കോളജ് വിദ്യാര്‍ഥികളെക്കൊണ്ട് 'ജയ് ശ്രീറാം' വിളിപ്പിച്ച് തമിഴ്‌നാട് ഗവര്‍ണർ; നടപടി വിവാദത്തിൽ

r n ravi
വെബ് ഡെസ്ക്

Published on Apr 14, 2025, 11:11 AM | 1 min read

ചെന്നൈ: കോളജ് വിദ്യാര്‍ത്ഥികളോട് 'ജയ് ശ്രീറാം' വിളിക്കാന്‍ ആവശ്യപ്പെട്ട തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവിയുടെ നടപടി വിവാദത്തില്‍. കമ്പ രാമായണം എഴുതിയ പുരാതന കവിയെ ആദരിക്കുന്നതിനായി അദ്ദേഹം വിദ്യാർഥികളോട് ജയ് ശ്രീറാം വിളിക്കാൻ ആവശ്യപ്പെടുന്ന വീഡിയോയും വൈറലാണ്. "ഈ ദിവസം, ശ്രീരാമൻ്റെ വലിയ ഭക്തനായിരുന്ന ഒരാൾക്ക് നമുക്ക് ആദരാഞ്ജലികൾ അർപ്പിക്കാം. ഞാൻ ജയ് ശ്രീ റാം പറയും, നിങ്ങളും ജയ് ശ്രീ റാം എന്ന് പറയുക" എന്നായിരുന്നു വിദ്യാർഥികളോട് ആവശ്യപ്പെട്ടത്. ​ഗവര്‍ണര്‍ക്കെതിരെ നിരവധി രാഷ്ട്രീയ സാമൂഹ്യ സംഘടനകള്‍ രംഗത്തെത്തി. മതേതര തത്വങ്ങളും സത്യപ്രതിജ്ഞയും ലംഘിച്ച ആര്‍ എന്‍ രവിയെ ഗവര്‍ണര്‍ സ്ഥാനത്ത് നിന്നും പുറത്താക്കണമെന്ന് വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.


ഭരണഘടന പാലിക്കുന്നതിലും അതിന്റെ ആദര്‍ശങ്ങളെയും സ്ഥാപനങ്ങളെയും ബഹുമാനിക്കുന്നതിലും ​ഗവർണർ പരാജയപ്പെട്ടുവെന്ന് സ്‌റ്റേറ്റ് പ്ലാറ്റ്‌ഫോം ഫോര്‍ കോമണ്‍ സ്‌കൂള്‍ സിസ്റ്റംതമിഴ്‌നാട് (എസ്പിസിഎസ്എസ്ടിഎന്‍) പറഞ്ഞു. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 159 (ഗവര്‍ണറുടെ സത്യപ്രതിജ്ഞ) മനഃപൂര്‍വ്വം ലംഘിച്ചതിന് രവിയെ തമിഴ്‌നാട് ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് ഉടന്‍ പുറത്താക്കണമെന്ന് എസ്പിസിഎസ്എസ്ടിഎന്‍ ജനറല്‍ സെക്രട്ടറി പി ബി പ്രിന്‍സ് ഗജേന്ദ്ര ബാബു പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.


മധുരയിലെ ഒരു സര്‍ക്കാര്‍ എയ്ഡഡ് കോളജ് സംഘടിപ്പിച്ച പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ്, ഗവര്‍ണര്‍ വിദ്യാര്‍ത്ഥികളോട് 'ജയ് ശ്രീറാം' എന്ന് മൂന്ന് തവണ വിളിക്കാന്‍ ആവശ്യപ്പെട്ടത്. ഇതേത്തുടര്‍ന്ന് ചില വിദ്യാര്‍ത്ഥികള്‍ ഇതേറ്റു വിളിക്കുകയും ചെയ്തു. പ്രസംഗത്തില്‍ ഡിഎംകെയെയും സംസ്ഥാന സര്‍ക്കാരിനെയും ഗവര്‍ണര്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.


ഗവർണറുടെ പ്രവൃത്തി രാജ്യത്തെ മതനിരപേക്ഷ മൂല്യങ്ങൾക്കെതിരാണെന്ന് ആരോപിച്ച് ഡിഎംകെ രംഗത്തെത്തി. ഭരണഘടനയെ ലംഘിക്കാനാണ് ഗവർണറുടെ ശ്രമം. ഗവർണർ ഒരു ആർഎസ്എസ് വക്താവാണെന്നും ഡിഎംകെ വക്താവ് ധരണീധരൻ ആരോപിച്ചു. ഗവർണർ മതനേതാവിനെപ്പോലെ പെരുമാറുന്നുവെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് എംഎൽഎ ആസാൻ മൗലാനയും രംഗത്തെത്തിയിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Home