന്നയിച്ച് ഹൈഡ്രജൻ ബോംബ് പിന്നാലെ വരുമെന്നു പറഞ്ഞാണ് രാഹുൽ വാർത്താസമ്മേളനം അവസാനിപ്പിച്ചത്. ഇതോടെ രാഹുൽ പുറത്തുവിടുമെന്നു പറഞ്ഞ ഹൈഡ്രജൻ ബോംബിന്റെ വിശ്വാസ്യതയിലും കോൺഗ്രസിൽ മുറുമുറുപ്പ് ഉയർന്നിട്ടുണ്ട്. വിശ്വാസ്യത എത്രത്തോളം കാത്തുസൂക്ഷിക്കാനാകുമെന്ന് അണികൾക്കിടയിൽ തന്നെ സംശയം ഉയർന്നിട്ടുണ്ട്.
ഈ വിഷയത്തിൽ കോടതികളെ സമീപിക്കുമോ എന്ന് പത്രസമ്മേളനത്തിൽ ചോദിച്ചപ്പോൾ രാഹുൽ ഗാന്ധി മറുപടി നൽകിയില്ല. വോട്ട് ചോർത്തൽ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ പാർടി പ്രത്യേക ആവശ്യങ്ങളൊന്നും മുന്നോട്ടുവച്ചിട്ടില്ല എന്നതും മിക്ക കോൺഗ്രസ് നേതാക്കൾക്കും വിഷയത്തെക്കുറിച്ച് വ്യക്തതയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ കോടതിയിൽ പോകുന്നത് പ്രതികൂലമായ വിധിയുണ്ടാക്കുമെന്നും കോൺഗ്രസ് പ്രചാരണം തകരുമെന്നും മറ്റൊരു വിഭാഗം നേതാക്കൾ പറയുന്നു. ഇന്ത്യൻ ജനാധിപത്യം കൃത്രിമമാണെന്ന് പറയാനാണ് രാഹുൽ ശ്രമിക്കുന്നതെന്നാണ് മുതിർന്ന കോൺഗ്രസ് നേതാവിന്റെ അഭിപ്രായം. രാഹുൽ ഉന്നയിച്ച ആരോപണങ്ങൾ ഉന്നതതലത്തിലുള്ള സ്വജനപക്ഷപാതവും സംഘടനാ ജീർണ്ണതയും മറച്ചുവെക്കാനുള്ള ശ്രമമാണെന്ന് മറ്റൊരു കോൺഗ്രസ് നേതാവ് പറഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു.
ബിജെപിക്കെതിരായ കോൺഗ്രസിന്റെ പ്രധാന പ്രചാരണമാർഗം വോട്ട് മോഷണം മാത്രമാണോ എന്ന് സംശയമുന്നയിക്കുന്ന നേതാക്കളുമുണ്ട്. ആയിരിക്കണമോ എന്ന് ചിലർ ചോദിക്കുന്നു - ബിഹാറിലും കോൺഗ്രസ് ശ്രദ്ധ കേന്ദ്രീകരിച്ചത് നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിനെതിരെയുള്ള ആരോപണം, തൊഴിലവസരങ്ങളുടെ അഭാവം, പേപ്പർ ചോർച്ച എന്നിവയിലായിരുന്നു. എന്നാൽ അതിനുശേഷം കോൺഗ്രസിന്റെ ബിഹാർ തെരഞ്ഞെടുപ്പ് ച്രചരണം 'വോട്ട് മോഷണം' എന്നതിലേക്ക് ചുരുങ്ങി. എന്നാൽ തെരഞ്ഞെടുപ്പിൽ എസ്ഐആർ (SIR) പ്രശ്നം പ്രതിധ്വനിക്കുന്നില്ലെന്നും തിരഞ്ഞെടുപ്പ് വരുമ്പോഴേക്കും ജനങ്ങൾ ഇത് മറന്നുപോകുമെന്നുമെന്നും അണികളിൽ നിന്നുതന്നെ അഭിപ്രായമുയർന്നതോടെയാണ് പാർട്ടി നേതാക്കളും ആശങ്കയിലായതെന്ന് റിപ്പോർട്ടിൽ പറയുന്നു.









0 comments