യു എസ് വ്യാപാര യുദ്ധം
കയറ്റുമതി മേഖലയിൽ കോവിഡ്കാല സമാന ആശങ്ക, വസ്ത്ര നിർമ്മാണ കമ്പനികൾ ഉത്പാദനം നിർത്തി


സ്വന്തം ലേഖകൻ
Published on Aug 28, 2025, 02:29 PM | 6 min read
പ്രതികാര ചുങ്ക ഭീഷണിയിൽ ഇന്ത്യയെ വരുതിയിലാക്കാനുള്ള യു എസ് സമ്മർദ്ദ തന്ത്രം തുടരുന്നതിനിടെ രാജ്യത്തെ കയറ്റുമതി മേഖലയിൽ കോവിഡ്കാലത്ത് നേരിട്ടതിന് സമാനമായ ആശങ്ക. തിരുപ്പൂരിലെ വസ്ത്രനിർമാണ ക്ലസ്റ്ററിൽ നിന്നു മാത്രമായി അമേരിക്കയിലേക്കുള്ള കയറ്റുമതിയിൽ ഏതാണ്ട് 3,000 കോടി രൂപയുടെ കുറവുവരുമെന്നാണ് എക്‌സ്‌പോർട്ടേഴ്‌സ് അസോസിയേഷന്റെ വിലയിരുത്തൽ.
സമുദ്രോത്പന്നങ്ങളുടെ കയറ്റുമതിയിൽ കേരളത്തിൽ നിന്നുള്ള ചരക്കുകൾക്ക് 50 ശതമാനം ഇടിവ് നേരിടുതന്നതായും റിപ്പോർടുകൾ പറയുന്നു. 21000 കോടി രൂപയുടെ ഇടപാടുകൾ നടന്നിരുന്നത് പത്ത് ശതമാനം മാത്രമാണ് കയറ്റുമതിയായിട്ടുള്ളത്. പ്രതികാര ചുങ്ക പ്രതിസന്ധിയിൽ മരവിപ്പ് നേരിടുന്നതിൽ മുന്നിൽ ചെമ്മീനാണ്. പാദരക്ഷകളുടെയും തുകൽ ഉത്പന്നങ്ങളുടെയും മേഖലയിൽ മാത്രം രാജ്യത്ത് 15 മുതൽ 20 ലക്ഷം വരെ തൊഴിൽ നഷ്ടം ഉണ്ടാകാം എന്ന ആശങ്ക നിലനിൽക്കുന്നു.
അമേരിക്കയിലേക്കുള്ള കയറ്റിപ്പോക്ക് നിലച്ചതോടെ വപണി വില താഴുന്നത് പ്രതീക്ഷിച്ച് ഇതര രാജ്യങ്ങളും ഓർഡറുകൾ മരവിപ്പിച്ചു. ചരക്ക് നീക്കത്തിലെ പ്രതിസന്ധി മുതലെടുക്കാൻ വില കുറയുന്നത് വരെ കാത്തിരിക്കുക എന്നാണ് ചൈന, വിയറ്റ്നാം തായ് ലാൻഡ് ഉൾപ്പെടെ രാജ്യങ്ങളുടെ തന്ത്രം.
വരാനിരിക്കുന്നത്
യുഎസിലേക്കുള്ള ഇന്ത്യൻ കയറ്റുമതി ഈ വർഷം 86.5 ബില്യൺ ഡോളറിൽ നിന്ന് 2026 ൽ എത്തുമ്പോൾ ഏകദേശം 50 ബില്യൺ ഡോളറായി കുറയുമെന്ന് ന്യൂഡൽഹി ആസ്ഥാനമായുള്ള തിങ്ക് ടാങ്ക് ആയ ഗ്ലോബൽ ട്രേഡ് റിസർച്ച് ഇനിഷ്യേറ്റീവ് (ജിടിആർഐ) ദി ഫിനാൻഷ്യൽ ടൈംസ് ദിനപത്രത്തോട് പറഞ്ഞു.
