ആശ്വാസം; ഡൽഹിയിൽ ചൂട് കുറഞ്ഞു, നേരിയ മഴയ്ക്ക് സാധ്യത

photo credit: ani
ന്യൂഡൽഹി: കനത്ത ചൂടിൽ നിന്ന് ആശ്വാസം നൽകി ഡൽഹിയിൽ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത. അടുത്ത അഞ്ച് ദിവസത്തേക്ക് കേന്ദ്ര കാലാവസ്ഥാ വകുപ്പ്(ഐഎംഡി) യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്നത്തെ പരമാവധി താപനില 36 ഡിഗ്രി സെൽഷ്യസും കുറഞ്ഞത് 27 ഡിഗ്രി സെൽഷ്യസുമാകുമെന്നും ഐഎംഡി പറഞ്ഞു.
ജൂൺ 21 ന് താപനില 37 ഡിഗ്രി സെൽഷ്യസ് (പരമാവധി) മുതൽ 28 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും. ഈർപ്പം 80 ശതമാനത്തിനും 82 ശതമാനത്തിനും ഇടയിലായിരിക്കും. 20, 21 തീയതികളിൽ വൈകുന്നേരങ്ങളിലും രാത്രിയിലും മിന്നലോടും ശക്തമായ കാറ്റിനോടുമൊപ്പം നേരിയതോ മിതമായതോതിലോ മഴ പ്രതീക്ഷിക്കുന്നതായി ഐഎംഡി അറിയിച്ചു. കാറ്റിന്റെ വേഗത മണിക്കൂറിൽ 30-40 കിലോമീറ്റർ വരെയാകാം.
തുടർച്ചയായ മഴയെതുടർന്ന് ഗുരുഗ്രാം, നോയിഡ, കിഴക്കൻ ഡൽഹി എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. പലയിടത്തും ഗതാഗതം തടസപ്പെട്ടു.
ഇടിമിന്നലുള്ളപ്പോൾ വീടിനുള്ളിൽ കഴിയണമെന്നും വെള്ളം കെട്ടിക്കിടക്കുന്ന വഴികൾ ഒഴിവാക്കണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. ഡൽഹിയിലെ വായുവിന്റെ ഗുണനിലവാരത്തിലും ഗണ്യമായ പുരോഗതി ഉണ്ടായിട്ടുണ്ട്, എയർ ക്വാളിറ്റി ഇൻഡക്സ് അനുസരിച്ച് വ്യാഴാഴ്ചത്തെ വായുവിന്റെ ഗുണനിലവാരം 'തൃപ്തികരമാണ്'.
0 comments