കേരളത്തിന് നൽകുന്ന നികുതിവിഹിതം 1.925 ശതമാനം മാത്രമെന്ന് സ്ഥിരീകരിച്ച് കേന്ദ്രം

ന്യൂഡൽഹി: കേരളത്തിന് കേന്ദ്രത്തിൽനിന്ന് ജനസംഖ്യാനുപാതിക നികുതിവിഹിതം പോലും ലഭിക്കുന്നില്ലെന്ന് ധനമന്ത്രാലയം രാജ്യസഭയിൽ സ്ഥിരീകരിച്ചു. 15-ാം ധനകാര്യ കമീഷൻ ശുപാർശകൾ നടപ്പാക്കിയശേഷം കേരളത്തിന് കേന്ദ്രം നൽകിയ നികുതിവിഹിതം 1.925 ശതമാനം മാത്രം. സംസ്ഥാനത്തിന്റെ ജനസംഖ്യയാകട്ടെ 2011ൽ രാജ്യത്തിന്റെ ജനസംഖ്യയുടെ 2.75 ശതമാനമായിരുന്നു.
നികുതിവിഹിതം ലഭിക്കുന്നതിൽ പതിറ്റാണ്ടുകളായി കേരളം നീതിനിഷേധം നേരിടുകയാണ്. 1971ൽ കേരളത്തിന്റെ ജനസംഖ്യ പങ്ക് 3.89 ശതമാനമായിരിക്കെ ലഭിച്ചുവന്ന നികുതിവിഹിതം 3.87 ശതമാനമായിരുന്നു. 14-ാം ധനകാര്യ കമീഷൻ കാലയളവിൽ( 2015–2020) കേരളത്തിന് ലഭിച്ചത് 2.5 ശതമാനം നികുതിയാണ്.
ഈ വ്യത്യാസം വർധിച്ച് 2021–2022 മുതൽ 2024–25 വരെ കേരളത്തിന് നൽകിയത് 1.925 ശതമാനം മാത്രമാണെന്ന് രാജ്യസഭയിൽ ജോൺ ബ്രിട്ടാസിന് ധനമന്ത്രി നിർമല സീതാരാമൻ മറുപടി നൽകി. കേരളത്തിനുണ്ടായ നഷ്ടം തുകയുടെ കണക്കിൽ വെളിപ്പെടുത്താൻ മന്ത്രി തയ്യാറായില്ല.









0 comments