അന്ന് ബ്രിട്ടൻ, ഇന്ന് അമേരിക്ക


എം അഖിൽ
Published on Aug 15, 2025, 01:27 AM | 1 min read
ന്യൂഡൽഹി
അമേരിക്കയുടെയും ട്രംപിന്റെയും സമ്മർദങ്ങൾക്ക് വഴങ്ങി നയതന്ത്ര നയങ്ങളിൽ വെള്ളംചേർത്ത കേന്ദ്രസർക്കാർ നിലപാട് ആഗോളതലത്തിൽ രാജ്യത്തെ ഒറ്റപ്പെടുത്തുന്നു. പണ്ട് ബ്രിട്ടൻ നടത്തിയ പോലെ ഇന്ത്യ സാമന്തരാഷ്ട്രമാണെന്ന രീതിയിലുള്ള ഇടപെടലുകളാണ് അമേരിക്കയും ട്രംപും നടത്തുന്നത്. പൂർണവിധേയരായ മോദിയും കൂട്ടരും അമേരിക്ക ‘മൈ ബോസ്’ ആണെന്ന് അംഗീകരിച്ചു.
അമേരിക്കയുടെ ആജ്ഞാനുസരണം വെടിനിർത്തൽ ധാരണ ഉണ്ടാക്കുന്ന, അമേരിക്കൻ താൽപ്പര്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന, വ്യാപാരകരാറുകളിൽ ഒപ്പിടുന്ന, അമേരിക്കയുടെ സുഹൃത്തുക്കളോട് മാത്രം കൂട്ടുകൂടുന്ന രാജ്യമെന്ന പ്രതിച്ഛായ ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ സൽപ്പേരിനെ വലിയ രീതിയിൽ ബാധിച്ചു. 2019 ൽ ഹൂസ്റ്റണിൽ "ഹൗഡി മോദി ' പരിപാടിയിൽ എല്ലാ നയതന്ത്ര മര്യാദകളും കാറ്റിൽ പറത്തി മോദി ട്രംപിന് വേണ്ടി വോട്ട് അഭ്യർഥിച്ചു. 2020ൽ അഹമ്മദാബാദിൽ ‘ നമസ്‌തേ ട്രംപ് ' പരിപാടി സംഘടിപ്പിച്ച് സന്തോഷിപ്പിച്ചു. എന്നാൽ 2021 തെരഞ്ഞെടുപ്പിൽ ബൈഡൻ അധികാരത്തിലെത്തിയതോടെ മോദിയുടെ കണക്കുകൂട്ടലുകൾ പാളി. 2025 ൽ ട്രംപ് വീണ്ടും അധികാരത്തിൽ എത്തിയതോടെ മോദി സർക്കാർ കൂടുതൽ ശക്തമായി അമേരിക്കൻ വിധേയത്വം തുടർന്നു. അനധികൃത കുടിയേറ്റക്കാരെന്ന് മുദ്രകുത്തി ഇന്ത്യക്കാരെ ചങ്ങലയിൽ ബന്ധിച്ച് നാട്ടിലേക്ക് നട തള്ളിയപ്പോൾ കേന്ദ്രസർക്കാർ പ്രതിഷേധിച്ചില്ല. ട്രംപ് അമിതതീരുവ പ്രഖ്യാപിച്ചപ്പോൾ വ്യാപാരകരാർ ഉടൻ യാഥാർഥ്യമാക്കാൻ കേന്ദ്രസർക്കാർ മുൻകൈ എടുത്ത് ചർച്ചതുടങ്ങി. അമേരിക്കയുടെയും ട്രംപിന്റെയും താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ബ്രിക്‌സ് കൂട്ടായ്‌മയെ തന്നെ വെറുപ്പിക്കാനും മോദിക്കും കൂട്ടർക്കും മടിയുണ്ടായില്ല.
ഇത്രയൊക്കെ വിധേയത്വം പുലർത്തിയിട്ടും ഇന്ത്യയോടുള്ള ട്രംപിന്റെ നിലപാടിൽ ഗുണപരമായ ചെറിയ മാറ്റം പോലുമുണ്ടായില്ല. പഹൽഗാം ഭീകരാക്രമണത്തിന് പിന്നിലെ പാക് പങ്കാളിത്തത്തെ അപലപിക്കാത്ത ട്രംപ് അവരുമായി വലിയ ഇന്ധന കരാർ പ്രഖ്യാപിച്ചു. പാക് സൈനിക മേധാവി അസിം മുനീറിനെ വൈറ്റ്‌ഹൗസിലേക്ക് ക്ഷണിച്ച് വിരുന്ന് നൽകി. ഇന്ത്യ, പാക് വെടിനിർത്തലിന് ഇടപെട്ടെന്ന അവകാശവാദം ട്രംപ് നിരന്തരം ആവർത്തിച്ചത് ഇന്ത്യയ്ക്ക് നാണക്കേടായി. കശ്‌മീർ വിഷയം പരിഹരിക്കാൻ മധ്യസ്ഥനാകാമെന്ന ട്രംപിന്റെ വാഗ്‌ദാനം രാജ്യത്തിന്റെ ആത്മാഭിമാനത്തെ വ്രണപ്പെടുത്തി. അമേരിക്ക തള്ളിപ്പറഞ്ഞതോടെ ഗത്യന്തരമില്ലാതെ ചൈനയുമായി സൗഹൃദമുണ്ടാക്കാനും റഷ്യയുമായുള്ള സൗഹൃദം ദൃഢപ്പെടുത്താനും കേന്ദ്രസർക്കാർ നീക്കം തുടങ്ങി. ബ്രിക്‌സിൽ വീണ്ടും സജീവമാകാനും ശ്രമിക്കുന്നു.









0 comments