സുപ്രീം കോടതി ഫുൾ ബെഞ്ച്, 34 ജഡ്ജിമാരിൽ വനിത 01


എൻ എ ബക്കർ
Published on Aug 29, 2025, 05:52 PM | 5 min read
ജസ്റ്റിസ് അലോക് ആരാതെയും ജസ്റ്റിസ് വിപുൽ പഞ്ചോളിയും വെള്ളിയാഴ്ച രാവിലെ സുപ്രീം കോടതി ജഡ്ജിമാരായി സത്യപ്രതിജ്ഞ ചെയ്തു. ഇതോടെ സുപ്രീം കോടതി 34 ജഡ്ജിമാരുടെ പൂർണ്ണ ശേഷിയിൽ എത്തി. ഇവരിൽ വനിതയായി ബി വി നാഗരത്ന ഒരാൾ മാത്രം.
ഫുൾ ബെഞ്ച് 34 ജഡ്ജിമാരുടെ അംഗബലത്തോടെ അനുവദിച്ചിരിക്കുന്ന പൂർണ്ണ സംഖ്യയിലെത്തിയ ഘട്ടത്തിൽ തന്നെയാണ് വനിതാ പ്രാതിനിധ്യത്തിലെ ശുഷ്കാവസ്ഥ. മൂന്ന് മാസം മുമ്പ് 34 എന്ന അംഗസംഖ്യ തികഞ്ഞ സമയം ഉണ്ടായിരുന്നു. അന്നും സമാന സാഹചര്യം തന്നെയായിരുന്നു.
അന്ന് പദവിയിൽ രണ്ട് വനിതകൾ മാത്രമായിരുന്നു. അവരിൽ ജസ്റ്റിസ് ബേല എം ത്രിവേദി 2025 ജൂൺ 9 ന് വിരമിച്ചു. അവരുടെ അവസാന പ്രവൃത്തി ദിവസം 2025 മെയ് 16 ആയിരുന്നു. ഗുജറാത്തിൽ നിന്നുള്ള ഏക വനിതാ സുപ്രീം കോടതി ജഡ്ജിയുമായുരുന്നു അവർ. അതിന് ശേഷം സുപ്രീം കോടതിയിൽ ഒറ്റ വനിതാ ജഡ്ജി മാത്രമാണ് അവശേഷിക്കുന്നത്. ജസ്റ്റിസ് ബി വി നാഗരത്ന.
ഇന്ന് സത്യപ്രതിജ്ഞ ചെയ്ത ജസ്റ്റീസ് വിപുൽ പഞ്ചോളിയുടെ നിയമനം സംബന്ധിച്ച് വിവാദം നിലനിൽക്കുന്നുണ്ട്. അദ്ദേഹത്തെ ഗുജറാത്ത് ഹൈക്കോടതിയിൽ നിന്നും 2023 ൽ പട്ന ഹൈക്കോടതിയിലേക്ക് മാറ്റിയത് സുപ്രീം കോടതിയിൽ എത്തിക്കുക എന്ന ലക്ഷ്യമിട്ടാണ് എന്നു പറയുന്നു. ഗുജറാത്തിൽ നിന്നുള്ള ജഡ്ജിമാരുടെ എണ്ണം പ്രാതിനിധ്യ സംതുലനം മറികടന്നു. ഗുജറാത്ത് ഹൈക്കോടതി മാതൃ ഹൈക്കോടതിയായ മൂന്നാമത്തെ സിറ്റിംഗ് സുപ്രീം കോടതി ജഡ്ജി കൂടിയാണ് അദ്ദേഹം. 2031 ൽ ഇന്ത്യയുടെ 60-ാമത് ചീഫ് ജസ്റ്റിസായി പദവിയിൽ എത്താൻ അവസരം ഉണ്ട്. നരേന്ദ്ര മോദി അധികാരത്തിൽ എത്തിയ 2014 ൽ ആണ് ഇദ്ദേഹം ഗുജറാത്ത് ഹൈക്കോടതിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത് എന്നതും ഇപ്പോഴത്തെ സംഭവ വികാസങ്ങളോട് ചേർത്ത് വായിക്കപ്പെടുന്നു.

