യുഎസിലേക്കുള്ള തപാൽ സേവനം 
പൂർണമായി നിർത്തി

യുഎസ്‌ സമ്മർദം ; യൂറോപ്പേ ഇന്ത്യയെ 
"ശിക്ഷിക്കൂ'

Trump's Tariff
വെബ് ഡെസ്ക്

Published on Sep 01, 2025, 03:38 AM | 2 min read


വാഷിങ്‌ടൺ

യൂറോപ്യൻ രാജ്യങ്ങളും ഇന്ത്യക്കുമേൽ അധിക നികുതി ചുമത്തണമെന്ന ആവശ്യവുമായി അമേരിക്ക. റഷ്യയിൽനിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് നിർത്തിയില്ലെങ്കിൽ, യൂറോപ്പ് ഇന്ത്യക്കുമേൽ അധിക തീരുവ ചുമത്തണമെന്നും വൈറ്റ്‌ ഹ‍ൗസ്‌ സമ്മര്‍ദം ചെലുത്തുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയിൽനിന്ന്‌ എണ്ണയും പ്രകൃതി വാതകവും വാങ്ങുന്നത്‌ പൂര്‍ണമായി നിര്‍ത്തണമെന്നാണ് യുഎസ്സിന്റെ ആവശ്യം.


റഷ്യയില്‍നിന്ന്‌ ഇന്ത്യ ക്രൂഡോയില്‍ വാങ്ങുന്നതിന്റെ പേരില്‍ ട്രംപ് 50 ശതമാനം അധിക തീരുവ ചുമത്തിയതിന് പിന്നാലെ ഇന്ത്യ ചൈനയോട് കൂടുതൽ അടുക്കുന്നതാണ് അമേരിക്കയെ ചൊടിപ്പിക്കുന്നത്. ഇന്ത്യക്കെതിരായ ട്രംപിന്റെ താരിഫ-് ഭീഷണികളിൽ യൂറോപ്യൻ രാജ്യങ്ങൾ യുഎസിന്‌ അനുകൂലമായി പ്രതികരിച്ചിട്ടില്ല. ഇ‍ൗ സാഹചര്യത്തിലാണ്‌ വൈറ്റ്‌ ഹ‍ൗസ്‌ യൂറോപ്യൻ രാജ്യങ്ങളോട്‌ തങ്ങളെ മാതൃകയാക്കണമെന്ന്‌ ആവശ്യപ്പെടുന്നത്‌.


റഷ്യന്‍ എണ്ണ വാങ്ങുന്നു എന്ന പേരില്‍ ഇന്ത്യക്ക്‌ പ്രതികാരച്ചുങ്കം ഏര്‍പ്പെടുത്തുന്നത് യുഎസ്സിന്റെ കാപട്യമാണ് പുറത്തുകൊണ്ടുവരുന്നത്. റഷ്യയില്‍നിന്ന്‌ ഏറ്റവും കൂടുതല്‍ എണ്ണ വാങ്ങുന്നത് ചൈനയാണ്. നിരവധി യൂറോപ്യന്‍ രാജ്യങ്ങള്‍ ഇപ്പോഴും റഷ്യയിൽനിന്ന്‌ ഉ‍ൗർജോൽപ്പന്നങ്ങൾ വാങ്ങുന്നുണ്ട്. എന്നാല്‍ ഈ രാജ്യങ്ങള്‍ക്കൊന്നും അമേരിക്ക താരിഫ് ചുമത്തിയിട്ടില്ല.


ഇന്ത്യ സന്ദർശനം 
റദ്ദാക്കാൻ ട്രംപ്

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നവംബറിൽ നടത്താനിരുന്ന ഇന്ത്യാ സന്ദർശനം റദ്ദാക്കിയേക്കുമെന്ന്‌ റിപ്പോർട്ട്. ഇന്ത്യക്ക്‌ 50 ശതമാനം അധിക തീരുവ അടിച്ചേൽപ്പിച്ചത് ഇരുരാഷ്‌ട്രവും തമ്മിലുള്ള ബന്ധത്തിൽ വിള്ളല്‍ വ‍ീഴ്‌ത്തിയ സാഹചര്യത്തിലാണിതെന്ന്‌ ന്യൂയോർക്ക്‌ ടൈംസ്‌ റിപ്പോർട്ട്‌ചെയ്‌തു. ക്വാഡ്‌ ഉച്ചകോടിയിൽ പങ്കെടുക്കാൻ നവംബറിൽ ട്രംപ്‌ ഇന്ത്യയിൽ എത്തുമെന്നാണ്‌ പ്രതീക്ഷിച്ചിരുന്നത്‌. ഇന്ത്യക്കും അമേരിക്കയ്‌ക്കും പുറമെ ജപ്പാനും ഓസ്‌ട്രേലിയയുമാണ്‌ ക്വാഡിലെ മറ്റ്‌ അംഗങ്ങൾ.


യുഎസിലേക്കുള്ള തപാൽ സേവനം 
പൂർണമായി നിർത്തി

തീരുവ സംഘർഷം തുടരുന്നതിനിടെ ഇന്ത്യയിൽനിന്ന്‌ യുഎസിലേക്കുള്ള എല്ലാ തപാൽ സേവനങ്ങളും നിർത്തിവെച്ചതായി തപാൽ വകുപ്പ്‌ അറിയിച്ചു.100 ഡോളർവരെ മൂല്യമുള്ള തപാൽ ഉരുപ്പടികളൊഴികെ മറ്റെല്ലാ തപാൽ ഇനങ്ങളുടെയും സേവനം നേരത്തെ നിർത്തിയിരുന്നു. 800 ഡോളർ വരെ മൂല്യമുള്ള തപാൽ ഉരുപ്പടികള്‍ക്കുള്ള നികുതി ഇളവ് ആഗസ്‌ത്‌ 29ന് അമേരിക്ക നിര്‍ത്തി. ഇതോടെ വെള്ളിയാഴ്‌ച മുതൽ തപാൽ ഉരുപ്പടികൾക്ക്‌ കസ്റ്റംസ്‌ തീരുവ ബാധകമായി. തീരുവയുടെ കാര്യത്തിൽ അവ്യക്തത തുടരുന്നതിനാലാണ് തപാൽ സേവനം നിർത്തിവച്ചത്. ബുക്ക്‌ ചെയ്‌തതിനുശേഷവും അയക്കാനാവാതെ പോയ തപാൽ ഉരുപ്പടികളുടെ കാര്യത്തിൽ റീഫണ്ട്‌ ആവശ്യപ്പെടാം.




deshabhimani section

Related News

View More
0 comments
Sort by

Home