രത്തൻ തിയാം അന്തരിച്ചു

ഇംഫാൽ: തിയേറ്റർ ഓഫ് റൂട്ട്സ് പ്രസ്ഥാനത്തിന്റെ തുടക്കക്കാരിൽ ഒരാളായ മണിപ്പൂർ രംഗവേദിയിലെ പ്രശസ്ത കലാ വ്യക്തിത്വം രത്തൻ തിയാം അന്തരിച്ചു. ബുധനാഴ്ച പുലർച്ചെ ഇംഫാലിൽ ആയിരുന്നു അന്ത്യം. അദ്ദേഹത്തിന് 77 വയസ്സായിരുന്നു.
പുരാതന ഇന്ത്യൻ രംഗവേദിയുടെ പാരമ്പര്യങ്ങൾ ആധുനിക പ്രമേയങ്ങളോടെ ഉപയോഗിച്ച നാടകങ്ങൾ ശ്രദ്ധ നേടി. രാസ ലീല പോലെ മണിപ്പൂരി കലാരൂപങ്ങളുടെ സന്നിവേശവും ഇവയുടെ സവിശേഷതയായിരുന്നു. ചക്രവ്യൂഹ, ഋതുസംഹാരം തുടങ്ങിയ നാടകങ്ങൾ വ്യതിരിക്തതകളാൽ ഏറെ ചർച്ച ചെയ്യപ്പെട്ടു.
1948 ജനുവരി 20 ന് മണിപ്പൂരിൽ ജനിച്ച തിയാം - തിയാം നെമൈ എന്നും അറിയപ്പെട്ടു. നാടകകൃത്ത്, സംവിധായകൻ, ചിത്രകാരൻ, സംഗീതജ്ഞൻ എന്നീ നിലകളിലെല്ലാം സജീവമായിരുന്നു. വടക്കു കിഴക്കിന്റെ വൈവിധ്യ പൂർണ്ണമായ സംഗീത-രംഗ കലാപാരമ്പര്യങ്ങളെയും കലാ ആവിഷ്കാരങ്ങളെയും നാടവേദിയിൽ സന്നിവേശിപ്പിച്ചു. ചിന്തകനും എഴുത്തുകാരനുമാണ്.
മണിപ്പൂരി രംഗകലാ പാരമ്പര്യത്തെ
ലോകത്തിന് മുന്നിൽ എത്തിച്ചു
1976 ൽ ഇംഫാലിൽ കോറസ് റിപ്പർട്ടറി തിയേറ്റർ സ്ഥാപിച്ചാണ് തുടക്കം. നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ പഠിച്ച മണിപ്പൂരിൽ നിന്നുള്ള ആദ്യത്തെ വ്യക്തിയാണ്. ബി വി കാരന്ത്, കെ എൻ പണിക്കർ എന്നിവർക്കൊപ്പം കലാ രംഗങ്ങളിൽ ഒന്നിച്ചു. ഇന്ത്യൻ നാടകവേദിയെ അപകോളനീകരിക്കാനും തദ്ദേശീയ പൈതൃകവുമായി ബന്ധിപ്പിക്കാനും ശ്രമിച്ച തിയറ്റർ ഓഫ് റൂട്സ് പ്രസ്ഥാനത്തിന്റെ പയനിയർ എന്ന നിലയിൽ 1970 കളിൽ രാജ്യത്തും വിദേശങ്ങളിലും ശ്രദ്ധ നേടി. മണിപ്പൂരിന്റെ രംഗകലാ പാരമ്പര്യത്തെ ലോകത്തിന് മുന്നിൽ എത്തിച്ചു.
ചെഗുവേരയെപ്പോലെ ഒരു വിപ്ലവകാരിയാകാൻ ക്യൂബയിലേക്ക് പോകണമെന്ന് സ്വപ്നം കണ്ടു നടന്ന ബാല്യത്തെ കുറിച്ച് രത്തൻ തിയാം ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തുന്നുണ്ട്. "ഞാൻ വളർന്നപ്പോൾ അദ്ദേഹത്തിന്റെ പുസ്തകങ്ങൾ വായിച്ചു പഠിച്ചു. അദ്ദേഹത്തിന്റെ ആശയങ്ങളും ജീവിതരീതിയും അറിഞ്ഞ് പ്രചോദനം ഉൾക്കൊണ്ടു," അദ്ദേഹം പറയുകയുണ്ടായി. പിന്നീട് രത്തൻ തിയാമിന്റെ കലാപം നാടകത്തിലൂടെയാണ് ആവിഷ്കൃതയായത്.

