ടെന്നീസ് താരത്തിന്റെ കൊലപാതകം: പിന്നിൽ മ്യൂസിക് വീഡിയോ? പിതാവ് റിമാൻഡിൽ

ദീപക് യാദവ്, രാധിക യാദവ്
ഗുരുഗ്രാം: ടെന്നീസ് താരമായ രാധിക യാദവിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ദീപക് യാദവിനെ റിമാൻഡിൽ. ഗുരുഗ്രാമിലെ കോടതി ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിടാനാണ് ഉത്തരവിട്ടത്. പ്രതിയെ രണ്ട് ദിവസത്തെ കസ്റ്റഡിയിൽ വേണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടിരുന്നത്. സ്റ്റേറ്റ് ലെവൽ ടെന്നിസ് താരമായ രാധിക യാദവിനെ (25)യാണ് പിതാവ് വെടിവച്ച് കൊലപ്പെടുത്തിയത്.
ഇൻസ്റ്റഗ്രാമിൽ റീൽസ് ഇടുന്നതിനെച്ചൊല്ലി രാധികയും പിതാവുമായി തർക്കമുണ്ടായിരുന്നെന്നും ഇതിന്റെ പേരിലുള്ള ദേഷ്യത്തിലാണ് കൊലയെന്നുമാണ് പ്രാഥമിക വിവരം. ഗുരുഗ്രാമിലെ സുശാന്ത് ലോക് ഫേസ് 2ലെ വീട്ടിൽ വച്ച് പകൽ 11.30നാണ് സംഭവം. രാധികയ്ക്ക് മൂന്ന് തവണ വെടിയേറ്റു. പിന്നാലെ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വിവിധ ചാമ്പ്യൻഷിപ്പുകളിൽ ഹരിയാനയെ പ്രതിനിധീകരിച്ച താരമാണ് രാധിക.
രാധികയുടെ മരണത്തിന് പിന്നാലെ അവർ അഭിനയിച്ച മ്യൂസിക് വീഡിയോയാണ് കൗലപാതകത്തിലേക്ക് നയിച്ചതെന്നും റിപ്പോര്‍ട്ടുകൾ പുറത്തുവരുന്നുണ്ട്. പൊതു ഇടങ്ങളിലെ രാധികയുടെ ഇത്തരം ഇടപെടലുകൾ പിതാവ് എതിർത്തിരുന്നു. രാധിക അഭിനയിച്ച "കർവാൻ" എന്ന മ്യൂസിക് വീഡിയോ ഒരു വർഷം മുമ്പാണ് പുറത്തിറങ്ങിയത്. സീഷാൻ അഹമ്മദ് നിർമ്മിച്ച ഈ വീഡിയോ എൽഎൽഎഫ് റെക്കോർഡ്സാണ് പുറത്തിറക്കിയത്. ഈ മ്യൂസിക് വീഡിയോയിൽ രാധിക ഇനാമിനൊപ്പം നിരവധി റൊമാന്റിക് രംഗങ്ങളിൽ അഭിനയിക്കുന്നുണ്ട്. ഇതിനെച്ചൊല്ലി രാധികയും ദീപക്കും തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു.
മകൾ ടെന്നീസ് അക്കാദമി നടത്തിയിരുന്നതും ദീപകിന് ഇഷ്ടമായിരുന്നില്ല എന്നാണ് റിപ്പോർട്ട്. രണ്ട് വർഷം മുമ്പ് പരിക്കിനെ തുടർന്ന് ടെന്നീസ് കരിയറിൽ നിന്ന് രാധിക പിൻമാറിയിരുന്നു. തുടർന്നാണ് സോഷ്യൽ മീഡിയയിൽ റീലുകൾ ചെയ്തു തുടങ്ങിയത്. എന്നാൽ ഇതിൽ ദീപക് അസ്വസ്ഥനായിരുന്നു. റീലുകൾ ഡിലീറ്റ് ചെയ്യാൻ മകളോട് ആവശ്യപ്പെടുകയും ചെയ്തു. രാധിക ടെന്നീസ് അക്കാദമി നടത്തുന്നതും സാമ്പത്തിക സ്വാതന്ത്ര്യം നേടുന്നതും പിതാവിന് ഇഷ്ടമായിരുന്നില്ല എന്നാണ് വിവരം.









0 comments