ഉള്ളൊഴുക്കും 
പൂക്കാലവും 
റിയൽ കേരള സ്റ്റോറി

വിദ്വേഷ സ്റ്റോറിക്ക് രാഷ്ട്രീയ ആദരം ; കേരള സ്റ്റോറിയുടെ സംവിധായകനും 
ഛായാ​ഗ്രഹകനും പുരസ്കാരം

The Kerala Story movie award and rss agenda
വെബ് ഡെസ്ക്

Published on Aug 02, 2025, 01:02 AM | 2 min read


ന്യൂഡൽഹി

കേരളത്തിനെതിരെ വിദ്വേഷം ചൊരിഞ്ഞ ‘ദി കേരളാസ്‌റ്റോറി’യെ ആദരിച്ച് സംഘപരിവാരത്തിന്റെ രാഷ്ട്രീയദൗത്യം നിറവേറ്റി എഴുപത്തിയൊന്നാം ദേശീയ ചലച്ചിത്ര പുരസ്‍കാര നിര്‍ണയ ജൂറി. സിനിമ ഒരുക്കിയ സുദീപ്‌തോ സെന്നിന്‌ മികച്ച സംവിധായകനുള്ള 2023ലെ ദേശീയ ചലച്ചിത്ര പുരസ്‍കാരം പ്രഖ്യാപിച്ചു. മികച്ച ഛായാ​ഗ്രഹണത്തിനുള്ള പുരസ്കാരം ഈ സിനിമയിലൂടെ പ്രശാന്തനു മൊഹാപാത്രയ്ക്ക് ലഭിച്ചു. വര്‍​ഗീയ ഉള്ളടക്കം പ്രചരിപ്പിച്ച ചിത്രത്തെ അം​ഗീകരിച്ച ജൂറി തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നു. ബോളിവുഡ് സംവിധായകന്‍ അശുതോഷ് ഗോവാരിക്കര്‍ അധ്യക്ഷനായ ജൂറിയുടെ തീരുമാനത്തെ ചോദ്യംചെയ്ത് പ്രമുഖ ചലച്ചിത്രപ്രവര്‍ത്തകരും രം​ഗത്തെത്തി.


ഉള്ളൊഴുക്കും 
പൂക്കാലവും 
റിയൽ കേരള സ്റ്റോറി

ദേശീയ പുരസ്കാര പ്രഖ്യാപനത്തില്‍ മലയാള സിനിമ മികച്ച പ്രകടനം കാഴ്ചവച്ചു. ‘പൂക്കാലം’ എന്ന സിനിമയിലെ നൂറുവയസ്സുള്ള ഇട്ടൂപ്പിനെ അവതരിപ്പിച്ച വിജയരാഘവൻ മികച്ച സഹനടനായി. ‘ഉള്ളൊഴുക്കിലെ’ അമ്മയുടെ ധർമസങ്കടങ്ങൾ പ്രേക്ഷകരുടെ വേദനയാക്കിയ ഉർവശി മികച്ച സഹനടിക്കുള്ള പുരസ്‌കാരം നേടി. ഉർവശിക്ക്‌ രണ്ടാം തവണയാണ്‌ മികച്ച സഹനടിക്കുള്ള അവാർഡ്‌ ലഭിക്കുന്നത്‌. ക്രിസ്‌റ്റോ ടോമി സംവിധാനം ചെയ്‌ത ‘ഉള്ളൊഴുക്ക്‌’ ആണ്‌ മികച്ച മലയാളചിത്രം. ‘പൂക്കാല’ത്തിലൂടെ മിഥുൻ മുരളി മികച്ച എഡിറ്ററായി. ‘2018’ എന്ന ചിത്രത്തിലൂടെ മോഹൻദാസ്‌ മികച്ച പ്രൊഡക്ഷൻ ഡിസൈനറുമായി.


നോൺഫീച്ചർ വിഭാഗത്തിൽ എം കെ രാംദാസ്‌ സംവിധാനം ചെയ്‌ത ‘നെക്കൽ: ക്രോണിക്കിൾ ഓഫ്‌ ദി പാഡി മാൻ’ പ്രത്യേകപരാമർശം നേടി. ഹിന്ദി ചിത്രം അനിമലിലൂടെ സച്ചിൻ സുധാകരനും ഹരിഹരൻ മുരളീധരനും സൗണ്ട് ഡിസൈൻ പുരസ്‌കാരം നേടി. ‘അനിമൽ’ സിനിമയുടെ റീറെക്കോഡിങ്ങിന്‌ എം ആർ രാജകൃഷ്‌ണനും പ്രത്യേക പരാമർശമുണ്ട്‌. ‘വശ്‌’ എന്ന ചിത്രത്തിലൂടെ ജാൻകി ബോധിവാല ഉർവശിക്കൊപ്പം മികച്ച സഹനടിക്കുള്ള പുരസ്കാരം പങ്കിട്ടു. ‘പാർക്കിങ്’ എന്ന് തമിഴ് സിനിമയിലൂടെ എം എസ്‌ ഭാസ്‌കര്‍ സഹനടനുള്ള പുരസ്കാരം വിജയരാഘവനൊപ്പം പങ്കിട്ടു.


ഷാരൂഖിന് പുരസ്കാരം

37 വര്‍ഷത്തെ സിനിമ കരിയറിൽ മികച്ച നടനുള്ള ആദ്യ ദേശീയ പുരസ്‍കാരം ജവാന്‍ എന്ന സിനിമയിലൂടെ ഷാരൂഖ് ഖാന് ലഭിച്ചു. ‘ട്വൽത്ത്‌ ഫെയിൽ’ ചിത്രത്തിലൂടെ വിക്രാന്ത്‌ മാസി ഷാരൂഖിനൊപ്പം അവാര്‍ഡ് പങ്കിട്ടു. ‘മിസിസ്‌ ചാറ്റർജി വേഴ്‌സസ്‌ നോർവേ’ എന്ന ചിത്രത്തിലൂടെ റാണി മുഖർജി മികച്ച നടിയായി.


മറ്റ്‌ പ്രധാന 
പുരസ്‌കാരങ്ങൾ

മികച്ച സിനിമ: ട്വൽത്ത്‌ ഫെയിൽ. സംഗീത സംവിധായകൻ: ജി വി പ്രകാശ്‌കുമാർ (വാത്തി). ജനപ്രിയ ചിത്രം: റോക്കി ഔർ റാണി കി പ്രേം കഹാനി. ദേശീയോദ്‌ഗ്രഥന ചിത്രം: സാം ബഹാദൂർ. മികച്ച തിരക്കഥ: രാംകുമാർ ബാലകൃഷ്‌ണൻ (പാർക്കിങ്) ,സായ്‌ രാജേഷ്‌ നീലം (ബേബി). മികച്ച ​ഗായകന്‍: പി വി എൻ എസ് രോഹിത്. ​ഗായിക: ശിൽപ്പ റാവു



deshabhimani section

Related News

View More
0 comments
Sort by

Home