തുണിത്തരങ്ങൾ, രത്നങ്ങൾ, ആഭരണങ്ങൾ, ചെമ്മീൻ, പരവതാനികൾ എന്നിവ ഏറ്റവും കൂടുതൽ പ്രതിസന്ധി നേരിടും. കയറ്റുമതിയിൽ 70 ശതമാനം തകർച്ചയ്ക്ക് സാധ്യതയുണ്ടെന്നും ലക്ഷങ്ങളുടെ തൊഴിലവസരങ്ങളെ ഇത് അപകടത്തിലാക്കുമെന്നും ചൂണ്ടികാട്ടി.
തുണിത്തരങ്ങൾ, വസ്ത്രങ്ങൾ, രത്നങ്ങൾ, ആഭരണങ്ങൾ, മത്സ്യബന്ധനം, തുകൽ വസ്തുക്കൾ, കരകൗശല വസ്തുക്കൾ എന്നീ മേഖലകളിലെ കയറ്റുമതി ബിസിനസ് വികേന്ദ്രീകൃത സ്വഭാവമുള്ളതാണ്. ഇവ വളരെ അധ്വാനം ആവശ്യമുള്ള ചെറുകിട കമ്പനികളെ ആശ്രയിച്ച് നിൽക്കുന്നതാണ്. ഏകോപിതമല്ലാത്ത ഈ മേഖലകളിൽ സുരക്ഷിത തൊഴിലാളികളും കുറവാണ്. എപ്പോഴും തൊഴിൽ നഷ്ടം സംഭവിക്കാം.
വജ്ര പോളിഷിംഗ് വ്യവസായത്തിന്റെ വരുമാനം 28-30% കുറഞ്ഞ് 12.50 ബില്യൺ ഡോളറിലെത്താൻ കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നു, കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇത് 16 ബില്യൺ ഡോളറായിരുന്നു. ഡിമാൻഡ് കുറഞ്ഞതിനാൽ, വിലയിടിവ് പരിമിതപ്പെടുത്താൻ ഖനിത്തൊഴിലാളികൾ ഉത്പാദനം കുറച്ചിട്ടുണ്ട്. വജ്ര പോളിഷറുകളുടെ പ്രവർത്തന മാർജിൻ 3.5-4.0% ആയി കുറയും, 2023 സാമ്പത്തിക വർഷത്തിൽ ഇത് 5.5% ആയിരുന്നു. തൊഴിൽ മേഖലയിൽ ഇത് 30 ശതമാനം വരെ ഇടിവിന് കാരണമാക്കും.
കയറ്റുമതി സ്ഥാപനങ്ങളുടെ വായ്പയിൽ മുതലും പലിശയും തിരിച്ചടയ്ക്കുന്നതിൽ ഒരു വർഷത്തെ ഇളവ് ആവശ്യപ്പെട്ട് ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്സ്പോർടേഴ്സ് അസോസിയേഷൻ രംഗത്ത് എത്തി. ഇന്ത്യയിൽ പലിശ നിരക്ക് 12 ശതമാനം ആയിരിക്കെ മലേഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളിൽ മൂന്ന് ശതമാനം മാത്രമാണ്. ഇത് ഇതര രാജ്യങ്ങളിലേക്ക് കയറ്റുമതി ലക്ഷ്യം മാറ്റാനുള്ള നീക്കത്തിന് വെല്ലുവിളി ഉയർത്തുന്നു.
ബ്രിട്ടൺ, ഓസ്ട്രേലിയ, യുഎഇ, ഇതര യൂറോപ്യൻ രാജ്യങ്ങൾ എന്നിങ്ങനെ ലക്ഷ്യങ്ങൾ മാറ്റാനാണ് കേന്ദ്ര സർക്കാർ നിർദ്ദേശിക്കുന്നത്. പക്ഷെ മത്സര ക്ഷമത വെല്ലുവിളിയായി നിലനിൽക്കുന്നു. അമേരിക്കയിലേക്കുള്ള കയറ്റുമതിയിൽ കഴിഞ്ഞ വർഷം 21.64 ശതമാനം വർധനവ് ഉണ്ടായിരുന്നു. ഇത് ഈ വർഷത്തെ കയറ്റുമതി പ്രതിസന്ധിയെ മറികടക്കാനുള്ള ഇടവേള നൽകുമെന്നും കേന്ദ്ര സർക്കാർ അവകാശപ്പെടുന്നു.
