ഗുജറാത്തിൽ 741 വൃക്കരോഗികളുടെ ദുരൂഹ മരണം: അന്വേഷിക്കാതെ സർക്കാർ

guajrat.
avatar
അഖില ബാലകൃഷ്ണൻ

Published on Jul 11, 2025, 12:47 AM | 1 min read

ന്യൂഡൽഹി : ഗുജറാത്തിൽ സർക്കാർ ഉടമസ്ഥതയിലുള്ള ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ കിഡ്‌നി സ്റ്റഡീസ്‌ ആൻഡ്‌ റിസർച്ച്‌ സെന്ററിൽ അനധികൃത പരീക്ഷണത്തെ തുടർന്ന്‌ 741 വൃക്കരോഗികൾ മരിച്ചതായ റിപ്പോർട്ടിൽ അന്വേഷണം അനിശ്ചിതത്വത്തിൽ. 1999 മുതൽ 2017 വരെ സ്റ്റെം സെൽ തെറാപ്പി നടത്തിയ 2,352 രോഗികളിൽ 741 പേർ മരിച്ചത്‌ ദുരൂഹമാണെന്ന്‌ കംപ്‌ട്രോളർ ആൻഡ്‌ ഓഡിറ്റർ ജനറൽ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. സർക്കാർ ആരോഗ്യരംഗത്തെക്കുറിച്ച്‌ ഗുരുതര ആരോപണങ്ങൾ പുറത്തുവന്നിട്ടും സംസ്ഥാന സർക്കാർ അന്വേഷണംപോലും പ്രഖ്യാപിച്ചില്ല.

തുടർന്ന്‌, കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‌ കീഴിലുള്ള നാഷണൽ ഓർഗൻ ആൻഡ്‌ ടിഷ്യു ട്രാൻസ്‌പ്ലാന്റേഷൻ ഗുജറാത്തിലെ മെഡിക്കൽ വിദ്യാഭ്യാസ അഡീഷണൽ ഡയറക്ടറോട്‌ 15 ദിവസത്തിനകം റിപ്പോർട്ട്‌ സമർപ്പിക്കാൻ ആവശ്യപ്പെട്ടു. ഇതേ കാലയളവിൽ വിദേശത്തുനിന്നുള്ള രോഗികളിൽ നടത്തിയ വൃക്ക മാറ്റിവയ്ക്കലുകളും അന്വേഷിക്കണം. 1994ലെ അവയവ മാറ്റിവയ്ക്കൽ നിയമപ്രകാരം വെയിറ്റിങ്‌ ലിസ്റ്റിൽ ഇന്ത്യക്കാരുണ്ടെങ്കിൽ വിദേശികൾക്ക്‌ മുമ്പ്‌ പരിഗണിക്കണം. ഇത്‌ അട്ടിമറിച്ചോയെന്ന്‌ അന്വേഷിക്കാനാണ്‌ നിർദേശം. വൃക്കരോഗത്തിനുള്ള സ്റ്റെം സെൽ തെറാപ്പി പരീക്ഷിച്ച 91 ശതമാനം രോഗികളിലും പരാജയമായിരുന്നെന്നും 569 പേരിൽ വൃക്ക മാറ്റിവയ്ക്കൽ ഫലപ്രദമായില്ലെന്നും സിഎജി അന്വേഷണത്തിൽ കണ്ടെത്തി. 110 രോഗികളിൽ സങ്കീർണതകൾ കാരണം വൃക്ക മാറ്റിവയ്ക്കാനായില്ലെന്നും പറയുന്നു.

നിലവിൽ അന്വേഷണത്തിന്റെ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. 2017ൽ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ കിഡ്‌നി സ്റ്റഡീസ്‌ ആൻഡ്‌ റിസർച്ച്‌ സെന്ററിൽ സ്റ്റെം സെൽ തെറാപ്പി പരീക്ഷണം നിർത്തിയിരുന്നു. അന്ന്‌, മരണങ്ങൾ മൂടിവയ്ക്കാൻ ഗുജറാത്ത്‌ സർക്കാർ ശ്രമിച്ചതായി ആരോപണമുണ്ട്‌. അഹമ്മദാബാദ് കോർപറേഷന്‌ കീഴിലെ വി എസ്‌ ആശുപത്രിയിൽ അനധികൃത മരുന്നുപരീക്ഷണം പുറത്തുവന്നതിന്‌ പിന്നാലെയാണ്‌ വൃക്കരോഗികളുടെ മരണത്തെപ്പറ്റിയുള്ള ഞെട്ടിക്കുന്ന റിപ്പോർട്ട്‌. കഴിഞ്ഞവർഷം, ഗുജറാത്തിൽ ആയുഷ്മാൻ ഭാരത് പ്രധാൻമന്ത്രി ജൻ ആരോഗ്യ യോജനപ്രകാരം അനാവശ്യ ആൻജിയോപ്ലാസ്റ്റി നടത്തിയതിനെ തുടർന്ന്‌ രണ്ട്‌ രോഗികൾ മരിച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home