കയറ്റുമതിമേഖല ആശങ്കയിൽ

ട്രംപിന്റെ പ്രതികാരച്ചുങ്കം ; ആശങ്ക, രോഷം , വിപണികൾ കുലുങ്ങി

trumps tariff
വെബ് ഡെസ്ക്

Published on Apr 04, 2025, 01:49 AM | 3 min read

വാഷിങ്‌ടൺ/ബ്രസൽസ്‌ : അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഏകപക്ഷീയമായി പ്രഖ്യാപിച്ച പ്രതികാര ചുങ്കത്തിന്റെ അലയൊലിയിൽ ലോകരാജ്യങ്ങൾ. കടുത്ത രോഷത്തിലും ആശങ്കയിലുമാണ്‌ അമേരിക്കയുടെ സഖ്യരാജ്യങ്ങൾ പോലും. യൂറോപ്യൻ യൂണിയൻ അടക്കം ശക്തമായ തിരിച്ചടിക്ക്‌ തയ്യാറെടുക്കുന്നു. പ്രതിസന്ധി പരിഹരിക്കാനുള്ള മാർഗങ്ങൾ തേടുകയാണ്‌ രാജ്യങ്ങൾ.


അമേരിക്കയുടെ വ്യാപാരക്കമ്മി കുറയ്‌ക്കാനെന്ന പേരിലാണ്‌ ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ നിന്നുള്ള സാധനങ്ങൾക്ക് 10 മുതൽ 49 ശതമാനം വരെ ഇറക്കുമതി ചുങ്കം ചുമത്തിയത്‌. പകരത്തിനുപകരമായി തീരുവ ഏർപ്പെടുത്താനുള്ള ട്രംപിന്റെ നീക്കത്തിൽ 20 ശതമാനം ചുങ്കമാണ്‌ ഇന്ത്യ പ്രതീക്ഷിച്ചിരുന്നത്‌. എന്നാൽ, ‘ഡിസ്‌കൗണ്ട്‌’ കഴിച്ച്‌ 27 ശതമാനമാണ്‌ ട്രംപ്‌ ചുമത്തിയത്‌. ഇന്ത്യയിൽനിന്ന് ഇറക്കുമതി ചെയ്യുന്നതും അമേരിക്കയിൽ ലഭ്യമല്ലാത്തതുമായ മരുന്നുകൾ, സെമികണ്ടക്ടറുകൾ, ഊർജം, ചില ധാതുക്കൾ എന്നിവ ഒഴികെയുള്ള എല്ലാ ഉൽപ്പന്നങ്ങൾക്കും ഉയർന്ന തീരുവ ചുമത്തി. അമേരിക്കയുടെ ശിങ്കിടിരാജ്യമായി ഇന്ത്യയെ മാറ്റിയ മോദിസർക്കാരിന്‌ കനത്ത പ്രഹരമാണിത്‌. ഏഷ്യയിൽ അമേരിക്കയുടെ ഏറ്റവും അടുത്ത സഖ്യകക്ഷിയായ ജപ്പാനും ട്രംപിന്റെ നടപടി തിരിച്ചടിയായി.


യൂറോപ്യൻ യൂണിയനിൽ പുതിയ 20 ശതമാനം തീരുവ ഏർപ്പെടുത്തുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തെ യൂറോപ്യൻ കമീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ രൂക്ഷമായി വിമർശിച്ചു. ലോക സമ്പദ്‌വ്യവസ്ഥയ്ക്ക് കനത്ത പ്രഹരമാണ് ഈ നടപടിയെന്ന്‌ അവർ പറഞ്ഞു. ലോകമെമ്പാടുമുള്ള ജനകോടികൾക്ക്‌ അനന്തരഫലം ഭയാനകമായിരിക്കും. പലചരക്ക്, ഗതാഗതം, മരുന്നുകൾ എന്നിവയ്ക്ക് ചെലവ് കൂടും.


