90 ദിവസത്തിനുള്ളിൽ കരാർ ഭാഗികമായെങ്കിലും 
യാഥാർഥ്യമാക്കാൻ നീക്കം

ട്രംപിന്റെ പ്രതികാരച്ചുങ്കം ; വ്യാപാരകരാർ തട്ടിക്കൂട്ടാന്‍ നീക്കം

trumps tariff free trading agreement
avatar
എം അഖിൽ

Published on Apr 11, 2025, 03:20 AM | 1 min read


ന്യൂഡൽഹി : പ്രതികാരച്ചുങ്കത്തിൽ ട്രംപ്‌ 90 ദിവസം സാവകാശം നൽകിയതോടെ അമേരിക്കയുമായുള്ള സ്വതന്ത്ര വ്യാപാര കരാർ നടപടികൾക്ക്‌ വേഗംകൂട്ടി കേന്ദ്രസർക്കാർ. ഇന്ത്യയിലെ കൃഷി, ഓട്ടോമൊബൈൽ, ഫാർമസ്യൂട്ടിക്കൽസ്‌ മേഖലകൾക്ക്‌ വലിയ ഭീഷണി ഉയർത്തുന്ന വ്യാപാരകരാർ ഉടൻ യാഥാർഥ്യമാക്കി അമേരിക്കയുടെയും ട്രംപിന്റെയും പ്രീതി പിടിച്ചുപറ്റാനാണ്‌ നീക്കം.


ഇതിലൂടെ പ്രതികാരച്ചുങ്കത്തിൽനിന്ന്‌ രക്ഷനേടാമെന്നും മോദിസർക്കാർ കണക്കുകൂട്ടുന്നു. ഈ വർഷമൊടുവിൽ വ്യപാരകരാറിന്റെ ആദ്യഘട്ടം പൂർത്തിയാക്കാനായിരുന്നു അമേരിക്കയുമായി ധാരണ. എന്നാൽ, 90 ദിവസത്തിനകം കരാർ ഭാഗികമായി നടപ്പാക്കാനുള്ള തിരക്കിട്ട ശ്രമത്തിലാണിപ്പോൾ. ഒരോ മന്ത്രാലയവും തീരുവ വെട്ടിക്കുറയ്‌ക്കാവുന്ന അമേരിക്കൻ ഉൽപ്പന്നങ്ങളുടെ വിശദപട്ടിക തയ്യാറാക്കുന്ന തിരക്കിലാണ്‌. അമേരിക്കൻ കാർഷിക ഉൽപ്പന്നങ്ങൾ ഇന്ത്യൻ വിപണി പിടിച്ചടക്കണമെന്നതിൽ ട്രംപിന്‌ നിർബന്ധമുണ്ട്‌. ഭക്ഷ്യസുരക്ഷ, ചെറുകിട കർഷകരുടെ ഉപജീവനം ഉൾപ്പടെയുള്ള മറുവാദങ്ങൾക്ക്‌ പ്രസക്തിയില്ലെന്നും വാദിക്കുന്നു.


വ്യാപാരകരാര്‍ വന്നാല്‍ അമേരിക്കയിൽനിന്ന്‌ ജനിതകമാറ്റം വരുത്തിയ ഭക്ഷ്യഉൽപ്പന്നങ്ങളുടെ കുത്തൊഴുക്കുമുണ്ടാകും. മിനിമം താങ്ങുവിലയ്‌ക്ക്‌ നിയമപരമായ പരിരക്ഷ ഇല്ലാത്ത രാജ്യത്തെ കർഷകരുടെ അവസ്ഥ കൂടുതൽ ദുരിതമാകും.

സ്വതന്ത്ര വ്യാപാര കരാർ യാഥാർഥ്യമായാലും പ്രതികാരച്ചുങ്കത്തിൽനിന്ന്‌ ഇന്ത്യയെ ട്രംപ്‌ ഒഴിവാക്കുമോയെന്നത്‌ കണ്ടറിയണം. 2019ൽ യുഎസ്‌എംസിഎ കരാർ ഒപ്പിട്ടിട്ടും മെക്‌സിക്കോയ്‌ക്കും കാനഡയ്‌ക്കും ട്രംപ്‌ വലിയ തീരുവ ചുമത്തി. ഈ സാഹചര്യത്തിൽ, അമേരിക്കൻ സമ്മർദത്തിന്‌ വിധേയരായി ആഭ്യന്തര ഉൽപ്പാദനത്തിന്‌ വെല്ലുവിളി ഉയർത്തുന്ന സ്വതന്ത്ര വ്യാപാരകരാർ വേഗത്തിൽ ഒപ്പിടുന്നത്‌ ആത്മഹത്യാപരമാണെന്ന്‌ നയരൂപീകരണ ബുദ്ധികേന്ദ്രമായ ജിടിആർഐ ചൂണ്ടിക്കാട്ടി.തീരുവ ഇളവിനായി വരിനിൽക്കുന്ന രാജ്യങ്ങളിൽ മുൻനിരയിലാണ്‌ ഇന്ത്യയെന്ന്‌ അമേരിക്ക പറഞ്ഞു. വിയറ്റ്‌നാം പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയെന്ന്‌ അമേരിക്കൻ ട്രഷറി സെക്രട്ടറി സ്‌കോട്ട്‌ ബെസന്റ്‌ പറഞ്ഞു.


ജപ്പാൻ, ദക്ഷിണ കൊറിയ, ഇന്ത്യ എന്നീ രാഷ്ട്രങ്ങളും ഇളവ്‌ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വിപണിയിൽ അമേരിക്കയ്ക്ക്‌ ഉയർന്ന തീരുവ ചുമത്തുന്ന രാജ്യങ്ങളെല്ലാം തിരിച്ചടി നേരിടുമെന്നും ബെസന്റ്‌ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home