ജസ്റ്റീസ് ബി വി നാഗരത്നയാണ് കൊളീജിയം യോഗത്തിൽ പഞ്ചോളിയുടെ നിയമനത്തിനെതിരെ എതിർ അഭിപ്രായം പ്രകടിപ്പിച്ചത്. പട്നയിലേക്ക് സ്ഥലം മാറ്റാൻ തീരുമാനിച്ചതിന്റെ മിനുട്സ് പരിശോധിക്കണം എന്നുവരെ അവർ ആവശ്യപ്പെട്ടിരുന്നതായാണ് റിപ്പോർട്ടുകൾ.
ഈ നിയമനം നീതിന്യായ വ്യവസ്ഥയ്ക്ക് പ്രതികൂലമാകുമെന്ന് മാത്രമല്ല, കൊളീജിയം സംവിധാനത്തിന്റെ വിശ്വാസ്യതയെ അപകടത്തിലാക്കുമെന്നും അവർ അഭിപ്രായപ്പെട്ടിരുന്നു.
തെരഞ്ഞെടുപ്പിലെ മാനദണ്ഡങ്ങൾ
പഞ്ചോളിയുടെ നിയമനത്തിൽ സീനിയോറിറ്റി പരിഗണിക്കപ്പെടാതെ പോയതും തുടർന്ന് പുറത്തുവന്ന വാർത്തകളിൽ ഇടം പിടിച്ചു. ഇന്ന് (ആഗസ്ത് 29) പദവിയേറ്റ ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റീസ് ആയിരുന്ന അലോക് ആരാധെ സീനിയോറിറ്റിയിൽ അഞ്ചാം സ്ഥാനത്താണ്. ജസ്റ്റീസ് വിപുൽ പഞ്ചോളി സീനിയോറിറ്റി പട്ടികയിൽ 57 ാമത് സ്ഥാനത്ത് മാത്രമായിരുന്നു. ഇതിനിടയിൽ മൂന്നു വനിതകൾ പരിഗണിക്കപ്പെടാതെ പുറത്തായിട്ടുണ്ട്. അവർ പഞ്ചോളിയെക്കാൾ സീനിയോറിറ്റി ഉള്ളവരാണ്.
സുപ്രീം കോടതി ജീവക്കാരുടെ നിയമനത്തിൽ എസ് സി എസ്ടി, ഒബിസി സംവരണം ഏർപ്പെടുത്തിയത് കഴിഞ്ഞ മാസമാണ്. കോടതി തന്നെ മുൻകൈ എടുത്താണ് ഈ ചരിത്രപരമായ തീരുമാനം പ്രഖ്യാപിച്ചത്. ആദ്യം എസ് സി എസ്ടി സംവരണം പ്രഖ്യാപിക്കയും പിന്നാലെ ഒബിസി വിഭാഗത്തിന് കൂടി അവസരം പ്രഖ്യാപിക്കയുമായിരുന്നു. അപ്പോഴും നീതിപീഠത്തിനകത്തെ വനിതാ പ്രാതിനിധ്യം എവിടെയും ഉയർന്നു വന്നില്ല.

279 ൽ വെറും 11 വനിതകൾ
1950 ജനുവരി 28 മുതൽ ഇന്നുവരെ സുപ്രീം കോടതിയിൽ വനിതാ ജഡ്ജിമാർ 11 പേർ മാത്രമേ ഉണ്ടായിരുന്നിട്ടുള്ളൂ. ഇതുവരെ ഉണ്ടായ 279 ജഡ്ജിമാരിൽ 11 വനിതകൾ മാത്രം. അതായത് വെറും നാല് ശതമാനം മാത്രം. “ഈ രാജ്യത്തിന്റെ 75 വർഷത്തിനിടയിൽ ഓരോ ഏഴ് വർഷത്തിലും ഒരു വനിതാ ജഡ്ജിയെ നിയമിച്ചിരുന്നു. അത് തന്നെ ഒരു വലിയ നാഴികക്കല്ലാണ്."- എന്നാണ് കബിൽ സിബൽ ഇതിനെ കുറിച്ച് പറഞ്ഞത്.