തൊഴിൽ ശാലകളിൽ ആശങ്ക
തുണിത്തരങ്ങളുടെ കയറ്റുമതി തികഞ്ഞ പ്രതിസന്ധിയിലാണ്. നേരത്ത തന്നെ ഇക്കാര്യത്തിൽ ബംഗ്ലാദേശിന്റെ കുതിപ്പ് വെല്ലുവിളി ഉയർത്തിയിരുന്നതാണ്. കയറ്റുമതി ലക്ഷ്യങ്ങളിൽ 40 രാജ്യങ്ങളെ കൂടി കൊണ്ടുവരാനുള്ള അടിയന്തര നടപടിയാണ് ഇതിനെതിരെ ചൂണ്ടികാണിക്കപ്പെട്ടിട്ടുള്ളത്. ഇത് എളുപ്പമുള്ള പരിഹാരമാവില്ല എന്നാണ് വിലയിരുത്തൽ.
യുകെ, ജപ്പാൻ, ദക്ഷിണ കൊറിയ, ജർമ്മനി, ഫ്രാൻസ്, ഇറ്റലി, സ്പെയിൻ, നെതർലാൻഡ്‌സ്, പോളണ്ട്, കാനഡ, മെക്സിക്കോ, റഷ്യ, ബെൽജിയം, തുർക്കി, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഓസ്‌ട്രേലിയ എന്നിവയാണ് പ്രധാന ലക്ഷ്യ രാജ്യങ്ങൾ. എന്നാൽ ഒരു അടിയന്തര പ്രതസന്ധി ഘട്ടത്തിൽ ഇത് എങ്ങിനെ പെട്ടെന്ന് ആസൂത്രംണം ചെയ്ത് നടപ്പാക്കാനവും എന്ന സംശയം ഉയരുന്നു. അമേരിക്കയെ സുഹൃത്ത് എന്ന് വിശേഷിപ്പിച്ച് വിശ്വസിച്ച് കാത്തിരുന്നു. ഈ ഇടവേളയിൽ ആസൂത്രണം ഇഴഞ്ഞു.
ഇന്ത്യ ഇതിനകം 220-ലധികം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. ഇവയിൽ 40 രാജ്യങ്ങളാണ് വൈവിധ്യവൽക്കരണത്തിൽ മുന്നിലുള്ളത്. ഈ 40 രാജ്യങ്ങളും ചേർന്ന് തുണിത്തരങ്ങളുടെയും വസ്ത്രങ്ങളുടെയും കയറ്റുമതിയിൽ 590 ബില്യൺ യുഎസ് ഡോളറിലധികം അവസരം നൽകുന്നു. എന്നാൽ ഇത് വിപണി വിഹിതത്തിന്റെ ഏകദേശം 5-6 ശതമാനം മാത്രമാണെന്ന് ചൂണ്ടികാണിക്കപ്പെടുന്നു.

സൂററ്റ്, പാനിപ്പത്ത്, തിരുപ്പൂർ, ഭദോഹി പോലുള്ള പ്രത്യേക ഉത്പാദന ക്ലസ്റ്ററുകളെ എല്ലാം പ്രതികാര നികുതിയുടെ ആശങ്ക ബാധിച്ചിരിക്കുന്നു.
2024-25 സാമ്പത്തികവർഷം തിരുപ്പൂരിൽനിന്നുള്ള വസ്ത്രകയറ്റുമതി 44,747 കോടി രൂപയായിരുന്നു. 2023-24ൽ ഇത് 33,400 കോടിയായി വർധനവ് കാണിച്ചു. കഴിഞ്ഞ പത്തുവർഷത്തിനിടെ 33,000 മുതൽ 37,000 കോടിവരെയായിരുന്നു ശരാശരി കയറ്റുമതി. ഇതാണ് പുതുക്കെ ഉയർന്ന്, കഴിഞ്ഞ സാമ്പത്തികവർഷം 44,747 കോടിയിലെത്തിയത്. ഗണ്യമായ തുടർ വളർച്ച പ്രതീക്ഷിച്ചിരിക്കുന്ന ഘട്ടത്തിലാണ് പ്രതികാര ചുങ്ക ആഘാതം.
