ഇന്ത്യക്കുള്ള തീരുവ 50 ശതമാനമാകും ,റഷ്യൻ ക്രൂഡോയില്‍ വാങ്ങുന്നതിന്റെ പേരിലാണ് പ്രതികാര തീരുവകൂടി ചുമത്തിയത്
ട്രംപിന്റെ ഇരട്ടപ്രഹരം ; 25 ശതമാനം അധിക തീരുവകൂടി ഇന്ന് പ്രാബല്യത്തിൽ

എം പ്രശാന്ത്
Published on Aug 27, 2025, 01:56 AM | 1 min read
ന്യൂഡൽഹി
റഷ്യൻ ക്രൂഡോയില്‍ വാങ്ങുന്നതിന്റെ പേരിൽ ഇന്ത്യക്കുമേൽ അമേരിക്ക അടിച്ചേൽപ്പിച്ച 25 ശതമാനം അധികതീരുവ ബുധനാഴ്‌ച മുതൽ നിലവിൽ വരും. യുഎസ് സമയം ചൊവ്വ അർധരാത്രിയോടെയാണ് (ഇന്ത്യൻ സമയം ബുധൻ രാവിലെ 9.30) പ്രാബല്യത്തിലാകുക. ഇതോടെ യുഎസ് ഇറക്കുമതി ചെയ്യുന്ന ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ തീരുവ 50 ശതമാനമാകും.
ആദ്യം പ്രഖ്യാപിച്ച "പകരം തീരുവ' 25 ശതമാനം ആഗസ്‌ത് ആദ്യം നിലവിൽവന്നിരുന്നു.
ടെക്‌സ്റ്റൈൽസ്, തുകൽ, ആഭരണം, സമുദ്രോൽപ്പന്നം തുടങ്ങി പ്രധാന കയറ്റുമതി മേഖലകളിലായി ലക്ഷക്കണക്കിന് തൊഴിൽ നഷ്‌ടമാകാനും ജിഡിപി ഇടിവിനും ഉയര്‍ന്ന തീരുവ കാരണമാകും. ട്രംപ് ഭരണകൂടത്തിന്റെ പ്രതികാരത്തീരുവ സൃഷ്‌ടിക്കുന്ന ആഘാതം ചെറുക്കാൻ ഒരു നടപടിയും മോദി സർക്കാർ സ്വീകരിച്ചില്ലെന്ന വിമർശം ശക്തം. ഇന്ത്യയിൽനിന്ന് യുഎസിലേക്കുള്ള കയറ്റുമതിയുടെ 66 ശതമാനത്തെയും ഉയർന്ന തീരുവ ദോഷകരമായി ബാധിക്കും. ഇന്ത്യയുടെ ആകെ കയറ്റുമതിയുടെ 18 ശതമാനം അമേരിക്കയിലേക്കാണ്.
ഉയർന്ന തീരുവ നടപ്പാക്കുന്നതിന് മുന്നോടിയായുള്ള കരടു നോട്ടീസ് തിങ്കളാഴ്‌ച തന്നെ ട്രംപ് ഭരണകൂടം പുറത്തുവിട്ടു. ഇതുപ്രകാരം ബുധനാഴ്‌ചയ്‌ക്ക് മുമ്പ് കപ്പലിൽ കയറ്റുകയും 17ന് മുമ്പ് യുഎസിൽ എത്തുകയും ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക് ഉയർന്ന തീരുവ ബാധകമാവില്ല. ജീവകാരുണ്യ സംഭാവനകൾ, പുസ്‌തകങ്ങള്‍, സിനിമ, വാർത്താവിനിമയം തുടങ്ങിയവയെ ഒഴിവാക്കി. ഫോൺ അടക്കമുള്ള ഇലക്‌ട്രോണിക്ക് ഉപകരണങ്ങൾക്കും മരുന്നിനും തീരുവയില്ല.
ഇരുമ്പ്– ഉരുക്ക്, അലുമിനിയം, ചെമ്പ്, യാത്രാവാഹനങ്ങൾ, വാഹന ഘടകങ്ങള്‍ എന്നിവയുടെ തീരുവ 25 ശതമാനത്തിൽ തുടരും. ഇന്ത്യ –യുഎസ് വ്യാപാരം നിലവിൽ 11.47 ലക്ഷം കോടി രൂപയുടേതാണ്. ഇതിൽ 7.53 ലക്ഷം കോടിയും ഇന്ത്യയിൽനിന്ന് യുഎസിലേക്കുള്ള കയറ്റുമതിയാണ്. ഇറക്കുമതി 3.94 ലക്ഷം കോടി രൂപയുടേതും.









0 comments