റഷ്യൻ ക്രൂഡോയിൽ വാങ്ങുന്നുവെന്ന പേരില്‍ 
പ്രതികാര നടപടി , വസ്ത്രം, തുകൽ, ആഭരണം, സമുദ്രോൽപ്പന്നം 
 തുടങ്ങിയ കയറ്റുമതി മേഖലകള്‍ ആശങ്കയില്‍

യുഎസിന്റെ അധികതീരുവ നാളെ മുതല്‍ ; അമേരിക്ക ഏറ്റവും കൂടുതൽ ഇറക്കുമതി തീരുവ
 ചുമത്തുന്ന രാജ്യമായി ഇന്ത്യ

Trump's Tariff in india
വെബ് ഡെസ്ക്

Published on Aug 26, 2025, 03:47 AM | 2 min read


ന്യൂഡൽഹി

റഷ്യൻ ക്രൂഡോയിൽ വാങ്ങുന്നുവെന്ന പേരിൽ ട്രംപ്‌ ഭരണകൂടം അടിച്ചേൽപ്പിച്ച 25 ശതമാനം അധികതീരുവ യുഎസ്‌ സമയം ചൊവ്വ അർധരാത്രി മുതൽ (ആഗസ്ത് 27) പ്രാബല്യത്തിലാകും. ഇതോടെ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കുമേൽ ട്രംപ്‌ ഭരണകൂടം ചുമത്തുന്ന ആകെ അധികതീരുവ 50 ശതമാനത്തിലേക്ക്‌ ഉയരും. ഇതോടെ അമേരിക്ക ഏറ്റവും കൂടുതൽ ഇറക്കുമതി തീരുവ ചുമത്തുന്ന രാജ്യമായി ബ്രസീലിനൊപ്പം ഇന്ത്യയും മാറും. സ്വിറ്റ്‌സർലൻഡ്‌– 39 ശതമാനം, കാനഡ– 35 ശതമാനം, ചൈന, ദക്ഷിണാഫ്രിക്ക– 30 ശതമാനം, മെക്‌സിക്കോ– 25 ശതമാനം എന്നീ രാജ്യങ്ങളാണ്‌ ഉയർന്ന തീരുവ പട്ടികയിൽ പിന്നാലെയുള്ളത്‌.


ഇടക്കാല വ്യാപാര കരാറിൽ എത്തുന്നതിനായി ഇന്ത്യയുടെയും യുഎസിന്റെയും പ്രതിനിധി സംഘം ചർച്ച നടത്തിവരുന്ന ഘട്ടത്തിലാണ്‌ ആദ്യം പ്രഖ്യാപിച്ച 25 ശതമാനത്തിന്‌ പുറമെ 25 ശതമാനം അധികതീരുവ കൂടി ട്രംപ്‌ അപ്രതീക്ഷിതമായി പ്രഖ്യാപിച്ചത്‌. റഷ്യൻ എണ്ണ വാങ്ങുന്നവെന്ന്‌ ആരോപിച്ചായിരുന്നു നടപടി. ഇതോടെ വ്യാപാര കരാറിനായുള്ള ചർച്ച താളംതെറ്റി. അഞ്ചാം റ‍ൗണ്ട്‌ ചർച്ചകൾക്കായുള്ള യുഎസ്‌ സംഘത്തിന്റെ ഇന്ത്യാസന്ദർശനം റദ്ദാക്കി.


ഉക്രയ്‌ൻ യുദ്ധം അവസാനിപ്പിക്കുന്നതിനായി അലാസ്‌കയിൽ ട്രംപും റഷ്യൻ പ്രസിഡന്റ്‌ വ്‌ളാദിമിർ പുടിനും നടത്തിയ കൂടിക്കാഴ്‌ചയിലായിരുന്നു തുടർന്നുള്ള ഇന്ത്യൻ പ്രതീക്ഷ. ചർച്ചയിൽ പുരോഗതിയുണ്ടായെങ്കിലും ഉക്രയ്‌ൻ യുദ്ധം പെട്ടെന്ന്‌ അവസാനിക്കില്ലെന്ന സ്ഥിതിയായതോടെ ഇന്ത്യയുടെ ആശങ്ക ശക്തിപ്പെട്ടു. ട്രംപിനെ പ്രീണിപ്പിക്കാൻ പല വഴികളും മോദി സർക്കാർ തേടിയെങ്കിലും ഫലമുണ്ടായില്ല. നിലവിൽ ചൈനയുമായും റഷ്യയുമായും ചേർന്നുകൊണ്ട്‌ യുഎസിന്റെ തീരുവഭീഷണിയെ മറികടക്കാനാണ്‌ സർക്കാർ ശ്രമം.


ഷാങ്‌ഹായ്‌ സഹകരണ ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇ‍ൗ മാസം അവസാനം മോദി ചൈന സന്ദർശിക്കും. യുഎസിന്റെ 50 ശതമാനം തീരുവപ്രഖ്യാപനത്തോടെ ടെക്‌സ്‌റ്റൈൽസ്‌, തുകൽ, ആഭരണമേഖല, സമുദ്രോൽപ്പന്ന മേഖല തുടങ്ങി പല പ്രധാന കയറ്റുമതി മേഖലകളും ആശങ്കയിലാണ്‌.


കാര്യമായ
 ആഘാതമുണ്ടാക്കില്ലെന്ന് ആര്‍ബിഐ ഗവര്‍ണര്‍

ഇന്ത്യന്‍ ഉൽപ്പന്നങ്ങള്‍ക്ക് യുഎസ് ഏര്‍പ്പെടുത്തുന്ന അധികതീരുവ കാര്യമായ ആഘാതമുണ്ടാക്കില്ലെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മൽഹോത്ര. ഇന്ത്യൻ കയറ്റുമതിയുടെ 45 ശതമാനവും യുഎസ് തീരുവ പരിധിക്ക് പുറത്താണ്. ജ്വല്ലറി, ടെക്‍സ്റ്റൈൽസ്, ചെമ്മീൻ, എംഎസ്എംഇകള്‍ തുടങ്ങിയ അവശേഷിക്കുന്ന 55 ശതമാനത്തെ ബാധിക്കും. സമ്പദ്‍വ്യവസ്ഥയുടെ വളര്‍ച്ചയെ ബാധിക്കാതെ അത്തരം ബാഹ്യ ആഘാതങ്ങളെ നേരിടാൻ ആര്‍ബിഐ സജ്ജമാണ്. മുംബൈയിൽ എഫ്ഐബിഎസി ബാങ്കിങ് കോൺഫറൻസിൽ സംസാരിക്കവെ സഞ്ജയ് മൽഹോത്ര പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home