രാജ്യത്തിന്റെ നിറ്റ് വെയർ തലസ്ഥാനമെന്ന് വിശേഷണമുള്ള തിരുപ്പൂരിൽനിന്നുള്ള വസ്ത്ര കയറ്റുമതിയിൽ 35 ശതമാനം അമേരിക്കയിലേക്കാണ്. അമേരിക്കൻകമ്പനികൾ തീരുവകുറവുള്ള ബംഗ്ലാദേശ്, വിയറ്റ്‌നാം, കംബോഡിയ തുടങ്ങിയ രാജ്യങ്ങളെ ആശ്രയിക്കുന്നതോടെ ഭാവി സാധ്യതകളെയും ഇത് ആശങ്കയിലാക്കി.
ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാരകരാർ വഴി ഇത് മറികടക്കാൻ കഴിയുമോ എന്ന പ്രതീക്ഷയാണുള്ളത്. എന്നാൽ ഇത് അമേരിക്കൻ വിപണിയുമായി താരതമ്യം ചെയ്യാൻ പോലും പറ്റുന്നതല്ല.
ഭാവി പ്രതീക്ഷകളും കവർന്നെടുക്കപ്പെടുമ്പോൾ
ബംഗ്ലാദേശ്, വിയറ്റ്നാം, ശ്രീലങ്ക, കംബോഡിയ, ഇന്തോനേഷ്യ തുടങ്ങിയ പ്രധാന മത്സര രാജ്യങ്ങളെ അപേക്ഷിച്ച് 30-31 ശതമാനം താരിഫ് വ്യത്യാസം ഇന്ത്യൻ വസ്ത്ര വ്യവസായ രംഗം ഇപ്പോൾ നേരിടുന്നു. നികുതി ഇനത്തിൽ മാത്രം ഇത്രയും വ്യത്യാസത്തോട് ഇന്ത്യൻ ഉത്പന്നങ്ങൾ മത്സരിക്കണം.
50 ശതമാനം തീരുവയുടെ സാഹചര്യത്തിൽ തിരുപ്പൂർ, നോയിഡ, സൂറത്ത് എന്നിവിടങ്ങളിലെ ടെക്‌സ്‌റ്റൈൽ നിർമാണ യൂണിറ്റുകൾ ചൊവ്വാഴ്ച ഉത്പാദനം നിർത്തിവെച്ചതായി ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്‌സ്‌പോർട്ട് ഓർഗനൈസേഷൻ(എഫ്ഐഇഒ) അറിയിക്കുന്നു.
വാങ്ങുന്നവർ മറ്റ് ചെലവ് കുറഞ്ഞ മത്സരാധിഷ്ഠിത സ്ഥലങ്ങളിലേക്ക് മാറിക്കഴിഞ്ഞാൽ നഷ്ടപ്പെട്ട സ്ഥാനം വീണ്ടെടുക്കുക, വിപണി വിഹിതം വീണ്ടെടുക്കുക എന്നിങ്ങനെ ഭാവി ഭീഷണിയും വലുതാവും. ഉത്പാദന ചക്രം വീണ്ടെടുക്കലും വെല്ലുവിളിയാണ്.
ആരാണ് കയറ്റുമതി സ്ഥാപനങ്ങൾക്ക് സബ്‌സിഡിക്ക് ധനസഹായം നൽകുക. റഷ്യൻ എണ്ണ കയറ്റുമതിയിൽ നിന്ന് പ്രയോജനം നേടിയത് നികുതിദായകരാണോ അതോ ചില വൻകിട കമ്പനികളാണോ. അതിനാൽ, സബ്‌സിഡികൾ എങ്ങനെ നൽകുമെന്നതിന്റെ വിശദാംശങ്ങളിൽ വ്യക്തതയില്ല. സബ്‌സിഡികൾ നൽകിയാലും ഇത്രയും വലിയ ആഘാതം കുറയ്ക്കാൻ അത് പര്യാപ്തമാകുമോ എന്നിങ്ങനെ ചോദ്യങ്ങളും ഉയരുന്നു.
2026 ൽ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ 6.4 ശതമാനം വളരുമെന്ന് അന്താരാഷ്ട്ര നാണയ നിധി പ്രവചിച്ചിരുന്നു. മാറിയ സാഹചര്യത്തിൽ അത് തിരിച്ചടി നേരിടും.
