-‘മൈ ഫ്രണ്ടി’ൽ വിശ്വസിച്ചതിന് കിട്ടിയ ഇരുട്ടടി
ട്രംപിന്റെ അധിക തീരുവ ; ലക്ഷങ്ങള്‍ക്ക് തൊഴിൽ പോകും

ന്യൂഡൽഹി
ടെക്‌സ്റ്റൈൽസ്, വജ്രം അടക്കമുള്ള ആഭരണങ്ങൾ, തുകലും ചെരിപ്പുകളും, സമുദ്രോൽപ്പന്നങ്ങൾ തുടങ്ങി ഇന്ത്യയുടെ പ്രധാന കയറ്റുമതി മേഖലകളെയാകെ യുഎസിന്റെ 50 ശതമാനം അധിക തീരുവ ദോഷകരമായി ബാധിക്കും. യുഎസിലേക്കുള്ള ഇന്ത്യയുടെ ആകെ കയറ്റുമതി 7.53 ലക്ഷം കോടി രൂപയുടേതാണ്. ഇതിൽ 5.24 ലക്ഷം കോടി രൂപയുടെ (66 ശതമാനം) കയറ്റുമതിക്ക് ഉയർന്ന തീരുവ തിരിച്ചടിയാകും.
യുഎസിലേക്കുള്ള മൊത്തം കയറ്റുമതി 43 ശതമാനം വരെ ഇടിയാം. ബാധിക്കപ്പെടുന്ന മേഖലകളിൽ ആകെ കയറ്റുമതി 5.24 ലക്ഷം കോടിയിൽ നിന്ന് 1.62 ലക്ഷം കോടിയായി ഇടിയും. 2.4 ലക്ഷം കോടി രൂപയുടെ കയറ്റുമതി (മരുന്ന്, ഇലക്‌ട്രോണിക്‌സ്, പെട്രോളിയം) തീരുവരഹിതമായി തുടരും. 28580 കോടി രൂപയുടെ വാഹനഘടക കയറ്റുമതി 25 ശതമാനം തീരുവ നിരക്കിൽ തുടരും.
ടെക്‌സ്‌റ്റൈൽസ് മേഖലയെയാണ് ട്രംപിന്റെ 50 ശതമാനം തീരുവ ഏറ്റവും പ്രതിസന്ധിയിലാക്കുക. 1.62 ലക്ഷം കോടി രൂപയുടെ യുഎസിലേക്കുള്ള കയറ്റുമതിയിൽ 43 ശതമാനത്തോളം ഇടിവുണ്ടാകും. ആയിരക്കണക്കിനാളുകളാണ് തൊഴിൽനഷ്‌ട ഭീഷണി നേരിടുന്നത്.
ഇന്ത്യയിൽ നിന്നുള്ള ആകെ ആഭരണ കയറ്റുമതി 2.48 ലക്ഷം കോടി രൂപയുടേതാണ്. ഇതിൽ 87,000 കോടി രൂപയുടെ കയറ്റുമതിയും യുഎസിലേക്കാണ്. ലക്ഷങ്ങളാണ് തൊഴിൽനഷ്‌ടമാകുമെന്ന ആശങ്കയിലുള്ളത്. ഇന്ത്യയിൽനിന്ന് യുഎസിലേക്കുള്ള സമുദ്രോൽപ്പന്ന കയറ്റുമതി അറുപതിനായിരം കോടി രൂപയുടേതാണ്. ഇതിൽ 40 ശതമാനവും ചെമ്മീനാണ്. യുഎസിലേക്കുള്ള സമുദ്രോൽപ്പന്ന കയറ്റുമതിയിൽ 24000 കോടി രൂപയുടെ നഷ്‌ടമാണ് പ്രതീക്ഷിക്കുന്നത്. തുകലും ചെരിപ്പുമാണ് ബാധിക്കപ്പെടുന്ന മറ്റൊരു പ്രധാന മേഖല. ആകെ കയറ്റുമതിയുടെ 20 ശതമാനവും യുഎസിലേക്കാണ്. പ്രതിവർഷം 76000 കോടി രൂപയുടെ കയറ്റുമതിയാണ് യുഎസിലേക്കുള്ളത്. ഇൗ മേഖലയിലും വൻതോതിൽ തൊഴിൽനഷ്‌ടമുണ്ടാകും.
‘മൈ ഫ്രണ്ടി’ൽ വിശ്വസിച്ചതിന് കിട്ടിയ ഇരുട്ടടി
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ‘മൈ ഫ്രണ്ട്’ ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച 50 ശതമാനം അധിക തീരുവ ഇന്ത്യക്ക് ഇരുട്ടടിയായി. ട്രംപ് രണ്ടാമതും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഘട്ടം മുതൽ ഇന്ത്യ, ചൈന, ബ്രസീൽ തുടങ്ങിയ രാജ്യങ്ങൾക്കെതിരായി അധിക തീരുവ ഭീഷണി ഉയർത്തിയിരുന്നു. ഏതാണ്ട് ഏഴു മാസത്തോളം സമയമുണ്ടായിട്ടും യുഎസിനെ ആശ്രയിച്ചു നിൽക്കുന്ന പ്രധാന കയറ്റുമതി മേഖലകളെ സംരക്ഷിക്കാൻ ഒരു നടപടിയും മോദി സർക്കാർ സ്വീകരിച്ചില്ല.
പുതിയ സാധ്യതകൾ കണ്ടെത്തുക, ആഭ്യന്തര ഉപഭോഗം വർധിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുക, അധിക തീരുവ ആഘാതത്തിൽനിന്ന് സംരക്ഷിക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്‌കരിക്കുക തുടങ്ങിയ അടിയന്തര നടപടികളിലേക്ക് സർക്കാർ കടക്കേണ്ടിയിരുന്നു. എന്നാൽ ഏതെല്ലാം വിധം ട്രംപ് ഭരണകൂടത്തെ പ്രീതിപ്പെടുത്താം എന്നതിൽ മാത്രമാണ് സർക്കാർ ഉൗന്നിയത്. ലോകത്തിലെ രണ്ടാമത്തെ വലിയ വിപണിയായ ചൈനയുമായുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്താൻ നേരത്തെ തന്നെ ശ്രമിക്കേണ്ടിയിരുന്നു. എന്നാൽ ട്രംപിന്റെ 50 ശതമാനം തീരുവ ഇടിത്തീയായി വീഴുന്നുവെന്ന് തീർച്ചയായ ഘട്ടത്തിൽ മാത്രമാണ് ബീജിങ്ങിനെ തേടി മോദി സർക്കാർ പോയത്. റഷ്യ, ചൈന, ബ്രസീൽ എന്നീ രാജ്യങ്ങളുമായി ബന്ധം മെച്ചപ്പെടുത്തി പിടിച്ചുനിൽക്കാനാണ് നിലവിൽ സർക്കാരിന്റെ ശ്രമം. അമേരിക്കൻ വിധേയത്വം അവസാനിപ്പിച്ച് ബഹുധ്രുവ ലോകത്തിനായി തുടക്കം മുതൽ നിലകൊണ്ടിരുന്നെങ്കിൽ ഇപ്പോഴത്തെ ദുരവസ്ഥ ഒഴിവാക്കാമായിരുന്നു.









0 comments