സുപ്രീം കോടതിയിൽ ഒരേ സമയം നാലിൽ കൂടുതൽ വനിതാ ജഡ്ജിമാർ ഒരിക്കലും ഉണ്ടായിട്ടില്ല. ആദ്യമായി ഒരേ സമയം ഒന്നിലധികം വനിതാ ജഡ്ജിമാർ പദവിയിൽ ഇരുന്നത് കഷ്ടിച്ച് 14 വർഷം മുൻപ് മാത്രമാണ്. 2011 സെപ്റ്റംബർ 13 ന് ആയിരുന്നു ഇത്. ജസ്റ്റിസ് ഗ്യാൻ സുധ മിശ്രയും പിന്നാലെ എത്തിയ ജസ്റ്റിസ് രഞ്ജന പി ദേശായിയും. ജസ്റ്റിസ് ഗ്യാൻ സുധ മിശ്ര 2014 ൽ വിരമിച്ചു. സുപ്രീം കോടതിയിൽ ആദ്യമായി മൂന്ന് വനിതാ ജഡ്ജിമാർ ഉണ്ടാവുന്നത് 2018 ലാണ്.

2021 ഓഗസ്റ്റ് 31 നാണ് സുപ്രീം കോടതിയിൽ ആദ്യമായി നാല് വനിതാ ജഡ്ജിമാർ ഉണ്ടായത് ജസ്റ്റിസ് ഇന്ദിര ബാനർജി, ജസ്റ്റിസ് ഹിമ കോഹ്‌ലി, ജസ്റ്റിസ് ബി വി നാഗരത്ന, ജസ്റ്റിസ് ബേല എം ത്രിവേദി എന്നിവരാണവർ.

2021 ൽ ഒമ്പത് ജഡ്ജിമാർ ഒരേ ദിവസം സത്യപ്രതിജ്ഞ ചെയ്തതിൽ മൂന്ന് സ്ത്രീകൾക്ക് ഒരുമിച്ച് അവസരം ലഭിച്ചത് ചരിത്രപരം എന്ന് വിശേഷിപ്പിക്കപ്പെട്ടു. 2021 ഓഗസ്റ്റ് 31 ന് ആയിരുന്നു സത്യപ്രതിജ്ഞ. പക്ഷെ ചരിത്രപരതയ്ക്ക് അല്പായുസ്സായിരുന്നു.
പ്രായ പരിഗണനകളിലും ദൂരത്ത്
വനിതാ ജഡ്ജിമാരുടെ ശരാശരി പ്രായം 61 ആയിരിക്കെ പുരുഷ ജഡ്ജിമാരുടെ ശരാശരി നിയമന പ്രായം 59 ആണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. അതായത് വനിതകളുടെ പ്രാതിനിധ്യം കുറവാണ് എന്ന് മാത്രമല്ല. അവർക്ക് ലഭിക്കുന്ന സേവന കാലാവധിയും പരിമിതമാണ്. ആർട്ടിക്കിൾ 124 പ്രകാരം സുപ്രീം കോടതിയിലെ ജഡ്ജിമാർ 65 വയസ്സ് തികയുമ്പോൾ വിരമിക്കണം. ശരാശരി നിയമന പ്രായം പരിഗണിക്കുമ്പോൾ 61 വയസിനും 65 വയസിനും ഇടയിലുള്ള പ്രായത്തിൽ മാത്രമാണ് വനിതകൾക്ക് അവസരം ലഭിക്കുന്നത് തന്നെ.
ചീഫ് ജസ്റ്റിസായി ഉയർത്തപ്പെട്ട പുരുഷ ജഡ്ജിമാരേക്കാൾ നാല് വർഷം കുറവാണ് വനിതാ ജഡ്ജിമാരുടെ ശരാശരി സേവന കാലം. 1989 ഒക്ടോബർ 6 നാണ് പ്രഥമ വനിതാ ജഡ്ജിയായ ഫാത്തിമ ബീവി ആദ്യമായി കോടതിയിൽ ഹാജരായത്. അതിനുശേഷം ഏഴു സ്ത്രീകൾ മാത്രമേ ഈ പദവിയിൽ എത്തിയതുള്ളൂ.
ജസ്റ്റിസ് ബി.വി. നാഗരത്ന 2027 സെപ്റ്റംബറിൽ ഇന്ത്യയുടെ ആദ്യത്തെ വനിതാ ചീഫ് ജസ്റ്റിസാകാൻ സീനിയോറിറ്റി പ്രകാരം അവസരമുണ്ട്. എന്നിരുന്നാലും അവരുടെ കാലാവധി ഏകദേശം 36 ദിവസം മാത്രമായിരിക്കും.