ഉപരോധ യുദ്ധവും മോദി സർക്കാരിന്റെ വഴക്കവും
യുഎസിന്റെ വ്യാപാര അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനായി എന്ന പേരിലാണ് ട്രംപ് ഭരണകൂടം താരിഫ് നടപടി തുടങ്ങി വെച്ചത്. 1.18 ട്രില്യൺ ഡോളറിന്റെ യുഎസ് കറന്റ് അക്കൗണ്ട് വ്യാപാര കമ്മി പുനഃസന്തുലിതമാക്കാൻ എന്നായിരുന്നു പ്രചാരണം. പക്ഷെ പെട്ടെന്ന് തന്നെ യുഎസ് സാമ്പത്തിക ആധിപത്യത്തിന്റെ അസംസ്കൃതമായ പുനഃസ്ഥാപനമായി ഈ നടപടി തിരിച്ചറിയപ്പെട്ടു.
ട്രംപിന്റെ തന്ത്രങ്ങൾ വ്യക്തമായ ഒരു രാഷ്ട്രീയ പ്രതിപ്രവർത്തനം സൃഷ്ടിക്കാൻ തുടങ്ങിയിരിക്കുന്നു. പ്രതികാര താരിഫുകൾ പൂർണ്ണമായ ഒരു രാഷ്ട്രീയ പുനഃക്രമീകരണത്തിലേക്ക് നയിക്കുന്നുവെന്ന് ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന എന്നീ രാജ്യങ്ങളുടെ കൂട്ടായ നീക്കം സൂചിപ്പിക്കുന്നു. നിയന്ത്രിക്കാതെ വിട്ടാൽ, ട്രംപിന്റെ താരിഫ് നയതന്ത്രം സമ്പദ്‌വ്യവസ്ഥയെ ദുർബലപ്പെടുത്തുക മാത്രമല്ല രാജ്യങ്ങളുടെയും പരമാധികാരത്തെ നശിപ്പിക്കും എന്ന തിരിച്ചറിവാണ് ഉയരുന്നത്.
7,200 കിലോമീറ്റർ നീളമുള്ള ഇന്റർനാഷണൽ നോർത്ത്-സൗത്ത് ട്രാൻസ്‌പോർട്ട് കോറിഡോർ (INSTC) വികസിപ്പിക്കുന്നതിൽ റഷ്യ ഇതിനകം തന്നെ ഇന്ത്യയുടെ പങ്കാളിത്തം തേടിയിട്ടുണ്ട്. വ്യാപാര-സാമ്പത്തിക ബന്ധങ്ങളുടെ വികാസത്തിന് വിശ്വസനീയമായ ലോജിസ്റ്റിക് ഇടനാഴികൾ രൂപീകരിക്കുന്നതിന് ഞങ്ങൾ ലക്ഷ്യമിടുന്നു എന്ന റഷ്യൻ ഉപപ്രധാനമന്ത്രി ഡെനിസ് മാന്റുറോവിന്റെ വാക്കുകൾ വാർത്താ ഏജൻസിയായ ടാസ് റിപ്പോർട്ട് ചെയ്തിരുന്നു. പുതിയ ശാക്തിക ചേരികൾ രൂപപ്പെടുന്ന സൂചനകൾ ഒരു വശത്ത് തുടരുകയാണ്.
എന്നാൽ ഇതിനെല്ലാമിടയിലും അമേരിക്കയുമായി ആയുധ കച്ചവട കരാർ ഒപ്പവെക്കുന്ന ബിജെപി സർക്കാരിന്റെ നീക്കങ്ങൾ ഇതര രാജ്യങ്ങളുടെ മുന്നിൽ ഇന്ത്യയുടെ നില സംശയാസ്പദമാക്കി തീർക്കുന്നു. യു എസ് കുത്തകയായ ജനറൽ ഇലട്രിക്കൽസിൽ നിന്ന് 8700 കോടി രൂപയുടെ യുദ്ധ വിമാനങ്ങളുടെ എഞ്ചിൻ വാങ്ങിക്കാനുള്ള കരാറിലേക്ക് ഇന്ത്യ നീങ്ങുകയാണ്. 13,050 കോടി രൂപയുടെ ഒരു അധിക കരാർ കൂടി ഒരുങ്ങുന്നുമുണ്ട്.

