ടെലികോം ഉപകരണങ്ങളുടെ ഇറക്കുമതിയിൽ നികുതിത്തട്ടിപ്പ്: സാംസങ്ങിന് 5,150 കോടി രൂപ പിഴ

samsung
വെബ് ഡെസ്ക്

Published on Mar 25, 2025, 09:12 PM | 1 min read

ന്യൂഡൽഹി : ടെലികോം ഉപകരണങ്ങളുടെ ഇറക്കുമതിയിൽ നികുതിവെട്ടിപ്പ് നടത്തിയെന്നു കാട്ടി സാംസങ്ങിന് ഭീമമായ പിഴയിട്ട് ഇന്ത്യ. 5,150 കോടി രൂപ (601 മില്യൺ ഡോളർ)യാണ് പിഴയായി ഒടുക്കേണ്ടത്. കഴിഞ്ഞ വർഷത്തെ കമ്പനിയുടെ അറ്റാദായത്തിന്റെ നല്ലൊരു ശതമാനമാണ് പിഴയായി ഒടുക്കാൻ വിപണി രം​ഗത്തെ ഭീമൻമാരോട് ആവശ്യപ്പെട്ടിരിക്കുന്നത്. താരിഫിൽ 10 മുതൽ 20 ശതമാനം വരെ കുറവുവരുത്താൻ ഇറക്കുമതിയിൽ കൃത്രിമം കാണിച്ചതിന് കമ്പനിക്ക് 2023ലും താക്കീത് നൽകിയിരുന്നു. മുകേഷ് അംബാനിയുടെ റിലയൻസ് ​ഗ്രൂപ്പിനായാണ് സാംസങ് ഉപകരണങ്ങൾ ഇറക്കുമതി ചെയ്തത്.


2021-ൽ സാംസങ്ങിന്റെ മുംബൈയിലും ഗുരുഗ്രാമിലുമുള്ള ഓഫീസുകളിൽ നികുതിവകുപ്പ് ‌പരിശോധന നടത്തി രേഖകളും ചില ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തതോടെയാണ് തട്ടിപ്പ് പുറത്തുവരുന്നത്. പിന്നീട് കമ്പനിയുടെ എക്സിക്യൂട്ടീവുകളെ ചോദ്യം ചെയ്തിരുന്നു.


4G ടെലികോം സിസ്റ്റങ്ങളുടെ പ്രധാനപ്പെട്ട ഭാഗങ്ങളിൽ ഒന്നായ റേഡിയോ-ഫ്രീക്വൻസി സർക്യൂട്ടായ "റിമോട്ട് റേഡിയോ ഹെഡ്" ഇറക്കുമതിയിലാണ് കൃത്രിമം നടന്നത്. 2018 മുതൽ 2021 വരെ, കൊറിയയിൽ നിന്നും വിയറ്റ്നാമിൽ നിന്നുമുള്ള 784 മില്യൺ ഡോളർ മൂല്യമുള്ള റിമോട്ട് റേഡിയോ ഹെഡ് യൂണിറ്റുകളാണ് ഇറക്കുമതി ചെയ്തത്. നികുതി ഒഴിവാക്കപ്പെട്ട വിഭാഗത്തിലുള്ളതാണെന്ന് കാണിച്ച് നികുതി നൽകാതെയാണ് ഇവ ഇറക്കുമതി ചെയ്തത്. എന്നാൽ ഇവ 10 ശതമാനം മുതൽ 20 ശതമാനം വരെ നികുതിക്ക് വിധേയമാണെന്ന് കസ്റ്റംസ് കണ്ടെത്തിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home