വധശിക്ഷയ്ക്ക് വിധിച്ച ഇന്ത്യൻ വനിതയുടെ ശിക്ഷ നടപ്പാക്കിയതായി യുഎഇ

ന്യൂഡൽഹി: വധശിക്ഷയ്ക്ക് വിധിച്ച ഇന്ത്യൻ വനിതയുടെ ശിക്ഷ നടപ്പാക്കിയതായി യുഎഇ. ഉത്തർപ്രദേശ് സ്വദേശി ഷഹ്‌സാദി ഖാൻ(35) എന്ന യുവതിയുടെ വധശിക്ഷ നടപ്പാക്കിയതായി വിദേശകാര്യ മന്ത്രാലയം ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. അബുദാബിയിൽ നാല് മാസം പ്രായമുള്ള കുട്ടി മരിച്ച കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് അബുദാബിയിലെ അൽ വത്ബ ജയിലിൽ തടവിലായിരുന്നു ഷഹ്‌സാദി ഖാൻ.
2025 ഫെബ്രുവരി 15ന് യുഎഇയുടെ നിയമങ്ങൾക്കും ചട്ടങ്ങൾക്കും അനുസൃതമായി ഷഹ്‌സാദി ഖാൻ്റെ വധശിക്ഷ നടപ്പാക്കിയതെന്ന് വിദേശകാര്യ മന്ത്രി കോടതിയെ അറിയിച്ചു. ഫെബ്രുവരി 28ന് യുഎഇയിലെ ഇന്ത്യൻ എംബസിക്ക് സർക്കാരിൽ നിന്ന് ഖാൻ്റെ വധശിക്ഷ സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ലഭിച്ചതായി അഡീഷണൽ സോളിസിറ്റർ ജനറൽ (എഎസ്ജി) ചേതൻ ശർമ പറഞ്ഞു.
2025 മാർച്ച് 5ന് മൃതദേഹം സംസ്കരിക്കാനുള്ള നടപടികൾ ക്രമീകരിച്ചിട്ടുണ്ടെന്നും അധികൃതർ സാധ്യമായ എല്ലാ സഹായവും ഉറപ്പുവരുത്തുമെന്നും ചേതൻ ശർമ കൂട്ടിച്ചേർത്തു. ഷഹ്‌സാദിയുടെ പിതാവ് ഷബീർ ഖാൻ മകളുടെ നിലവിലെ ശിക്ഷാ നടപടികളെക്കുറിച്ചുള്ള അവസ്ഥ എന്ത് എന്നത് സംബന്ധിച്ച വിവരങ്ങൾ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതിനെ തുടർന്നാണ് വധശിക്ഷ നടപ്പിലാക്കിയ വിവരം അറിയുന്നത്.
നിയമപരമായ വിസ ലഭിച്ചതിന് ശേഷം 2021 ഡിസംബറിലാണ് തൻ്റെ മകൾ അബുദാബിയിലേക്ക് പോയതെന്ന ഷബീർ ഖാൻ്റെ ഹർജിയിൽ പറയുന്നു. ഫൈസ്-നദിയ ദമ്പതികളുടെ വീട്ടിലാണ് ഷഹ്‌സാദിയ പരിചാരക ജോലിക്കായി പോയത്. ഡിസംബർ 7ന് ദമ്പതികളുടെ നാല് മാസം പ്രായമുള്ള കുഞ്ഞ് പ്രതിരോധ കുത്തിവയ്പ്പ് എടുത്തതിന് പിന്നാലെ മരിച്ചു.
കുഞ്ഞ് മരിച്ചത് ഷഹ്സാദിയ കാരണമാണെന്ന് ദമ്പതികൾ ആരോപിച്ചു. എന്നാൽ ചികിത്സ കിട്ടാത്തതിനെത്തുടർന്നാണു കുഞ്ഞ് മരിച്ചതെന്നു ഷഹ്‌സാദിയും പിതാവും വാദിച്ചു. കേസിൽ 2023ലാണ് അബുദാബി കോടതി ഷഹ്‌സാദിക്ക് വധശിക്ഷ വിധിച്ചത്.









0 comments