ഓരോ മേഖലയിലും നേടിയതും നേരിടുന്നതും
1. സമുദ്രോത്പന്നങ്ങളും മത്സ്യബന്ധനവും
ഇന്ത്യ ഏകദേശം 2 ബില്യൺ ഡോളറിന്റെ സമുദ്രോത്പന്നങ്ങൾ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്നു, ഇത് ഇന്ത്യയിൽ നിന്നുള്ള യുഎസ് ഇറക്കുമതിയുടെ 2.4% ആണ്. ഇന്ത്യയുടെ സമുദ്രോത്പന്ന കയറ്റുമതിയുടെ ഏകദേശം മൂന്നിലൊന്ന് (32.4%) അമേരിക്കയിലേക്കാണ്. ഒരുകാലത്ത് 8.5% തീരുവയായിരുന്നത് പ്രതികാര ചുങ്കവും ചേർത്ത് 58.5% ആയി ഉയർന്നു.
2. ജൈവ രാസവസ്തുക്കൾ
ഇന്ത്യൻ കയറ്റുമതിക്കാർ 3 ബില്യൺ ഡോളർ ജൈവ രാസവസ്തുക്കൾ യുഎസിലേക്ക് അയയ്ക്കുന്നു, ഇത് ഈ വിഭാഗത്തിലെ അമേരിക്കൻ ഇറക്കുമതിയുടെ 3.1% പ്രതിനിധീകരിക്കുന്നു. ഇന്ത്യയുടെ മൊത്തത്തിലുള്ള രാസ കയറ്റുമതിയുടെ 13.2% യുഎസ് വാങ്ങുന്നു. 4% എന്ന സ്റ്റാൻഡേർഡ് താരിഫ് ഇപ്പോൾ പ്രതികാര ചുങ്കം ഉൾപ്പെടെ 54% ആയി.
3. നെയ്ത വസ്ത്രങ്ങൾ
ഇന്ത്യയിൽ നിന്ന് യുഎസിലേക്കുള്ള നെയ്ത വസ്ത്രങ്ങളുടെ കയറ്റുമതി 3 ബില്യൺ ഡോളറാണ്. ഇത് യുഎസ് ഇറക്കുമതിയുടെ 3.1% വരും. ഇന്ത്യയുടെ ആഗോള നിറ്റ് വസ്ത്ര കയറ്റുമതിയുടെ 34.5% അമേരിക്ക ഉപയോഗിക്കുന്നു. താരിഫ് 13.9% ൽ നിന്ന് 63.9% ആയി ഉയർന്നു.
4. ഫർണിച്ചർ, ഹോം ആക്‌സസറീസ്
യുഎസിലേക്കുള്ള ഇന്ത്യയുടെ ഫർണിച്ചർ ആക്‌സസറീസ് കയറ്റുമതി 1 ബില്യൺ ഡോളറാണ്, ഇത് യുഎസ് ഇറക്കുമതിയുടെ 1.4% ആണ്. ഈ വിഭാഗത്തിൽ ഇന്ത്യയുടെ കയറ്റുമതിയുടെ 58.6% ഏറ്റെടുക്കുന്ന യുഎസ് ആണ് ഏറ്റവും കൂടുതൽ വാങ്ങുന്നയാൾ. താരിഫ് 2.9% ൽ നിന്ന് 52.9% ആയി വർധിച്ചു.
5. നോൺ-നിറ്റ് വസ്ത്രങ്ങൾ
ഈ വിഭാഗത്തിലും കുത്തനെയുള്ള വർദ്ധനവ് കാണുന്നു. ഇന്ത്യ 3 ബില്യൺ ഡോളറിന്റെ നോൺ-നിറ്റ് വസ്ത്രങ്ങൾ യുഎസിലേക്ക് അയയ്ക്കുന്നു, മൊത്തം ഇറക്കുമതിയുടെ 3.1%. ഈ വിഭാഗത്തിലെ ഇന്ത്യയുടെ ആഗോള കയറ്റുമതിയുടെ ഏകദേശം 32.2% അമേരിക്കയിലേക്കാണ്. താരിഫ് 10.3% ൽ നിന്ന് 60.3% ആയി ഉയർന്നു,
6. യന്ത്രസാമഗ്രികളും വ്യാവസായിക ഭാഗങ്ങളും
ഈ പട്ടികയിൽ ഇന്ത്യയുടെ ഏറ്റവും വലിയ കയറ്റുമതി യന്ത്രഭാഗങ്ങളാണ്, അതിന്റെ മൂല്യം 7 ബില്യൺ ഡോളറാണ്, ഇത് യുഎസ് ഇറക്കുമതിയുടെ 7.7% ആണ്. ആഗോളതലത്തിൽ ഇന്ത്യയുടെ യന്ത്രസാമഗ്രി കയറ്റുമതിയുടെ 20% അമേരിക്കയാണ് വഹിക്കുന്നത്. താരിഫ് 1.3% ൽ നിന്ന് 51.3% ആയി കുതിച്ചുയർന്നു.
