കെപിസിസി സമൂഹമാധ്യമ പോസ്റ്റ് ; 'ബീഡി' ആയുധമാക്കി ബിജെപി , മഹാസഖ്യത്തിൽ അമർഷം

ന്യൂഡൽഹി
ബിഹാറിനെയും ബീഡിയെയും ബന്ധിപ്പിച്ചുള്ള കോൺഗ്രസ് കേരള ഘടകത്തിന്റെ സമൂഹമാധ്യമ പോസ്റ്റ് പ്രതിപക്ഷ മഹാസഖ്യത്തിന്റെ തെരഞ്ഞെടുപ്പ് സാധ്യതകളെ ബാധിക്കും വിധം വിവാദമായി. മഹാസഖ്യത്തിനെതിരെ വീണുകിട്ടിയ രാഷ്ട്രീയായുധമായി കെപിസിസിയുടെ പോസ്‌റ്റിനെ ബിഹാറിലെ എൻഡിഎ വലിയ ചർച്ചയാക്കി. പോസ്റ്റിനെ മഹാസഖ്യത്തെ നയിക്കുന്ന ആർജെഡി നേതാവ് തേജസ്വി യാദവ് തള്ളിപറഞ്ഞു.
തെരഞ്ഞെടുപ്പിലേക്ക് അടുത്ത ഘട്ടത്തിൽ കോൺഗ്രസ് അനാവശ്യവിവാദം സൃഷ്ടിച്ചതിൽ ആർജെഡി അടക്കമുള്ള മറ്റ് ഘടകകക്ഷികൾ കടുത്ത അമർഷത്തിലാണ്. ആർജെഡി ഇക്കാര്യം എഐസിസി നേതൃത്വത്തെ അറിയിച്ചു. കോൺഗ്രസ് ഹൈക്കമാൻഡും അമർഷത്തിലാണ്. ബിഹാറിൽ കോൺഗ്രസിന്റെ സീറ്റ് വിലപേശലിനും വിവാദ പോസ്റ്റ് തിരിച്ചടിയാകും.
16 ദിവസം നീണ്ട വോട്ടർ അധികാർ യാത്രയിലൂടെ ആർജെഡി നയിക്കുന്ന മഹാസഖ്യം ബിഹാറിൽ കളംപിടിച്ചു വന്ന ഘട്ടത്തിലാണ് കെപിസിസിയുടെ അനാവശ്യമായ സമൂഹമാധ്യമ പോസ്റ്റ് തിരിച്ചടിയായി മാറിയത്. ബീഡിയുടെ ജിഎസ്‌ടി 28 ൽ നിന്ന് 18 ശതമാനമാക്കി കുറച്ചതിനെ ബിഹാറിന് വേണ്ടിയുള്ള രാഷ്ട്രീയനീക്കമായി പരിഹസിച്ചായിരുന്നു കെപിസിസി ഡിജിറ്റൽ വിഭാഗം പോസ്റ്റ് തയ്യാറാക്കിയത്. ‘ബീഹാറും ബീഡിയും തുടങ്ങുന്നത് ബി വെച്ചാണ്. അതുകൊണ്ട് രണ്ടിനെയും ഇനി പാപമായി പരിഗണിക്കാനാവില്ല’ എന്നായിരുന്നു വിവാദ പോസ്റ്റ്. ബീഡിയുടെ ജിഎസ്‌ടി 28ൽ നിന്ന് 18 ശതമാനമായി കുറച്ച വിവരവും ചേർത്തു. ഇത് ഉടൻതന്നെ എൻഡിഎ ബിഹാറിലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും വൈറലാക്കി.
ബിഹാറിനെയും ഒപ്പം ബീഡി മേഖലയെ ആശ്രയിച്ചുകഴിയുന്ന ആയിരക്കണക്കിന് സാധാരണക്കാരെയും കോൺഗ്രസ് അപമാനിച്ചെന്ന് ബിജെപി നേതാക്കൾ ആരോപിച്ചു.









0 comments