print edition അദ്വാനിയെ സ്‌തുതിച്ച് തരൂർ, നെഹ്‌റുവിനും ഇന്ദിരയ്‌ക്കും കുത്ത്

ന്യൂഡൽഹി: ബാബ്‌റി മസ്‌ജിദ് തകർത്ത് രാജ്യത്ത് ധ്രുവീകരണം രൂക്ഷമാക്കാൻ കാർമികത്വം വഹിച്ച ബിജെപി സ്ഥാപകനേതാവ് എൽ കെ അദ്വാനിയുടെ ജന്മദിനത്തിൽ ആശംസയുമായി ശശി തരൂർ എംപി രംഗത്തെത്തിയതോടെ വീണ്ടും വെട്ടിലായി കോൺഗ്രസ് നേതൃത്വം. പൊതുജനസേവനത്തോടുള്ള അദ്വാനിയുടെ അചഞ്ചലമായ പ്രതിബദ്ധത, എളിമ, മാന്യത, ആധുനിക ഇന്ത്യയുടെ പാത രൂപപ്പെടുത്തുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് എന്നിവ ഒരിക്കലുംമായില്ല. യഥാർഥ രാഷ്ട്രതന്ത്രജ്ഞനാണ് അദ്ദേഹമെന്നും അദ്വാനിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് തരൂർ കുറിച്ചു.
അദ്വാനി നടത്തിയ രഥയാത്ര സ്വതന്ത്ര ഇന്ത്യയുടെ ആത്മാവിന് ഏൽപ്പിച്ച മുറിവാണെന്ന് ചൂണ്ടിക്കാട്ടി മുതിർന്ന അഭിഭാഷകൻ സഞ്ജയ് ഹെഡ്‌ഗെ, തരൂരിനെ തിരുത്തി. രാജ്യത്ത് "വെറുപ്പിന്റെ വ്യാളി വിത്തുകൾ’ അഴിച്ചുവിടുന്നത് പൊതുസേവനമല്ല’– എന്നും ഖുശ്വന്ത് സിങ്ങിനെ ഉദ്ധരിച്ച് ഹെഗ്‌ഡെ പറഞ്ഞു. ഇതിനുള്ള മറുപടിയിൽ, അദ്വാനിയുടെ നീണ്ട സേവനകാലത്തെ ഒരു സംഭവത്തിലേക്ക് ചുരുക്കുന്നത് അന്യായമാണെന്ന് തരൂർ ന്യായീകരിച്ചു.
ചൈനയിൽ നിന്നേറ്റ തിരിച്ചടികൊണ്ട് നെഹ്‌റുവിനെയോ അടിയന്തരാവസ്ഥയുടെ പേരിൽ ഇന്ദിരാ ഗാന്ധിയേയോ വിലയിരുത്താനാകില്ലെന്നും അദ്വാനിയോട് അതേ മര്യാദ കാട്ടണമെന്നും തരൂർ കൂട്ടിച്ചേർത്തു. കുടുംബവാഴ്‌ച ജനാധിപത്യത്തിന് ഭീഷണിയാണെന്ന തരൂറിന്റെ ലേഖനം കോൺഗ്രസിനെതിരെ ബിഹാർ തെരഞ്ഞെടുപ്പിലടക്കം ബിജെപി ആയുധമാക്കവെയാണ് വീണ്ടും വിവാദ പരാമർശമുണ്ടായത്. ഇൗ വിഷയത്തിലും ശക്തമായ പ്രതികരണത്തിന് കോൺഗ്രസ് തയാറായിട്ടില്ല.









0 comments