7. തുണിത്തരങ്ങൾ
യുഎസിലേക്കുള്ള ഇന്ത്യൻ തുണിത്തരങ്ങളുടെ കയറ്റുമതി മൊത്തം 3 ബില്യൺ ഡോളറാണ്, ഇത് യുഎസ് ഇറക്കുമതിയുടെ 3.4% പ്രതിനിധീകരിക്കുന്നു. ഇന്ത്യയുടെ തുണിത്തരങ്ങളുടെ കയറ്റുമതിയുടെ ഏതാണ്ട് പകുതി (48.4%) അമേരിക്കയിലേക്കാണ്. തീരുവ 9% ൽ നിന്ന് 59% ആയി വർദ്ധിപ്പിച്ചു.
8. രത്നങ്ങളും ആഭരണങ്ങളും
ഇന്ത്യയുടെ ഏറ്റവും വലിയ കയറ്റുമതി വരുമാനക്കാരിൽ ഒന്നാണ് ആഭരണങ്ങൾ. യുഎസ് 10 ബില്യൺ ഡോളർ മൂല്യമുള്ള രത്നങ്ങളും ആഭരണങ്ങളും വാങ്ങുന്നു, ഇത് യുഎസ് ഇറക്കുമതിയുടെ 11.5% ഉം ഈ വിഭാഗത്തിൽ ഇന്ത്യയുടെ മൊത്തം കയറ്റുമതിയുടെ മൂന്നിലൊന്ന് ഭാഗവും വഹിക്കുന്നു. താരിഫ് 3.2% ൽ നിന്ന് 53.2% ആയി ഉയർന്നു.
9. കിടക്കകളും മെത്തകളും
മെത്തകളും തലയണകളും ഉൾപ്പെടെയുള്ള കിടക്ക വിഭാഗം ഇന്ത്യയുടെ യുഎസിലേക്കുള്ള കയറ്റുമതിയിൽ 1 ബില്യൺ ഡോളർ സംഭാവന ചെയ്യുന്നു. ഈ ഉൽപ്പന്നങ്ങളുടെ 44.8% വാങ്ങുന്നയാൾ യുഎസാണ്. 2.3% ൽ നിന്ന് 52.3% ആയി വർധിച്ചു.
10. ലോഹങ്ങൾ - സ്റ്റീൽ, അലുമിനിയം, ചെമ്പ്
സ്റ്റീൽ, അലുമിനിയം, ചെമ്പ് എന്നിവയുൾപ്പെടെ ഇന്ത്യയുടെ ലോഹ കയറ്റുമതി 5 ബില്യൺ ഡോളറാണ്, ഇത് യുഎസ് ഇറക്കുമതിയുടെ 5.4% വരും. ഇന്ത്യയുടെ ആഗോള ലോഹ ഉൽപ്പാദനത്തിന്റെ 16.6% അമേരിക്ക വാങ്ങുന്നു. താരിഫ് 1.7% ൽ നിന്ന് 51.7% ആയി ഉയർന്നു.
ഫാർമസ്യൂട്ടിക്കൽസും സെമികണ്ടക്ടറുകളും ഇപ്പോൾ ഇരട്ട പ്രതികാര നടപടിയിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു. ഇതിനകം ഷിപ്മെന്റ് ആരംഭിച്ചിട്ടുള്ള സാധനങ്ങൾക്കും ഇളവ് ഉണ്ട്. ഇറക്കുമതിക്കാർ 2025 സെപ്റ്റംബർ 17 ന് മുമ്പ് അവ ക്ലിയർ ചെയ്യുകയും ചെയ്യും.









0 comments