കർണാഭരണം, ഊരുഭംഗം എന്നീ നാടകങ്ങൾ മണിപ്പൂരി തനത് വേദിയുടെ പശ്ചാത്തലത്തിൽ അവതരിപ്പിച്ചു. ഇതിഹാസങ്ങളിലെ പ്രതിനായകരായി കണക്കാക്കപ്പെടുന്ന കർണനെയും ദുര്യോധനനെയും നായകന്മാരായി ഉയർത്തിപ്പിടിച്ച തിയാമിന്റെ അതിശയകരമായ ദുരന്ത നാടക ആവിഷ്കാരങ്ങൾ അക്കാലത്ത് വലിയ ചർച്ചകൾ ഉയർത്തി.
45 വർഷം രംഗത്ത് സജീവമായിരുന്നു. 1984 ൽ പ്രദർശിപ്പിച്ച "ചക്രവ്യുഹ" തിയാമിനെ ദേശീയ പ്രശസ്തിയിലേക്ക് ഉയർത്തി. ഈ നാടകം ഇന്ത്യയിലും വിദേശത്തുമായി 150 ലധികം വേദികളിൽ പ്രദർശിപ്പിച്ചു. തിയാമിന്റെ അമ്മയും അച്ഛനും നർത്തകരായിരുന്നു.
നാടകത്തെ രംഗാനുഭവമാക്കി
നാടകവേദിയിൽ കഥ പറയുന്നതിനുള്ള പ്രാഥമിക മാർഗമായി വാക്കുകൾ ഉപയോഗിച്ചിരുന്നിടത്ത് രംഗാവിഷ്കാരം എന്ന നിലയിലേക്ക് മണിപ്പൂരി അവതരണങ്ങളെ തുടക്കത്തിൽ മാറ്റുന്നത് രത്തൻ തിയാമാണ്. ഡൽഹിയിലെ നാഷണൽ സ്കൂൾ ഓഫ് ഡ്രാമ മുൻ ഡയറക്ടർ അനുരാധ കപൂർ പറയുന്നു.
“1984-ൽ തിയാം ചക്രവ്യൂഹം രംഗത്ത് അവതരിപ്പിച്ചു. നാടകത്തിലെ ദൃശ്യത്തിന്റെ മാന്ത്രികത കാണികൾക്ക് മനസ്സിലാക്കിക്കൊടുത്ത പരീക്ഷണമായിരുന്നു അത്.
വസ്ത്രാലങ്കാരവും ലഘു സംഗീത വോക്കലൈസേഷനും താളവാദ്യവും ഉപയോഗിച്ച് സമ്പൂർണ്ണ മാജിക് സൃഷ്ടിക്കുന്ന ഒരു സംയോജിത നാടക ഇമേജിനെക്കുറിച്ച് അദ്ദേഹം ഞങ്ങളെ ബോധവാന്മാരാക്കി. ഇത്തരത്തിലുള്ള ഇമേജ് നിർമ്മാണമാണ് നാടകത്തിന്റെ കാതൽ,” അങ്ങനെ രംഗവേദിയുയെ കാതലിൽ തൊട്ട കലാകാരനായി രത്തൻ തിയാം.
കനുപ്രിയ പറഞ്ഞത് കത്തുന്ന മണിപ്പൂരിന്റെയും കഥ
സീനോഗ്രാഫിക്ക് പ്രത്യേക ഇന്ത്യൻ ആവിഷ്കാരം നൽകിയുള്ള കോറസ് റിപ്പർട്ടറി തിയേറ്ററിന്റെ കനുപ്രിയ എന്ന നാടകം അടുത്തകാലത്ത് മണിപ്പൂരിലെ അസ്വസ്ഥതകളുമായി ബന്ധപ്പെടുത്തി പുതിയ രംഗഭാഷയിൽ വേദിയിൽ എത്തി. മാർച്ച് 21 ന് ഇംഫാലിൽ സ്വകാര്യ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ച കനുപ്രിയ മാർച്ച് 30 ന് ഗ്വാളിയോറിലെ അടൽ ബിഹാരി വാജ്‌പേയി-ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി ആൻഡ് മാനേജ്‌മെന്റിൽ പ്രദർശിപ്പിച്ചു. രത്തൻ തിയാം നേരിട്ട് ഇടപെട്ട അവസാനത്തെ പ്രോജക്ടായിരുന്നു ഇത്.
മണിപ്പൂരിലെ നിലവിലെ രാഷ്ട്രീയ അശാന്തിയും വംശീയ പ്രശ്നങ്ങളും അഭിസംബോധന ചെയ്യുന്നതിൽ സംസ്ഥാന സർക്കാരിന്റ പരാജയവും ഇതിൽ പ്രതിഫലിക്കുന്നതായി വിലയിരുത്തപ്പെട്ടു. ധരംവീർ ഭാരതിയുടെ (1926-1997) ഒരു ആഖ്യാന കവിതയെ അടിസ്ഥാനമാക്കിയുള്ള കനുപ്രിയയ തിയാം സമകാല അനുഭവങ്ങളുമായി കോർത്ത് രംഗ ഭാഷ പരിഷ്കരിക്കയായിരുന്നു.
1989-ൽ പത്മശ്രീ പുരസ്കാരം സമ്മാനിച്ചു. 1987-ൽ സംഗീത നാടക അക്കാദമി അവാർഡ് ലഭിച്ചു. 1997 ൽ കാളിദാസ് സമ്മാൻ ലഭിച്ചു. 2008 ൽ ദേശീയോദ്ഗ്രഥനത്തിനുള്ള ഇന്ദിരാഗാന്ധി അവാർഡ് ലഭിച്ചു. 2012 ലെ സംഗീത നാടക അക്കാദമി ഫെലോഷിപ്പും, ടാഗോർ രത്ന പുരസ്കാരവും രത്തൻ തിയാമിനായിരുന്നു.
സംഗീത നാടക അക്കാദമിയുടെ വൈസ് ചെയർമാനായിരുന്നിട്ടുണ്ട്. അഞ്ച് വർഷം നാഷണൽ സ്കൂൾ ഓഫ് ഡ്രാമയുടെ ചെയർപേഴ്‌സണായിരുന്നു. നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ ഡയറക്ടർ എന്ന പദവി വഹിച്ച വടക്കു കിഴക്കൻ മേഖലയിൽ നിന്നുള്ള ആദ്യത്തെ വ്യക്തിയാണ്.

