'നടതള്ളൽ' തുടർന്ന് ട്രംപ്: കുടിയേറ്റക്കാരുമായി യുഎസിൽ നിന്ന് മൂന്നാമത്തെ വിമാനം ഇന്നെത്തും

ന്യൂഡൽഹി : അനധികൃത കുടിയേറ്റക്കാരെന്ന് മുദ്രകുത്തി ഇന്ത്യക്കാരെ തിരിച്ചയയ്ക്കുന്നത് തുടർന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. 157 ഇന്ത്യക്കാരുമായി മൂന്നാമത്തെ വിമാനം ഇന്ന് ഇന്ത്യയിലെത്തുമെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു. ഇന്നലെ 116 കുടിയേറ്റക്കാരുമായി അമേരിക്കൻ സൈനിക വിമാനം അമൃത്സറിൽ എത്തിയിരുന്നു. അമേരിക്കൻ സന്ദർശനത്തിൽ ട്രംപുമായുള്ള കൂടിക്കാഴ്‌ചയിൽ ഇന്ത്യക്കാരോടുള്ള മനുഷ്യത്വവിരുദ്ധ സമീപനത്തെക്കുറിച്ച് ഒരുവാക്കുപോലും ഉരിയാടാതെ പ്രധാനമന്ത്രി നരേന്ദ്രമോദി മടങ്ങിയെത്തിയതിന് പിന്നാലെയാണ് അടുത്ത വിമാനം ശനി രാത്രി 11.30ന് അമൃത്‌സറിലെ ശ്രീ ഗുരു രാംദാസ്‌ജി വിമാനത്താവളത്തിൽ ഇറങ്ങിയത്.
ഫെബ്രുവരി അഞ്ചിന് 104 ഇന്ത്യക്കാരെ കൈവിലങ്ങും കാൽച്ചങ്ങലയും അണിയിച്ച് മനുഷ്യത്വരഹിതമായ രീതിയിൽ കൊണ്ടുവന്ന് പത്തുദിവസം കഴിയുമ്പോഴാണ് വീണ്ടും യുഎസ് സൈനിക വിമാനം ഇന്ത്യൻ മണ്ണിലിറങ്ങിയത്. 67 പേർ പഞ്ചാബുകാരും 33 പേർ ഹരിയാനക്കാരുമാണ്. ഗുജറാത്തിൽ നിന്ന് എട്ടും യുപിയിൽ നിന്ന് മൂന്നും ഗോവ, മഹാരാഷ്ട്ര, രാജസ്ഥാൻ എന്നിവിടങ്ങളിൽനിന്നുള്ള രണ്ടുപേർ വീതവും ഹിമാചൽ, ജമ്മു കശ്‌മീർ എന്നിവിടങ്ങളിൽനിന്ന് ഒരാൾ വീതവുമാണ് എത്തിയത്. ആറു വയസുകാരിയടക്കം രണ്ട് കുട്ടികളും നാലു സ്‌ത്രീകളും തിരിച്ചെത്തിയവരിലുണ്ട്. പതിനെട്ടിലും മുപ്പതിനും ഇടയ്‌ക്ക് പ്രായമുള്ളവരാണ് ഭൂരിഭാഗവും.
ഫെബ്രുവരി അഞ്ചിനാണ് 104 പേരെ കൈവിലങ്ങും കാൽച്ചങ്ങലയും അണിയിച്ച് മനുഷ്യത്വ രഹിതമായ രീതിയിലാണ് അമേരിക്കയിൽ നിന്ന് നാടുകടത്തിയത്. എന്നാൽ ഈ നടപടിയിൽ മൗനം പാലിക്കുകയായിരുന്നു കേന്ദ്ര സർക്കാർ. ഇന്ത്യക്കാരെ കരുതിക്കൂട്ടി അവഹേളിക്കുന്ന അമേരിക്കൻ നിലപാടിനോട് പൂർണവിധേയത്വം പുലർത്തുന്ന കേന്ദ്രസർക്കാർ നടപടിക്കെതിരെ രാജ്യത്ത് വലിയ പ്രതിഷേധമുയർന്നു.









0 comments