ഹൈക്കോടതികളിലോ
ഹൈക്കോടതികളിലും നില മറിച്ചല്ല. 2018 മുതൽ രാജ്യത്തെ വിവിധ ഹൈക്കോടതികളിൽ നിയമിതരായ 698 ജഡ്ജിമാരിൽ 108 പേർ മാത്രമാണ് സ്ത്രീകളെന്ന് കേന്ദ്ര നിയമ-നീതിന്യായ സഹമന്ത്രി അർജുൻ റാം മേഘ്‌വാൾ ഫെബ്രുവരിയിൽ പാർലമെന്റിൽ അവതരിപ്പിച്ച ഒരു കണക്കിൽ വ്യക്തമാക്കി.
ജില്ലാ കോടതി ജഡ്ജിമാരിൽ 36.3% പേർ സ്ത്രീകളാണ്. സീനിയോറിറ്റിക്ക് ഏഴ് വർഷം മുറിയാത്ത സർവ്വീസ് വേണമെന്ന നിബന്ധ പ്രസവവും ശിശുപരിപാലവുമായി ബന്ധപ്പെട്ട് വനിതകൾക്ക് പ്രതിബന്ധമാണ്.
സാമൂഹിക തരംതിരിവ് അനുസരിച്ച് ജുഡീഷ്യൽ നിയമനങ്ങളുടെ ഒരു വിവരണവും മന്ത്രി അർജുൻ റാം മേഘ്‌വാൾ നൽകിയിരുന്നു. ഈ 698 പേരിൽ ൽ 22 പേർ മാത്രമാണ് പട്ടികജാതി (എസ്‌സി) സമുദായത്തിൽ നിന്ന് ജഡ്ജിമാരായിട്ടുള്ളത്. പട്ടികവർഗ (എസ്‌ടി) സമുദായത്തിൽ പെട്ടവർ 15 പേർ മാത്രം. 698 ൽ 87 ജഡ്ജിമാർ മറ്റ് പിന്നാക്ക വിഭാഗങ്ങളിൽ (ഒബിസി) നിന്നും പദവിയിൽ എത്തി. മറ്റ് ന്യൂനപക്ഷ സമുദായങ്ങളിൽ നിന്നുള്ളവർ മൊത്തം 37 പേർ മാത്രവും എന്നിങ്ങനെയാണ് പ്രാതിനിധ്യം ലഭിച്ചത്.

ലോക കോടതിയിലും ദൂരെ ദൂരെ...
ഇന്ന് 'വേൾഡ് കോർട്ട്' എന്നും അറിയപ്പെടുന്ന ഐസിജെയിൽ, കോടതി പ്രസിഡന്റ് ജോൺ ഇ ഡോണോഗ് ഉൾപ്പെടെ 15 ജഡ്ജിമാരിൽ നാലുപേർ മാത്രമാണ് സ്ത്രീകൾ. ഹേഗ് ആസ്ഥാനമായുള്ള ഈ കോടതിയുടെ ചരിത്രത്തിൽ ആകെ അഞ്ച് വനിതാ ജഡ്ജിമാരാണ് ഉണ്ടായിട്ടുള്ളത്. പുരുഷ ജഡ്ജിമാരുടെ എണ്ണം 106 ആണ്.
1995-ൽ ഐസിജെ അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത ഡാം റോസലിൻ ഹിഗ്ഗിൻസ് ആയിരുന്നു, 2006-ൽ അവർ കോടതിയുടെ ആദ്യ വനിതാ പ്രസിഡന്റുമായി.
