സെയ്ഫ് അലി ഖാനെ കുത്തിയ ആളെ തിരിച്ചറിഞ്ഞു; ലക്ഷ്യം മോഷണമെന്ന് പൊലീസ്

PHOTO: Facebook
മുംബൈ : സെയ്ഫ് അലി ഖാനെ കുത്തിയ കേസിലെ പ്രതികളിലൊരാളെ തിരിച്ചറിഞ്ഞതായും പ്രതികളെ പിടികൂടാൻ പ്രത്യേക സംഘത്തിന് രൂപം നൽകിയതായും മുംബൈ പൊലീസ് അറിയിച്ചു. മോഷണം തന്നെയാണ് ലക്ഷ്യമെന്നും പൊലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ ഉപയോഗിച്ച് പ്രതിയെ തിരിച്ചറിഞ്ഞതായും കെട്ടിടത്തിനുള്ളിൽ പ്രവേശിക്കാനും പുറത്തുകടക്കാനും ഇയാൾ കോണിപ്പടി ഉപയോഗിച്ചുവെന്നും പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു. എത്രയും വേഗം പിടികൂടാനുള്ള എല്ലാ ശ്രമങ്ങളും നടത്തിവരികയാണ്. അറസ്റ്റ് ചെയ്തുകഴിഞ്ഞാൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താനാകുമെന്ന് എഎൻഐ റിപ്പോർട്ട് ചെയ്തു.
പുലർച്ചെ 2.30ഓടെ സെയ്‌ഫ് അലി ഖാന്റെ ബാന്ദ്ര വെസ്റ്റ് വീട്ടിലെത്തിയ അക്രമി അദ്ദേഹത്തെ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ നടനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തു. 3.30ഓടെ സെയ്‌ഫ് അലി ഖാനെ മുംബൈയിലെ ലീലാവതി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ആറ് മുറിവുകളാണ് സെയ്‌ഫ് അലി ഖാന്റ ദേഹത്തുണ്ടായതെന്ന് ആശുപത്രി സിഒഒ ഡോ. നിരജ് ഉത്തമനി പറഞ്ഞു. ‘ഇതിൽ രണ്ട് മുറിവുകൾ ആഴത്തിലുള്ളതാണ്. ഒരു മുറിവ് നട്ടെല്ലിനോട് ചേർന്ന് നിൽക്കുന്നതും. ന്യൂറോ സർജൻ നിതിൻ ഡാങ്കെ, കോസ്‌മെറ്റിക് സർജൻ ലീന ജെയിൻ, അനസ്‌തറ്റിസ്‌റ്റ് നിഷാ ഗാന്ധി എന്നിവരുടെ നേതൃത്വത്തിലാണ് ശസ്‌ത്രക്രിയ.’- ഡോ. നിരജ് ഉത്തമനി കൂട്ടിച്ചേർത്തു.
ശസ്‌ത്രക്രിയയ്‌ക്കിടെ ആക്രമണത്തിനുപയോഗിച്ചിരിക്കുന്ന കത്തിയുടെ ഒരു പൊട്ടിയ ഭാഗം നടന്റെ നട്ടെല്ലിന് സമീപത്ത് നിന്ന് കണ്ടെത്തിയതായും ഇത് പൊലീസിനെ ഏൽപ്പിച്ചതായും ഡോ. നിരജ് ഉത്തമനി പറഞ്ഞു. താരത്തെ ഐസിയുവിലേക്ക് മാറ്റിയതായും ഒരു ദിവസം അവിടെ നിരീക്ഷിക്കുമെന്നും അദ്ദേഹം അറിയിച്ചു.









0 comments