ഇന്ത്യയിലും വിദേശത്തുമുള്ള നിരവധി അന്താരാഷ്ട്ര മേളകളിലെ ഏറ്റവും മികച്ച പ്രകടനങ്ങൾ കാഴ്ചവച്ചകോറസ് റിപ്പർട്ടറി തിയേറ്റർ എഡിൻബർഗ് ഇന്റർനാഷണൽ തിയേറ്റർ ഫെസ്റ്റിവലിൽ ഫ്രഞ്ച് ഫസ്റ്റ് അവാർഡ്, 1987", "ഇന്തോ-ഗ്രീക്ക് ഫ്രണ്ട്ഷിപ്പ് അവാർഡ്, 1984", "ഡിപ്ലോമ ഓഫ് സെർവാന്റിംഗ് ഇന്റർനാഷണൽ തിയേറ്റർ ഫെസ്റ്റിവൽ, 1990" എന്നിവ നേടിയിട്ടുണ്ട്.
കോറസ് റിപ്പർട്ടറി തിയേറ്റർ ആരംഭിച്ചതിനുശേഷം 37 നാടകങ്ങൾ രംഗത്ത് എത്തിച്ചു. കോവിഡ് ബാധിച്ച് അവശനായ രത്തൻ തിയാം അതിന് ശേഷമുള്ള വർഷങ്ങളിൽ രംഗവേദിയിൽ സജീവമായിരുന്നില്ല. അവസാന നാളുകളിൽ തന്റെ ഗുരുവായ ഇബ്രാഹിം അൽകാസിയുടെ പേരിൽ ഒരു ആർട്ട് ഗാലറി സ്ഥാപിക്കുക എന്ന സ്വപ്നവും പങ്കുവെച്ചിരുന്നു.

കലാപത്തിൽ കേന്ദ്ര നിസ്സംഗതയ്ക്ക് എതിരെ
കത്തുന്ന വാക്കുകൾ
മണിപ്പൂർ കലാപത്തിലെ കേന്ദ്ര സർക്കാരിന്റെ നിസ്സംഗതയ്ക്ക് എതിരെ രത്തൻ ശക്തമായ വിമർശനം ഉയർത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയോട് വാ തുറക്കാനും രാഷ്ട്രീയ ഇഛാശക്തി കാണിക്കാനും ആവശ്യപ്പെടുകയും ചെയ്തു.
2023-ൽ മണിപ്പൂരിൽ മെയ്തി കുക്കി-സോ കലാപം തുടങ്ങി ഒരുമാസത്തിന് ശേഷം ആഭ്യന്തര മന്ത്രാലയം ഒരു സമാധാന സമിതി രൂപീകരിച്ചു. മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് ഇടപെട്ട് ഈ 50 അംഗ കമ്മിറ്റിയിൽ രത്തൻ തിയാമിനെയും ഉൾപ്പെടുത്തി. എന്നാൽ ഇതിൽ തനിക്ക് ഒന്നും ചെയ്യാനില്ലെന്ന് രത്തൻ പരസ്യമായി പറഞ്ഞു.
മുഖ്യമന്ത്രി തന്നെ ആരംബായ് തങ്കൂൽ പോലുള്ള സംഘപരിവാർ അനുബന്ധ സംഘടനകളുടെ അക്രമങ്ങൾക്ക് പിന്നിൽ പ്രേരണയായി നിൽക്കുന്നു എന്ന് വിമർശനം ഉയർന്ന ഘട്ടത്തിലായിരുന്നു ഇത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സംസാരിക്കാനും ശക്തമായ രാഷ്ട്രീയ ഇച്ഛാശക്തി കാണിക്കാനും സമയമായി എന്ന് രത്തൻ തിയാം പരസ്യമായി പറഞ്ഞു. കമ്മിറ്റിയിൽ ചേരാനുള്ള ക്ഷണം നിരസിച്ചു. "പ്രശ്നം പരിഹരിക്കാൻ ശക്തമായ ഒരു രാഷ്ട്രീയ ഇച്ഛാശക്തി ആവശ്യമാണ്. അത് ചെയ്തില്ലെങ്കിൽ, ജനങ്ങൾ എവിടേക്ക് പോകും?" എന്ന് ചോദിച്ചു.









0 comments