അമേരിക്കയുമായി ചർച്ച നടത്താൻ യൂറോപ്യൻ യൂണിയൻ തയ്യാറാണെന്നും വോൺ ഡെർ ലെയ്ൻ പറഞ്ഞു. ഏപ്രിൽ അവസാനത്തോടെ പ്രതീക്ഷിക്കുന്ന യൂറോപ്യൻ യൂണിയൻ തിരിച്ചടിയിൽ യുഎസ് ഡിജിറ്റൽ ഭീമന്മാർക്ക് നികുതി ചുമത്താനുള്ള തീരുമാനം ഉൾപ്പെടുത്തുമെന്ന് ഫ്രഞ്ച് സർക്കാർ വക്താവ് സോഫി പ്രൈമാസ് പറഞ്ഞു. തീരുവകൾ ദോഷകരമാണെന്ന് വെറുതേ പറഞ്ഞുപോകാൻ യൂറോപ്യൻ യൂണിയന് കഴിയില്ലെന്നും ശക്തമായ മസിലുകളുണ്ടെന്ന് കാണിക്കണമെന്നും സ്ഥാനമൊഴിയുന്ന ജർമൻ ചാൻസലർ ഒലാഫ് ഷോൾസ് പറഞ്ഞു. ശാന്തവും സമാധാനവുമായി പ്രതികരിക്കുമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി കിയർ സ്റ്റാർമർ പറഞ്ഞു.


ഇയു ഒന്നും ചെയ്യാതിരിക്കുന്നതാണ് നല്ലതെന്ന്‌ ഇറ്റലിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർനാഷണൽ പൊളിറ്റിക്കൽ സ്റ്റഡീസിലെ സീനിയർ അനലിസ്റ്റ് മാറ്റിയോ വിയ്യ പറഞ്ഞു. ട്രംപിന് ബലപ്രയോഗത്തിന്റെ ഭാഷയേ മനസ്സിലാകൂ. അദ്ദേഹത്തെ ചർച്ചകൾക്ക്‌ സന്നദ്ധനാക്കാനും പിന്മാറാനും പ്രേരിപ്പിക്കുന്നത്ര ശക്തമായ പ്രതികരണമാണ്‌ ഉണ്ടാകേണ്ടതെന്ന്‌ വിയ്യ പറഞ്ഞു.


വിപണികൾ കുലുങ്ങി

യുഎസ് ഓഹരിവിപണി ഏറ്റവും മോശം അവസ്ഥയിലേക്ക് നീങ്ങുകയാണ്‌. പ്രധാന കമ്പനികളുടെയല്ലാം ഓഹരിവില ഇടിഞ്ഞു. പ്രസിഡന്റിൽ വിശ്വസിക്കാനും വ്യാപാരം തുടരാനും വാൾസ്‌ട്രീറ്റിനോട്‌ വൈറ്റ്‌ഹൗസ്‌ അഭ്യർഥിച്ചെങ്കിലും ഫലംകണ്ടില്ല. പ്രഭാതവ്യാപാരത്തിൽ എസ് ആൻഡ്‌ പി 500 നാലു ശതമാനം ഇടിഞ്ഞു. ഡൗ ജോൺസ് 3.6 ശതമാനവും നാസ്ഡാക് നാലു ശതമാനവും ഇറങ്ങി.


അടുത്ത ലക്ഷ്യം 
ടെക് കമ്പനികൾ

ട്രംപിന്റെ അടുത്ത ലക്ഷ്യം അമേരിക്കൻ ടെക് കമ്പനികളാകാമെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു. സേവന വിഭാഗത്തിൽപെടുന്ന ഈ മേഖലയിൽ അമേരിക്ക ഇറക്കുമതി ചെയ്യുന്നതിനേക്കാൾ കൂടുതൽ യൂറോപ്പിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്‌. അതിനാൽ തീരുവ വർധിപ്പിക്കുന്നത്‌ അമേരിക്കക്ക്‌ കൂടുതൽ ലാഭമാകും.


വിധേയത്വം തുടർന്ന്‌ കേന്ദ്ര സർക്കാർ

പ്രതികാരച്ചുങ്ക നടപടിക്കെതിരെ സഖ്യകക്ഷികൾ പോലും പ്രതിഷേധമുയർത്തിയപ്പോഴും വിധേയത്വം തുടർന്ന്‌ കേന്ദ്ര സർക്കാർ. ശക്തമായ നിലപാട്‌ സ്വീകരിക്കാൻ

തയ്യാറായില്ല. വ്യാഴാഴ്‌ച വാണിജ്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്‌താവനയിലും ഇത്‌ പ്രകടം. പ്രതികാരച്ചുങ്കത്തിന്റെ പ്രത്യഘാതവും അതിൽ സൃഷ്‌ടിക്കപ്പെടുന്ന അവസരങ്ങളും പഠിക്കുകയാണെന്നാണ്‌ വിശദീകരണം. ഇന്ത്യൻ കയറ്റുമതിയിൽ 15 ബില്യൺ ഡോളറിന്റെ ഇടിവുണ്ടാക്കുമെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. ഇത്‌ ജിഡിപിയുടെ 0.4 ശതമാനം വരും. ഐടി, സ്റ്റീൽ, ഓട്ടോമോട്ടീവ്, മരുന്ന്‌ ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്ന ഇന്ത്യൻ സ്ഥാപനങ്ങൾ ക്ക് വന്‍ നഷ്ടമുണ്ടാകും.


