കശ്‌മീരിലെ ദുരൂഹമരണങ്ങൾക്ക്‌ പിന്നിൽ കാഡ്‌മിയമെന്ന്‌ കേന്ദ്രമന്ത്രി; സ്ഥിരീകരിക്കാതെ കേന്ദ്രവും കശ്‌മീർ സർക്കാരും

Mysterious Illness Budhal Village
വെബ് ഡെസ്ക്

Published on Jan 24, 2025, 09:38 PM | 1 min read

ന്യൂഡൽഹി: ജമ്മു കശ്മീരിൽ 'അജ്ഞാതരോഗം' ബാധിച്ച്‌ 17 പേർ മരിച്ച സംഭവത്തിനു പിന്നിൽ രാസമൂലകമായ കാഡ്‌മിയമെയെന്ന്‌ കേന്ദ്രമന്ത്രി ഡോ ജിതേന്ദ്രസിങ്‌. ലഖ്‌നൗവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടോക്സിക്കോളജി റിസർച്ചിൽ നടത്തിയ പരിശോധനയിലാണ്‌ മരിച്ചവരുടെ സാമ്പിളുകളിൽ നിന്ന്‌ കാഡ്മിയത്തിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞതെന്ന്‌ അദ്ദേഹം മാധ്യമങ്ങളോട്‌ പറഞ്ഞു. എന്നാൽ കേന്ദ്രസർക്കാർ നിയമിച്ച 11 അംഗ സമിതിയോ ജമ്മുകശ്‌മീർ സർക്കാരോ ഇതുസംബന്ധിച്ച്‌ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ നൽകിയിട്ടില്ല. ബാക്ടീരിയയോ മറ്റോ മൂലമുള്ള അണുബാധ അല്ല ദുരൂഹമരണങ്ങൾ സംഭവിച്ചതെന്ന്‌ കഴിഞ്ഞ ദിവസം ഇദ്ദേഹം പറഞ്ഞിരുന്നു.


ജമ്മു കശ്‌മീരിലെ രജൗരി ജില്ലയിലെ ബുദാൽ ഗ്രാമത്തിലാണ്‌ അപകടമുണ്ടായത്‌. ഡിസംബർ 7 മുതൽ ജനുവരി 19 വരെയായി ഗ്രാമത്തിലെ മൂന്ന് കുടുംബങ്ങളിലാണ് മരണം സംഭവിച്ചത്. ഇതേത്തുടർന്ന്‌ ബുധനാഴ്ച പ്രദേശത്തെ കണ്ടെയ്ൻമെന്റ്‌ സോണായി പ്രഖ്യാപ്പിച്ചു. സ്ഥലത്ത്‌ നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്‌. മരണം സംഭവിച്ച മൂന്നുകുടുംബങ്ങളുടെ വീടുകൾ ഉൾപ്പെടുന്നതാണ്‌ ആദ്യ നിയന്ത്രിത മേഖല. ആരോഗ്യപ്രവർത്തകർക്ക്‌ മാത്രമാണ്‌ പ്രവേശനം. രോഗബാധിതരുമായി അടുത്തിടപഴകിയവരുടെ വീടുകൾ, മറ്റ്‌ വീടുകൾ എന്നിവ രണ്ടും മൂന്നും മേഖലകൾ. ആദ്യ രണ്ട്‌ മേഖലകളിലെ വീടുകളിൽ വെള്ളവും ഭക്ഷണവും സർക്കാർ എത്തിക്കും. എല്ലാ ജലവിതരണ സാമഗ്രികളും പുതിയത്‌ സ്ഥാപിക്കും. രോഗബാധിതനായ ഐജാസ്‌ അഹമ്മദി(24)ന്റെ നില ഗുരുതരമാണ്‌.


ദുരൂഹ മരണങ്ങൾ അന്വേഷിക്കാൻ ആഭ്യന്തര മന്ത്രാലയം 11 അംഗ അന്തർ മന്ത്രാലയ സംഘത്തെ രൂപീകരിച്ചു. മരണസംഖ്യ 17 ആയി ഉയർന്ന്‌ ഒരു ദിവസം കഴിഞ്ഞാണ്‌ സംഘം രജൗരി ജില്ലയിൽ എത്തിയത്. പനി, വേദന, ഓക്കാനം, തീവ്രമായ വിയർപ്പ്, ബോധം നഷ്ടപ്പെടൽ എന്നിവ ഉൾപ്പെടെയുള്ള ലക്ഷണങ്ങൾ രോഗികളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.





deshabhimani section

Related News

View More
0 comments
Sort by

Home