ട്രംപിന്റെ അവകാശവാദം: മോദി വിശദീകരിക്കണം- എം എ ബേബി


സ്വന്തം ലേഖകൻ
Published on May 12, 2025, 12:00 AM | 1 min read
ന്യൂഡൽഹി: ഇന്ത്യ–പാകിസ്ഥാൻ വെടിനിർത്തലിന് പിന്നിലെ മധ്യസ്ഥൻ താനാണെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്‌താവന സൃഷ്ടിച്ച വലിയ ആശയക്കുഴപ്പത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശദീകരണം നൽകണമെന്ന് സിപിഐ എം ജനറൽസെക്രട്ടറി എം എ ബേബി ആവശ്യപ്പെട്ടു. അഗർത്തലയിൽ സിപിഐ എം സംസ്ഥാനകമ്മിറ്റി യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയും അയൽരാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾ മൂന്നാമതൊരു വ്യക്തിയുടെയോ രാഷ്‌ട്രത്തിന്റെയോ ഇടപെടൽ ഇല്ലാതെ ഉഭയകക്ഷി ചർച്ചകളിലൂടെയാണ് പരിഹരിക്കേണ്ടത്. ഈ സമീപനമാണ് ഇന്ത്യ പിന്തുടർന്നത്. വിഷയത്തിൽ അമേരിക്കൻ പ്രസിഡന്റ് ഇടപെടണമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി അഭ്യർഥിച്ചിട്ടുണ്ടോയെന്ന ചോദ്യത്തിനാണ് ഉത്തരം പറയേണ്ടത്. കശ്‌മീർ പ്രശ്നം ഉൾപ്പടെ അന്താരാഷ്ട്രവൽക്കരിക്കാൻ ഇത് കാരണമാകും.
വെടിനിർത്തൽ ഇരുരാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള സമാധാനപരമായ ബന്ധം ശക്തമാകാൻ സഹായകമാകണം. പഹൽഗാമിൽ അരുംകൊല നടത്തിയ ഭീകരർ പാക്അധീന കശ്‌മീരിലേക്കോ പാകിസ്ഥാനിലേക്കോ രക്ഷപ്പെട്ടിരിക്കാനാണ് സാധ്യത. അവരെ പിടികൂടി ഇന്ത്യയിൽ വിചാരണ നടത്തി ശിക്ഷിക്കണം. സൈനികേതരമായ നയതന്ത്രസമ്മർദമാണ് ഇന്ത്യ ചെലുത്തേണ്ടതെന്നും ബേബി പറഞ്ഞു.









0 comments