തെലങ്കാനയിലെ മരുന്ന് നിർമാണശാലയിലെ സ്ഫോടനം; മരണസംഖ്യ 46 ആയി

ഹൈദരാബാദ്: തെലങ്കാനയിലെ സംഗറെഡ്ഡിയിലെ മരുന്ന് നിർമാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 46 ആയി. സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ വ്യാഴാഴ്ച മരിച്ചതായി ജില്ലാ പൊലീസ് സൂപ്രണ്ട് പരിതോഷ് പങ്കജ് പറഞ്ഞു. അപകടത്തിൽ പരിക്കേറ്റ എട്ട് പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണെന്നും എട്ട് പേരെ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കാണാതായവരെക്കുറിച്ചുള്ള തുടർനടപടികൾക്കായി ജില്ലാ ഭരണകൂടം സംസ്ഥാന സർക്കാരിന് റിപ്പോർട്ട് അയച്ചിട്ടുണ്ട്.
തെലങ്കാനയിലെ സംഗറെഡ്ഡി പശ്മിലാരം വ്യവസായ എസ്റ്റേറ്റിലെ സിഗാച്ചി ഇൻഡസ്ട്രീസിന്റെ ഫാർമ പ്ലാന്റിലാണ് ജൂൺ 30ന് സ്ഫോടനമുണ്ടായത്. പ്ലാന്റിലെ റിയാക്‌ടറിലാണ് പൊട്ടിത്തെറിയുണ്ടായത്. അപകടസമയത്ത് 90പേർ പ്ലാന്റിലുണ്ടായിരുന്നു. വൻസ്‌ഫോടനത്തിൽ കെട്ടിടം തകർന്ന് തൊഴിലാളികൾ ദൂരേക്ക് തെറിച്ചു. റിയാക്ടർ പൊട്ടിത്തെറിച്ചതിനെത്തുടർന്ന് കെട്ടിടം മുഴുവൻ തീപിടിച്ചു. റിയാക്ടറിലെ മർദ്ദം കൂടിയതാണ് സ്ഫോടനത്തിന് കാരണമെന്നാണ് സൂചന. ഫാർമസ്യൂട്ടിക്കൽ, കെമിക്കൽ വ്യവസായങ്ങളുടെ പ്രധാനകേന്ദ്രമാണ് അപകടം നടന്ന പശ്മിലാരം.









0 comments