വീണ്ടും കുടിയിറക്കി അമേരിക്ക; ഇന്ത്യക്കാരുമായി രണ്ട് വിമാനങ്ങൾ നാളെ അമൃത്‍സറിൽ എത്തും

ന്യൂഡൽഹി: ഇന്ത്യൻ കുടിയേറ്റക്കാരെ വീണ്ടും നാടുകടത്താൻ ഒരുങ്ങി അമേരിക്ക. 119 പേരെയുമായി രണ്ട് വിമാനങ്ങൾ നാളെ ഇന്ത്യയിലെത്തുമെന്നാണ് വിവരം. അമൃത്‍സർ വിമാനത്താവളത്തിലായിരിക്കും രണ്ടാം ഘട്ടത്തിലും വിമാനങ്ങളെത്തുകയെന്ന് പഞ്ചാബ് സർക്കാർ അറിയിച്ചു. എന്നാൽ നാളെ എത്തുന്നത് സൈനിക വിമാനങ്ങളാണോ എന്നത് വ്യക്തമല്ല. ആകെ 487 പേരെ അമേരിക്ക നാട് കടത്തുമെന്നാണ് അറിയിച്ചിരുന്നത്. നേരത്തെ 119 പേരെ ഇന്ത്യയിലെത്തിച്ചിരുന്നു.
അമേരിക്കയിലുള്ള ഇന്ത്യൻ കുടിയേറ്റക്കാരെ കൂട്ടത്തോടെ പുറത്താക്കുന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നടപടികളുടെ ഭാഗമായാണ് ഇവരെ ഇന്ത്യയിലേക്ക് എത്തിക്കുന്നത്. ഈ മാസം 6ന് ഇന്ത്യക്കാരെ അമേരിക്കയിൽ നിന്നും ചങ്ങലയിൽ ബന്ധിച്ച് അമൃത്‌സറിൽ എത്തിച്ചത് വലിയ ചര്‍ച്ചയായിരുന്നു. യുഎസ് സൈനികവിമാനമായ ‘സി 17’ നിലാണ് 104 ഇന്ത്യക്കാരെ അമൃത്‌സറിൽ എത്തിച്ചത്. 13ന് പ്രധാനമന്ത്രി നരേന്ദ്രമോദി യുഎസിലെത്തി ട്രംപുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടാം ഘട്ടം കുടിയേറ്റക്കാരുമായി വിമാനം ഇന്ത്യയിലെത്തുന്നത്.
ട്രംപുമായുള്ള കൂടിക്കാഴ്ചയിൽ നരേന്ദ്ര മോദി അമേരിക്കയുമായി ആണവ കരാറിൽ ഒപ്പുവച്ചു. ഇന്ത്യയിൽ പ്രാദേശികവൽക്കരണത്തിലൂടെയും സാങ്കേതിക കൈമാറ്റത്തിലൂടെയും അമേരിക്കൻ രൂപകല്പന ചെയ്ത ആണവ റിയാക്ടറുകൾ നിർമ്മിക്കാനുള്ള പദ്ധതികളിൽ മുന്നോട്ട് പോകാനാണ് നീക്കം. അതേസമയം, ഇറക്കുമതി തീരുവയിൽ വിട്ടുവീഴ്ചയില്ലെന്നാണ് ട്രംപിന്റെ നിലപാട്. യുഎസിന് ഇറക്കുമതി തീരുവ ചുമത്തുന്ന രാജ്യങ്ങൾക്ക് തിരിച്ചടി തീരുവ ചുമത്തുമെന്ന പ്രഖ്യാപനത്തിൽ ഇളവ് നൽകാൻ ട്രംപ് തയാറായിട്ടില്ല.









0 comments