ജമ്മു കശ്മീരിൽ ജയിലുകൾക്ക് ഭീകരാക്രമണ ഭീഷണിയെന്ന് റിപ്പോർട്ട്

പ്രതീകാത്മകചിത്രം
ശ്രീനഗർ : ജമ്മു കശ്മീരിൽ ജയിലുകൾക്ക് നേരെ ഭീകരാക്രമണ ഭീഷണിയെന്ന് വിവരം. ശ്രീനഗർ സെൻട്രൽ ജയിൽ, ജമ്മു കോട്ട് ഭൽവാൽ ജയിൽ എന്നിവയ്ക്കടക്കം ഭീഷണി ലഭിച്ചിട്ടുണ്ടെന്നാണ് ഇന്റലിജൻസ് വൃത്തങ്ങൾ സൂചിപ്പിച്ചതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നിരവധി ഭീകരവാദികളെയും ഭീകരപ്രവർത്തനങ്ങൾക്ക് സഹായിച്ചവരെയും പാർപ്പിച്ചിരിക്കുന്ന ജയിലുകൾക്ക് ഭീഷണി ലഭിച്ചതിനെത്തുടർന്ന് സുരക്ഷ ശക്തമാക്കി. പ്രദേശങ്ങളിൽ തിരച്ചിലും ഊർജിതമാക്കിയിട്ടുണ്ട്.
പഹൽഗാം ഭീകരാക്രമണത്തിനു ശേഷം ഭീകരർക്കായി ജമ്മുവിൽ തിരച്ചിൽ ശക്തമാക്കിയ സാഹചര്യത്തിലാണ് ഭീഷണി. പഹൽഗാം ആക്രമണത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്നവരുടേതുൾപ്പെടെ ആറോളം ഭീകരരുടെ വീടുകൾ കശ്മീരിൽ വിവിധയിടങ്ങളിലായി തകർത്തിരുന്നു.
ഇന്ന് രാവിലെ പൂഞ്ചിൽ ഭീകരരുടെ ഒളിത്താവളം സൈന്യവും പൊലീസുമടങ്ങുന്ന സംയുക്തസംഘം തകർത്തിരുന്നു. അതേസമയം അതിർത്തിയിൽ പ്രകോപനമില്ലാതെ പാക് സൈന്യം വെടിയുതിർക്കുന്നത് കഴിഞ്ഞ ദിവസങ്ങളിലും ആവർത്തിച്ചെന്ന് സൈന്യം അറിയിച്ചു. പൂഞ്ച് അടക്കമുള്ള മേഖലകളിൽ വെടിനിർത്തൽ കരാർ പാകിസ്ഥാൻ ലംഘിച്ചിരുന്നു. കഴിഞ്ഞ മാസം 25നാണ് പാക് സൈന്യം അതിർത്തിയിൽ വെടിവയ്പ് ആരംഭിച്ചത്.
ഏപ്രിൽ 22നാണ് പഹൽഗാമിൽ രാജ്യത്തെ നടുക്കിയ ഭീകരാക്രമണം ഉണ്ടായത്. വിനോദസഞ്ചാരികളടക്കം 26 പേരാണ് കൊല്ലപ്പെട്ടത്. തുടർന്ന് പാകിസ്ഥാനെതിരെ ഇന്ത്യ നയതന്ത്ര നടപടികൾ സ്വീകരിച്ചിരുന്നു. അട്ടാരി - വാഗ അതിർത്തി അടയ്ക്കുകയും സിന്ധു നദീജല കരാർ റദ്ദാക്കുകയും ചെയ്തു. ഇന്ത്യയിലുള്ള പാക് പൗരർ രാജ്യം വിടണമെന്നും ആവശ്യപ്പെട്ടിരുന്നു.









0 comments