മാറാൻ തുനിയുന്നത് തന്നെയും, ദാ ഇപ്പോൾ
"നീതിയിൽ സ്ത്രീകൾ, നീതിക്കുവേണ്ടി സ്ത്രീകൾ" എന്ന കാമ്പെയ്‌നിലൂടെയാണ് കഴിഞ്ഞ അന്താരാഷ്ട്ര വനിതാ ജഡ്ജിമാരുടെ ദിനം യു എൻ ആഘോഷിച്ചത്. മാർച്ച് 10 അന്താരാഷ്ട്ര വനിതാ ജഡ്ജിമാരുടെ ദിനമായി ഐക്യരാഷ്ട്രസഭയുടെ പൊതുസഭ പ്രഖ്യാപിച്ചത് കഴിഞ്ഞ വർഷമാണ്. ഈ അസംതുലിതത്വത്തിന് എതിരെ ഒരു ലോക ദിനം പ്രഖ്യാപിക്കാൻ പോലും ഇത്രയും കാലം കാത്തിരിക്കേണ്ടി വന്നു.
“ജുഡീഷ്യറിയുടെ എല്ലാ തലങ്ങളിലും സ്ത്രീകളുടെ സമ്പൂർണ്ണവും തുല്യവുമായ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനും, അവർ കൈവരിച്ച പുരോഗതി ആഘോഷിക്കുന്നതിനും, ഇനിയും മുന്നിലുള്ള വെല്ലുവിളികളെക്കുറിച്ച് അവബോധം വളർത്തുന്നതിനുമായി” എന്നായിരുന്നു യുഎൻ പ്രഖ്യാപനം. ലോകത്തിൽ മിക്ക രാജ്യങ്ങളിലും നീതിന്യായ വിധികർത്താക്കളിൽ വനിതാ പ്രാതിനിധ്യം പരിമിതമായി തുടരുകയാണ്.
പ്രാദേശിക, അന്താരാഷ്ട്ര കോടതികളിൽ വനിതാ ജഡ്ജിമാർക്ക് വ്യത്യസ്ത പ്രാതിനിധ്യ ശതമാനങ്ങളുണ്ട്, കഴിഞ്ഞ നൂറ്റാണ്ടിൽ തൊണ്ണൂറുകളുടെ മധ്യത്തിൽ മാത്രമാണ് പ്രാദേശിക, അന്താരാഷ്ട്ര കോടതികളിൽ സ്ത്രീകൾ അധ്യക്ഷരായി അംഗീകരിക്കപ്പെട്ട് തുടങ്ങുന്നത് തന്നെ.
തുല്യത ചെറു രാജ്യങ്ങളിൽ
ആഫ്രിക്കൻ കോർട്ട് ഓഫ് ഹ്യൂമൻ ആൻഡ് പീപ്പിൾസ് റൈറ്റ്സ് (ACHPR): 45% (11 ൽ 5) [8] , (ii) ഇന്റർനാഷണൽ കോർട്ട് ഓഫ് ജസ്റ്റിസ് (ICJ): 25% (16 ൽ 4) [9] , (iii) ഇന്റർനാഷണൽ ക്രിമിനൽ കോടതി (ICC): 44% (18 ൽ 8) [10] , (iv) ഇന്റർനാഷണൽ ട്രൈബ്യൂണൽ ഓഫ് ദി ലോ ഓഫ് ദി സീ (ITLOS): 23% (21 ൽ 5) എന്നിങ്ങനെയാണ് കണക്ക്. 145 രാജ്യങ്ങളിൽ പഠനം നടത്തിയതിൽ 17 രാജ്യങ്ങളിൽ സുപ്രീം കോടതികളിൽ സ്ത്രീകളില്ലായിരുന്നു. അതേസമയം സുരിനാം, മോണ്ടിനെഗ്രോ തുടങ്ങിയ രാജ്യങ്ങളിൽ ഏകദേശം 74% സ്ത്രീ പ്രാതിനിധ്യമുണ്ട്.
ദേശീയമായും അന്തർദേശീയമായും വ്യത്യസ്ത തലങ്ങളിലും സ്ഥാനങ്ങളിലും സ്ത്രീകളുടെ നിയമനത്തിലും ഉൾപ്പെടുത്തലിലും ഗണ്യമായ പുരോഗതി ഉണ്ടായിട്ടുണ്ട്. എന്നിരുന്നാലും, ദേശീയ, അന്തർദേശീയ നീതിന്യായ വ്യവസ്ഥയിൽ ലോകമാകെ വനിതാ ജഡ്ജിമാർ അന്നും ഇന്നും പരിമിത സാന്നിധ്യമായി തന്നെ തുടരുന്നു.









0 comments