രാമദാസിനെ സസ്പെൻഡ് ചെയ്ത നടപടി റദ്ദാക്കിയ സുപ്രീംകോടതി വിധി വിദ്യാർഥി അവകാശങ്ങളുടെ വിജയം: എസ്എഫ്ഐ

ന്യൂഡൽഹി : കേന്ദ്ര സർക്കാരിനെ വിമർശിച്ചതിന് മുംബൈ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിൽ (ടിസ്സ്) നിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട മലയാളി ദളിത് ഗവേഷകൻ രാമദാസ് പ്രിനി ശിവാനന്ദനെ തിരിച്ചെടുക്കണമെന്ന സുപ്രീം കോടതി വിധി ഇന്ത്യയിലെ വിദ്യാർഥി അവകാശങ്ങളുടെ വിജയമാണെന്ന് എസ്എഫ്ഐ. ഒരു വർഷം നീണ്ട നിയമപോരാട്ടത്തിനുശേഷമാണ് രാമദാസിന്റെ രണ്ട് വർഷത്തെ സസ്‌പെൻഷൻ റദ്ദാക്കിയ വിധി വന്നത്. എസ്‌എഫ്‌ഐ സെൻട്രൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായ രാമദാസിനെ ബിജെപി സർക്കാരിനു കീഴിലുള്ള ടിഐഎസ്എസ് ഭരണകൂടം ഏകപക്ഷീയമായി സസ്‌പെൻഡ് ചെയ്യുകയായിരുന്നു.
2024 ഏപ്രിലിൽ ബിജെപി സർക്കാരിന്റെ വിദ്യാർഥി വിരുദ്ധ വിദ്യാഭ്യാസ നയത്തിനെതിരെ 15 വിദ്യാർത്ഥി സംഘടനകളുടെ കൂട്ടായ്മയായ യുണൈറ്റഡ് സ്റ്റുഡന്റ്സ് ഓഫ് ഇന്ത്യ സംഘടിപ്പിച്ച പാർലമെന്റ് മാർച്ചിൽ പങ്കെടുത്തതിനാണ് രാമദാസിനെ സസ്‌പെൻഡ് ചെയ്തത്. മൂന്ന് സംസ്ഥാനങ്ങളിലുടനീളമുള്ള ടിഐഎസ്എസ് കാമ്പസുകളിൽ പ്രവേശിക്കുന്നതിൽ നിന്ന് വിലക്കുകയും ചെയ്തു. ദേശീയ അവാർഡ് നേടിയ 'രാം കെ നാം' എന്ന ഡോക്യുമെന്ററി കാണാൻ ആളുകളോട് ആഹ്വാനം ചെയ്ത രാമദാസിന്റെ സോഷ്യൽ മീഡിയ പോസ്റ്റും 'ദേശവിരുദ്ധ' പ്രവർത്തനമായി ടിഐഎസ്എസ് ഭരണകൂടം കണക്കാക്കി. തുടർന്നാണ് സസ്‌പെൻഡ് ചെയ്തത്.
ബോംബെ ഹൈക്കോടതി സസ്‌പെൻഷൻ ശരിവച്ചതിനെത്തുടർന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്. രാമദാസിനെ സ്ഥാപനത്തിൽ വിദ്യാർത്ഥിയായി തിരിച്ചെടുക്കാൻ സുപ്രീം കോടതി ടിഐഎസ്എസ് അധികൃതരോട് നിർദ്ദേശിച്ചു. ഇന്ത്യയിലെ വിദ്യാർഥികളുടെ അവകാശങ്ങൾക്കും ക്യാമ്പസ് ജനാധിപത്യത്തിനും എസ്‌എഫ്‌ഐ നേതൃത്വം നൽകിയ രാജ്യവ്യാപകമായ ചെറുത്തുനിൽപ്പിനും ലഭിച്ച വലിയ വിജയമാണ് ഈ വിധി. ടിസ്, എയുഡി, ജാമിയ മില്ലിയ ഇസ്ലാമിയ, ജാദവ്പൂർ സർവകലാശാല തുടങ്ങിയ സർവകലാശാലകളിൽ സസ്‌പെൻഷനുകളിലൂടെയും മറ്റ് അച്ചടക്ക നടപടികളിലൂടെയും വിയോജിപ്പുള്ള ശബ്ദങ്ങളെ നിശബ്ദമാക്കാനും വിദ്യാർഥികളിൽ ഭയമുണ്ടാക്കാനും സംഘപരിവാർ ശക്തികൾ ശ്രമിക്കുന്നുണ്ട്.
എല്ലാവർക്കും വിദ്യാഭ്യാസം വേണം എന്ന ആവശ്യം ദേശവിരുദ്ധമല്ലെന്നും ദേശസ്നേഹപരമായ പ്രവൃത്തിയാണെന്നും എസ്‌എഫ്‌ഐ പറയുന്നു. വിദ്യാർഥികളുടെ അവകാശങ്ങൾക്കു നേരെയുള്ള ആക്രമണത്തിനെതിരെ പോരാടുകയും ഇന്ത്യയിലെ സർവകലാശാലകളിലുടനീളമുള്ള പോരാട്ടങ്ങൾക്ക് കൂടുതൽ പ്രചോദനവും ഊർജ്ജവും നൽകുന്ന വിജയം നേടുകയും ചെയ്ത രാമദാസിന് ആശംസകൾ നേരുന്നതായും എസ്എഫ്ഐ കേന്ദ്രകമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.









0 comments