തെലങ്കാനയിലെ മരുന്ന് നിർമാണശാലയിലെ സ്ഫോടനം; ഒമ്പത് പേർക്കായി തിരച്ചിൽ തുടരുന്നു

photo credit: pti
ഹൈദരാബാദ്: തെലങ്കാനയിലെ സംഗറെഡ്ഡിയിലെ മരുന്ന് നിർമാണശാലയിൽ ഉണ്ടായ സ്‌ഫോടനത്തിൽ ഒമ്പത് പേരെ കാണാനില്ല. അപകടത്തിൽ 38 പേർ കൊല്ലപ്പെടുകയും 35 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കാണാതായവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് (എസ്പി) പരിതോഷ് പങ്കജ് പറഞ്ഞു. സിഗാച്ചി ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡിൽ തിങ്കളാഴ്‌ച രാവിലെയാണ് ദുരന്തമുണ്ടായത്. മരുന്ന് നിർമാണശാലയിലെ ഒരു റിയാക്ടർ പൊട്ടിത്തെറിച്ചതിനെത്തുടർന്ന് കെട്ടിടം മുഴുവൻ തീപിടിക്കുകയായിരുന്നു. അപകടസമയത്ത് 90പേര്‍ പ്ലാന്റിലുണ്ടായിരുന്നു. വൻസ്‌ഫോടനത്തിൽ കെട്ടിടം തകര്‍ന്ന് തൊഴിലാളികള്‍ ദൂരേക്ക് തെറിച്ചു. കനത്ത പുക നിറഞ്ഞതോടെ പരിസരത്തുള്ളവരെ അടിയന്തരമായി ഒഴിപ്പിച്ചു. ഫാര്‍മസ്യൂട്ടിക്കൽ, കെമിക്കൽ വ്യവസായങ്ങളുടെ പ്രധാനകേന്ദ്രമാണ് അപകടം നടന്ന പശ്മിലാരം.
സ്‌ഫോടനത്തെക്കുറിച്ച് അന്വേഷിക്കാൻസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ദ്ധ സമിതി വ്യാഴാഴ്ച സ്ഥലം സന്ദർശിക്കും. പ്രത്യേക നിർദ്ദേശങ്ങളും ശുപാർശകളും അടങ്ങിയ വിശദമായ റിപ്പോർട്ട് ഒരു മാസത്തിനുള്ളിൽ സർക്കാരിന് സമർപ്പിക്കണം. സിഎസ്ഐആർ-ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ ടെക്നോളജിയിലെ എമെറിറ്റസ് സയന്റിസ്റ്റ് ഡോ. ബി വെങ്കിടേശ്വര റാവുവാണ് സമിതിയെ നയിക്കുന്നത്. മരിച്ചവരുടെ ബന്ധുക്കൾക്ക് സിഗാച്ചി ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് ഒരു കോടി രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.









0 comments