കയറ്റുമതിമേഖല ആശങ്കയിൽ

ലോകം ആശങ്കയോടെ കാത്തിരുന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ്‌ ട്രംപിന്റെ പകരച്ചുങ്കം പ്രഖ്യാപനം ഇന്ത്യൻ കയറ്റുമതിമേഖലയ്ക്ക് വൻ ആഘാതമാകും. ഇന്ത്യയിൽനിന്ന്‌ യുഎസ് ഇറക്കുമതി ചെയ്യുന്ന എല്ലാ ഉൽപ്പന്നങ്ങൾക്കും 27 ശതമാനമാണ് പകരച്ചുങ്കം. എല്ലാ രാജ്യങ്ങൾക്കും പൊതുവായുള്ള 10 ശതമാനം അടിസ്ഥാനചുങ്കം അഞ്ചിനും ബാക്കി 16 ശതമാനം ഒമ്പതുമുതലും ഈടാക്കും.


ഇന്ത്യയിൽനിന്ന്‌ യുഎസ് പ്രധാനമായും വാങ്ങുന്ന തുണിത്തരങ്ങൾ, കാർഷികോൽപ്പന്നങ്ങൾ, സമുദ്രോൽപ്പന്നങ്ങൾ, മാംസം, എൻജിനിയറിങ്, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, ഔഷധങ്ങൾ, വജ്രം, ആഭരണങ്ങൾ തുടങ്ങിയവയുടെ ഇറക്കുമതിച്ചെലവ് വർധിക്കും. ഇതോടെ യുഎസ് വിപണിയിൽ ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ വില കുതിക്കും. ഇത്‌ അത്യാവശ്യമുള്ളതുമാത്രം ഇറക്കുമതി ചെയ്യുന്ന നയത്തിലേക്ക് മാറ്റും. അല്ലെങ്കിൽ വിലവർധന താങ്ങാനാകാതെതാരതമ്യേന കുറഞ്ഞ വിലയ്ക്ക് സാധനങ്ങൾ കിട്ടുന്ന മറ്റ്‌ രാജ്യങ്ങളിലേക്ക് തിരിയും. ഇന്ത്യൻ കയറ്റുമതിയിൽ 1500 കോടിയിലധികം ഡോളറിന്റെ ഇടിവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.


ഇന്ത്യയിൽനിന്ന്‌ 2023–-24 സാമ്പത്തികവർഷം 21743 കോടി രൂപയുടെ സമുദ്രോൽപ്പന്നങ്ങളാണ് യുഎസിലേക്ക് കയറ്റി അയച്ചത്. കേരളം 1000 കോടി രൂപയുടെ കയറ്റുമതി നേടി. കാർഷികോൽപ്പന്ന കയറ്റുമതിയിലൂടെ 42635 കോടിയാണ്‌ ഇന്ത്യയിലേക്ക് എത്തിയത്. കേരളത്തിന്റെ കാർഷികോൽപ്പന്നങ്ങൾ ഏറ്റവും അധികം വാങ്ങുന്ന രണ്ടാമത്തെ രാജ്യമാണ് യുഎസ്.


കഴിഞ്ഞ സാമ്പത്തികവർഷം ഒമ്പതുമാസത്തിനുള്ളിൽ 400 കോടിയോളം രൂപയുടെ കാർഷികോൽപ്പന്നങ്ങളാണ്‌ കയറ്റുമതി ചെയ്തത്. വെനസ്വേലയിൽനിന്നും റഷ്യയിൽനിന്നും എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾക്ക്‌ 25 മുതൽ 50 ശതമാനംവരെ അധികച്ചുങ്കം ചുമത്തുമെന്ന ഭീഷണികൂടി പ്രാബല്യത്തിലായാൽ ആഭ്യന്തരവിപണിയിൽ ഇന്ധനവില ഉയരും. വിലക്കയറ്റവും രൂക്ഷമാകും.



deshabhimani section

Related News

View More
0 comments
Sort by

Home