കലാപത്തീയില്‍ രണ്ടാണ്ട്; സമാധാനം കൊതിച്ച് മണിപ്പുര്‍ ജനത

ന്യൂഡൽഹി: കലാപത്തീയിൽനിന്ന് മോചനമില്ലാതെ മണിപ്പുർ രണ്ട്‌വർഷം പിന്നിട്ടു. മെയ്‌ത്തീ ഭൂരിപക്ഷമുള്ള ഇംഫാൽ താഴ്‌വരയിലും കുക്കികളുടെ പർവത മേഖലകളിലും കടകളും റോഡുകളും സ്ഥാപനങ്ങളും ശനിയാഴ്‌ച അടഞ്ഞു കിടന്നു. സമാധാനം ആവശ്യപ്പെട്ട് ഗോത്ര സംഘടനകളുടെ സംയുക്ത സമിതിയുടെ നേതൃത്വത്തിൽ വിവിധ ഭാഗങ്ങളിൽ റാലി നടത്തി. കലാപത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ഓർമയ്ക്കായി കുക്കികളും മെയ്‌ത്തീകളും പ്രത്യേകം അനുസ്മരണ പരിപാടി നടത്തി. ബിജെപിയുടെ "ഇരട്ട എഞ്ചിൻ' ഭരണത്തിനുകീഴിൽ തുടങ്ങിയ കലാപത്തിൽ ഇതുവരെ 258പേർ കൊല്ലപ്പെട്ടതായാണ് കണക്ക്. നിരവധിപ്പേർ പലായനം ചെയ്‌തു. വീടുകളും പള്ളികളും വ്യാപകമായി അഗ്‌നിക്കിരയാക്കി. ബിരേൻ സിങ് സർക്കാർ രാജിവച്ചതോടെ ഫെബ്രുവരിയിൽ രാഷ്‌ട്രപതിഭരണം പ്രഖ്യാപിച്ചെങ്കിലും സമാധാനം പുനഃസ്ഥാപിക്കപ്പെട്ടില്ല.
പ്രത്യേക ഭരണ മേഖല വേണമെന്ന ആവശ്യത്തിൽ കുക്കികൾ ഉറച്ചുനിൽക്കുന്നു. കേന്ദ്രം നടത്തുന്ന ചർച്ചകൾ പ്രഹസനമാണെന്ന് ബിജെപി പിന്തുണയ്‌ക്കുന്ന മെയ്‌ത്തീ സംഘടനകൾതന്നെ തുറന്നുപറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യംവച്ച് 10 ദിവസത്തിനിടെ രണ്ടാംതവണയും ബിഹാർ സന്ദർശിക്കാനൊരുങ്ങുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി മണിപ്പുരിലേക്ക് ഇതുവരെ തിരിഞ്ഞുനോക്കിയിട്ടില്ല. 2024 നവംബറിനുശേഷം മണിപ്പുരിൽ സംഘർഷം ഉണ്ടായില്ലെന്നും ആരും കൊല്ലപ്പെട്ടില്ലെന്നുമാണ് ആഭ്യന്തരമന്ത്രി അമിത്‌ഷാ ലോക്‌സഭയെ ധരിപ്പിച്ചത്. എന്നാൽ, നവംബർ മുതൽ മാർച്ച് വരെ 21 പേർ കൊല്ലപ്പെട്ടതായി സംസ്ഥാനത്തിന്റെ കണക്കുകൾ. നവംബറിൽ ജിരിബാമിലുണ്ടായ സംഘർഷത്തിൽ എട്ട് മാസം പ്രായമായ കുഞ്ഞുൾപ്പെടെ 20ലേറെ പേർ കൊല്ലപ്പെട്ടു. ഡ്രോണുകൾ ഉപയോഗിച്ച് വരെ ആക്രമണങ്ങൾ നടന്നു.









0 comments