പൊളിക്കാമെന്ന് മുഖ്യമന്ത്രിയും
ഔറംഗസേബിന്റെ ശവകുടീരം പൊളിക്കാൻ കർസേവ ഭീഷണി: സുരക്ഷ വർധിപ്പിച്ചു

മുംബൈ: ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സംരക്ഷണത്തിലുള്ള ചരിത്രസ്മാരകമായ ഔറംഗസേബിന്റെ ശവകുടീരം പൊളിക്കാൻ കർസേവ പ്രഖ്യാപിച്ച് വിശ്വഹിന്ദു പരിഷത് (വിഎച്ച്പി), ബജ്റംഗ്ദൾ സംഘടനകൾ രംഗത്ത്.
സ്മാരകം പൊളിച്ചു നീക്കാൻ സർക്കാർ തയാറായില്ലെങ്കിൽ കർസേവ നടത്തുമെന്നാണ് പ്രഖ്യാപനം. മുഗൾ ഭരണാധികാരി ഔറംഗസേബിന്റെ ശവകുടീരം പൊളിക്കണമെന്ന ബിജെപി–ശിവസേനാ (ഷിൻഡെ) നേതാക്കളുടെ ആവശ്യം ഏറ്റെടുത്താണ് തീവ്രസംഘടനകൾ രംഗത്ത് എത്തിയത്. ആവശ്യത്തെ പിന്തുണച്ച മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, നിയമപരമായ വഴികളിലൂടെ പൊളിക്കൽ നടപ്പാക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ സ്മാരകം പൊളിക്കാൻ ആവശ്യപ്പെട്ട് മുഴുവൻ ജില്ലാ കലക്ടറേറ്റുകൾക്കു മുൻപിലും പ്രതിഷേധ സംഗമം നടത്താൻ ഇരു സംഘടനകളും അണികളോട് ആഹ്വാനം ചെയ്തു.

ചരിത്രകുടീരം പൊളിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ആഴ്ച ബിജെപി മന്ത്രി നിതേഷ് റാണെ, മുൻ എംപി നവനീത് റാണ എന്നിവർ രംഗത്തെത്തിയിരുന്നു. ഭീഷണി തുടരുന്ന സാഹചര്യത്തിൽ ഒരു യൂണിറ്റ് എസ്ആർപിഎഫ്, രണ്ട് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ, 15 പൊലീസുകാർ എന്നിവരെ പ്രദേശത്ത് വിന്യസിച്ചു.
ഛത്രപതി സംഭാജി നഗറായി പ്രഖ്യാപിച്ച ഔറംഗബാദിലെ കുൽദാബാദിൽ സ്ഥിതി ചെയ്യുന്ന ഈ സ്മാരകം നിലവിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (എഎസ്ഐ) സംരക്ഷണത്തിലുള്ള ചരിത്ര വസ്തുവാണ്.









0 comments